Thursday, 24 August 2017

ഇത് ഒരു അന്ധയായ പെൺകുട്ടിയുടെ അസാധാരണമായ ജീവിത വിജയത്തിന്റെ കഥ


എല്ലാ സൗകര്യവും ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല, മരിക്കാന്‍ തോന്നുന്നു എന്നൊക്കെ ചിന്തിക്കുന്നവര്‍ ഇത് വായിക്കുക. രേഷ്മയെ അറിയാന്‍ ശ്രമിക്കുക.
ഇ പേജില്‍ പോസ്റ്റ്‌ ചെയ്യാന്‍ ഹരി എന്ന വ്യക്തി പറഞ്ഞത് അനുസരിച്ച് രേഷ്മയുടെ കഥ വായിച്ച് മനസ്സിലാക്കി. എല്ലാവര്‍ക്കും പ്രചോദനമാവുന്ന കാര്യംകൊണ്ട് രേഷ്മയുടെ കഴിവ് എല്ലാവരുടെ മുന്‍പില്‍ എത്തിക്കാം എന്ന് തീരുമാനിച്ചു.
വിഷയത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഗൂഗിള്‍ ചെയ്ത് നോക്കിയപ്പോള്‍ അറിയാന്‍ സാധിച്ചത് രേഷ്മയ്ക്ക് റാങ്ക് ലഭിച്ചത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണെന്ന് മനസിലാക്കാന്‍ സാധിച്ചു. ഹരിയോട് പറയുകയും ചെയ്തു ഇ കാര്യം പണ്ടേ സോഷ്യല്‍ മീഡിയചര്‍ച്ച ചെയ്തത് ആണെന്ന്.
ഹരി അതിന് പറഞ്ഞ മറുപടി എല്ലാവര്‍ക്കും പ്രചോദനം ആവുമെന്ന് വിചാരിച്ച് മെസേജ് അയച്ചത് ആണെന്ന്. ശെരിയാണ്, ഇത് അറിയാത്ത പലരും ഇന്നുണ്ട് നമ്മുടെ ഇടയില്‍ അല്ലെങ്കില്‍ രേഷ്മയെ മറന്ന് പോയവര്‍. അവര്‍ക്ക് വേണ്ടി മാത്രം രേഷ്മയെ കുറിച്ച് പറയുന്നു.
രമേശന്‍ – ബിന്ദു ദമ്പതികളുടെ ആദ്യമകളായി രേഷ്മ ജനിക്കുമ്പോള്‍ അവള്‍ക്ക് കാഴ്ചയുണ്ടായിരുന്നു. പിന്നീടാണ് ആ വീടിന്റെ ആഹ്ലാദത്തിലേയ്ക്ക് ഇരുള്‍ പരത്തി രേഷ്മയുടെ കൃഷ്ണമണി വെളുത്തു തുടങ്ങിയത്. ഇരുട്ട് അവളുടെ കാഴ്ചയിലേയ്ക്ക് പിച്ചവെച്ചു കയറി. കാഴ്ചയുടെ ചെറുതരികള്‍ പോലും കാണാനാവാത്ത പൂര്‍ണ്ണാന്ധകാരം.
എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യദിനമെത്തി. ചോദ്യ പേപ്പര്‍ വായിച്ചു കേട്ടപ്പോള്‍, കണ്ണുള്ളവരാരും കാണുന്നതിനു മുന്‍പേ രേഷ്മ ഒരു തെറ്റ് കണ്ടു പിടിച്ചു. മലയാളം ആദ്യ പേപ്പറിലെ ഒന്നാമത്തെ ചോദ്യം തെറ്റ്. അഭിപ്രായത്തിന്റെ അതിര് എന്നതിനു പകരം അഭിനയത്തിന്റെ അതിര് എന്നാണ് അച്ചടിച്ചിരിക്കുന്നത്. അന്ധയെന്ന നിലയില്‍ 20 മിനിറ്റ് കൂടുതലെടുക്കാം. പക്ഷെ, ഒന്നേ മുക്കാല്‍ മണിക്കൂറിന് രേഷ്മ ആദ്യ പരീക്ഷയെഴുതി. ബാക്കിയുള്ള പരീക്ഷകളും ഈസി. 90 ശതമാനം മാര്‍ക്ക് ഉറപ്പിച്ച് രേഷ്മ മെയ് 25ന്റെ പുലരിക്കായി കാത്തിരുന്നു. അന്നാണ് റിസല്‍റ്റ് പ്രഖ്യാപനം.
വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പത്ര സമ്മേളനം തുടങ്ങിയപ്പോള്‍ അമ്മ ബിന്ദു സ്ക്കൂളിലേയ്ക്ക് പോയി. രേഷ്മയുടെ റിസല്‍റ്ററിയാന്‍. 90 ശതമാനം മോഹിച്ചിരുന്നിടത്ത്, രേഷ്മയ്ക്ക് ലഭിച്ചത് തോല്‍വിയുടെ ഇ ഗ്രേഡുകള്‍. അന്ധവിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസിന്റെ മൂല്യ നിര്‍ണ്ണയത്തില്‍ പാകപ്പിഴയെന്ന പരാതികള്‍ നാടിന്റെ നാനാഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് ഫാക്സ് സന്ദേശങ്ങളായി പാഞ്ഞു. ജനപ്രതിനിധികളും പത്രക്കാരും സ്ക്കൂള്‍ അധികൃതരുമെല്ലാം രേഷ്മയുടെ വിജയത്തിനായി ഒന്നിച്ചു. വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. പുനര്‍ മൂല്യനിര്‍ണ്ണയത്തില്‍ 80 ശതമാനം മാര്‍ക്ക് രേഷ്മ നേടി ചരിത്രം സൃഷ്ടിച്ചു. അക്കൊല്ലം എസ്എസ്എല്‍സി എഴുതിയ 5.36 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഒന്നാമത്തെ വിജയം രേഷ്മയുടേത് തന്നെയായിരുന്നു.
പ്ലസ്ടുവിനും ബ്രെയ്ലിയില്‍ തന്നെ പരീക്ഷ എഴുതാന്‍ അപേക്ഷിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പ് അനുകൂലമായി പ്രതികരിച്ചില്ല. സഹായിക്ക് ഉത്തരം പറഞ്ഞ് കൊടുത്ത് എഴുതിക്കുന്ന രീതിയില്‍ പ്ലസ്ടു എഴുതി 86 ശതമാനം മാര്‍ക്ക് ഹ്യുമാനിറ്റീസില്‍ നേടി.
പിന്നീട് എറണാകുളം മഹാരാജാസ് കോളേജിലേയ്ക്ക്. ക്യാപസ് ജീവിതത്തിന്റെ സുവര്‍ണ്ണകാലം. ചരിത്രം പലത് തിരുത്തിയ ഈ പെണ്‍കുട്ടി പഠിച്ചത് ചരിത്രമായിരുന്നു. മഹാരാജാസ് ഹോസ്റ്റലിലെ ജീവിതത്തിനിടയ്ക്ക് സ്വപ്നങ്ങള്‍ കൂടുതലായി അവള്‍ മനസില്‍ കുത്തിക്കുറിച്ചു. നാലാം റാങ്കോടെ ജയിച്ച് കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടത്തെ ക്യാംപസിലേയ്ക്ക്. എ എംഎ ഹിസ്റ്ററിയ്ക്ക് കേരള സര്‍വ്വകലാശാലയില്‍ ഇത്തവണ ഒന്നാം റാങ്ക് രേഷ്മയ്ക്ക്. ഒരു അന്ധവിദ്യാര്‍ത്ഥി സര്‍വ്വകലാശാലയില്‍ ജനറല്‍ റാങ്ക് നേടുന്ന അപൂര്‍വ്വ സംഭവം.
ജീവിതത്തില്‍ നിസ്സാര കാര്യങ്ങള്‍ക്ക് നിരാശപ്പെടുന്നവര്‍ കേരള സര്‍വ്വകലാശാലയില്‍ ഒന്നാം റാങ്ക് നേടിയ രേഷ്മയെന്ന മിടുക്കി പറയുന്നത് കേള്‍ക്കുക. രണ്ട് കണ്ണുകള്‍ക്കു പകരം ദൈവം എനിക്ക് പത്ത് വിരലുകള്‍ തന്നില്ലേ, പിന്നെയെന്തേ എനിക്ക് ജയിച്ചാല്‍.
ദൈവത്തെ വിശ്വസിക്കുന്ന പലരും സ്വന്തം കഴിവില്‍ കൂടി വിശ്വസിക്കണം. നമ്മള്‍ ജയിക്കണമെങ്കില്‍ നമ്മള്‍ പരിശ്രമിച്ചേ മതിയാവൂ എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ രേഷ്മയുടെ അനുഭവം ഓര്‍മ്മയില്‍ കൊണ്ട് വരാന്‍ വിഷമമുള്ള ഏവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കടപ്പാട് : Human Being - മനുഷ്യൻ

No comments:

Post a Comment