Friday, 25 August 2017

ജാക്ക് മാ, പരാജയങ്ങളെ പൊരുതി തോല്‍പ്പിച്ച കുഞ്ഞു മനുഷ്യന്‍


എല്ലാ മഹത്തായ വിജയങ്ങള്‍ക്ക് പിറകിലും ഒരുപാട് കണ്ണീരിന്റെയും കഷ്ടപ്പാടുകളുടെയും അതിജീവനങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടില്ലേ?, ജാക്ക് മായുടെ കഥയും വ്യത്യസ്തമല്ല.  ആരാണ് "ജാക്ക് മാ"? ചൈനയിലെ ഏറ്റവും വലിയ ധനികന്‍!. പ്രശസ്തമായ ആലിബാബ ഗ്രൂപ്പിന്റെ എക്സിക്ക്യുട്ടീവ് ചെയര്‍മാന്‍. അനേകം സംരംഭങ്ങളുടെ തലവന്‍. ദാരിദ്ര്യം, തിരിച്ചടികള്‍, പരാജയങ്ങള്‍, അവഗണനകള്‍!. ലോകത്തെ അതിസമ്പന്നന്മാരുടെ പട്ടികയിലേക്ക് നടന്നുകയറിയ ജാക്ക് മായുടെ ജീവിതകഥ അത്ര മധുരം നിറഞ്ഞതല്ല. എല്ലാ പ്രതിസന്ധികളിലും സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടുവാന്‍ മാ ശീലിച്ചു!. മായുടെ അതിശയിപ്പിക്കുന്ന ജീവിതകഥ!.
1964ല്‍ ചൈനയിലെ ഹാന്‍ഷൂ പ്രവശ്യയില്‍ ആയിരുന്നു "മാ യുന്‍" ജനിച്ചത്. ചൈനയില്‍ വലിയ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങള്‍ സംഭവിക്കുന്ന കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിന്റെ കുടുംബം നാഷണലിസ്റ്റ് പാര്‍ട്ടിയുടെ അനുഭാവികള്‍ ആയിരുന്നതിനാല്‍ കമ്യുണിസ്റ്റ് ഭരണത്തിന്‍കീഴില്‍ കൊടിയപീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പാട്ട് പാടിയും സംഗീത ഉപകരണങ്ങള്‍ വായിച്ചുമായിരുന്നു ജീവിതം നയിച്ചിരുന്നത്. ദരിദ്രമായ ഈ ജീവിതപശ്ചാത്തലത്തില്‍ പഠനം മുന്നോട്ട് നയിക്കുവാന്‍ കൊച്ചു മാ വളരെ കഷ്ടപ്പെട്ടു. പ്രൈമറി സ്കൂളില്‍ അദ്ദേഹം രണ്ടുപ്രാവിശ്യം തോറ്റൂ, മിഡില്‍ സ്കൂളില്‍ (അപ്പര്‍ പ്രൈമറി) മൂന്ന് പ്രാവിശ്യവും!. സ്കൂള്‍ ജീവിതം കഴിഞ്ഞ് പുറത്തിറങ്ങിയ മാ കോളേജില്‍ അഡ്മിഷന്‍ നേടുവാന്‍ വളരെയേറെ കഷ്ടപ്പെട്ടു!. രണ്ടു പ്രാവിശ്യം എന്ട്രന്‍സ് പരീക്ഷയില്‍ തോറ്റ മാ യുന്‍, കോളേജില്‍ അഡ്മിഷന്‍ നേടുവാന്‍ നാല് വര്‍ഷത്തോളമെടുത്തു. ഇതിനിടയില്‍ ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാല ആയ അമേരിക്കയിലെ ഹാവാര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ പത്ത് പ്രാവിശ്യത്തോളം അഡ്മിഷനുവേണ്ടി അപേക്ഷിച്ചു. പത്തു പ്രാവിശ്യവും അപേക്ഷ നിരസിക്കപ്പെട്ടു!. അദ്ദേഹം അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, "ഞാന്‍ ഹാര്‍വാര്‍ഡ്‌ യൂണിവേഴ്സിറ്റില്‍ പത്തു പ്രാവിശ്യം അപേക്ഷിച്ചു, പത്തു പ്രാവിശ്യവും നിരസിക്കപ്പെട്ടു!. അപ്പോഴെല്ലാം ഞാന്‍ എന്നോട് തന്നെയായി പറഞ്ഞു, ഒരിക്കല്‍ ഞാനവിടെ പഠിപ്പിക്കുവാന്‍ ചെല്ലും!" പ്രവശ്യയിലെ സര്‍വകലാശാല ആയിരുന്ന ഹാന്‍ഷൂ നോര്‍മല്‍ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം ഇംഗ്ലീഷില്‍ ബിരുദത്തിനു ചേര്‍ന്നു. ആ കാലത്താണ് ജീവിത സഖിയായ "കാത്തി ഴാന്‍ യിന്നിനെ" കണ്ടു മുട്ടുന്നത്. കോളേജ് ജീവിതത്തിനു ശേഷം ഒരു ജോലിക്ക് വേണ്ടി മാ ഒരുപാട് ബുദ്ധിമുട്ടി, ഏതാണ്ട് മുപ്പതു ജോലികള്‍ക്ക് അദ്ദേഹം അപേക്ഷിച്ചു, മുപ്പതു സ്ഥലത്തും അദ്ദേഹത്തിനു ജോലി നിരസിക്കപ്പെട്ടു!.

"കെഎഫ്സി ആദ്യമായി ചൈനയില്‍ ബിസിനസ് ആരംഭിച്ചപ്പോള്‍ 24 ആളുകള്‍ അവിടെ ജോലിക്ക് അപേക്ഷിച്ചു, ഇരുപത്തിമൂന്നു പേര്‍ക്കും ജോലി ലഭിച്ചു, ഞാന്‍ മാത്രമാണ് പുറത്താക്കപ്പെട്ടത്. ഞങ്ങള്‍ അഞ്ചുപേര്‍ പോലീസ് സേനയിലേക്ക് അപേക്ഷിച്ചു നാല് പേരെ സെലക്റ്റ് ചെയ്തു, അവര്‍ എന്നോട് പറഞ്ഞു 'നീ ശെരിയാകില്ല!' എന്ന്!" തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം അദ്ദേഹം ഏകദേശം അറുനൂറു ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയില്‍ ഹാന്‍ഷൂ പ്രവശ്യയിലെ ഒരു കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായി ജോലിനോക്കി. തന്റെ ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന, ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്ന മാ ഇംഗ്ലീഷ് ഭാഷ സായത്വമാക്കുന്നതിലൂടെ അന്തര്‍ദേശീയ ആശയവിനിമയത്തിന് സാധിക്കുമെന്ന് കണക്കുകൂട്ടി. ഇംഗ്ലീഷ് പഠിക്കുവാന്‍ അദ്ദേഹം കഴിയുന്ന ദിവസങ്ങളിലെല്ലാം നൂറു മൈല്‍ ദൂരെയുള്ള ഹാന്‍ഷൂ ഹോട്ടലില്‍ എത്തും. അവിടെയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന വിദേശികളുമായി ഇടപെഴകി അദ്ദേഹം അവര്‍ക്ക് സൌജന്യമായി ടൂര്‍ ഗൈഡന്‍സ് നല്‍കിയിരുന്നു. ഒരിക്കല്‍ ഒരു വിദേശി അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുവാന്‍ പ്രയാസമായിരുന്നതിനാല്‍ "ജാക്ക് മാ" എന്ന് വിളിച്ചു. "മാ യുന്‍" വളരെ പെട്ടന്ന് വിദേശികളുടെ പ്രീയങ്കരനായ ടൂര്‍ ഗൈഡ് "ജാക്ക് മാ" ആയി മാറി.
ഇതിനിടയില്‍ പല സംരംഭങ്ങളും ചെയ്തു പരാജയപ്പെട്ട ജാക്ക് മാ, 1995ല്‍ അമേരിക്കയിലെത്തി. തന്റെ മുപ്പത്തിയൊന്നാം വയസില്‍ ആദ്യമായി കംബ്യുട്ടര്‍ ഉപകരണം കണ്ട മാ അവിടുത്തെ സുഹൃത്തിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിച്ചു. ആദ്യമായി "beer" എന്ന് ടൈപ്പ് ചെയ്ത മാ, ഇന്റര്‍നെറ്റില്‍ ബിയറിനെകുറിച്ചു ധാരാളം വിവരങ്ങള്‍ ലഭിക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നും ഒരു റിസള്‍ട്ടും ലഭിക്കാഞ്ഞത് ശ്രദ്ധിച്ചു. ചൈനയെക്കുറിച്ച് യാതൊന്നും ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നില്ല. തൊട്ടടുത്ത വര്‍ഷം അദ്ദേഹം തന്റെ അപ്പാര്‍ട്ട്മെന്റില്‍ "China yellow pages" എന്ന സംരംഭം ആരംഭിച്ചു. ചൈനയിലെ വിവിധ കമ്പനികള്‍ക്കായി വെബ്സൈറ്റുകള്‍ നിര്‍മിച്ചുനല്‍കുകയായിരുന്നു ചെയ്തത്. നല്ല വിജയമായിരുന്ന ആ സംരംഭത്തിന് പിന്നാലെ 1999ല്‍ അദ്ദേഹം "ആലിബാബ" എന്ന തന്റെ ഈ-കൊമേഴ്സ്‌ സംരംഭം ആരംഭിച്ചു!. ഉത്പാദകര്‍ക്കും വിതരണക്കാര്‍ക്കും തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുവാന്‍ ഒരിടം, അതായിരുന്നു ആലിബാബ ചെയ്തിരുന്നത്!. പിന്നീടുള്ളത് ചരിത്രം! ഏകദേശം പതിനാറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ആലിബാബ ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും വലിയ ഈ-കൊമേഴ്സ്‌ കമ്പനിയായി മാറിയിരിക്കുന്നു. അമേരിക്കന്‍ ഈ-കൊമേഴ്സ്‌ വമ്പന്മാര്‍ ആയ ആമസോണും ഈബേയും ഒരുമിച്ചു വിനിമയം നടത്തുന്നതിനേക്കാള്‍ കൂടുതല്‍ മൂല്യം ആലിബാബ വിനിമയം ചെയ്യുന്നു!. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലുള്ള മാ ചൈനയിലെ ഏറ്റവും വലിയ ധനികനാണ്.

No comments:

Post a Comment