Thursday, 24 August 2017

ഫ്രഷ് മീന് തിരിച്ചറിയാനുള്ള മാര്ഗങ്ങള് ..


ചിക്കനും ബീഫിനും വില കൂടിയതോടെ മീനിന് ആവശ്യക്കാര് വര്ധിച്ചിട്ടുണ്ട്. മീന് ഇല്ലാതെ ചോറു കഴിക്കാന് കഴിയാത്തവരാണ് മിക്ക മലയാളികളും. എന്നാല് ആവശ്യക്കാര് വര്ധിക്കുന്നതിനാല് രാസവസ്തുക്കള് ചേര്ത്ത് മീന് വിപണിയില് എത്തുന്നത് സ്ഥിരമാണിപ്പോള്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇത്തരം മീനുകള് കഴിച്ചാലുണ്ടാകുക. ഫ്രഷ് മീന് തിരിച്ചറിയാനുള്ള മാര്ഗങ്ങള് നോക്കാം.

1. ഫ്രഷ് മീനിനു ദുര്ഗന്ധമോ അമോണിയയുടെ ഗന്ധമോ ഉണ്ടാകില്ല, കടല് മണമായിരിക്കും. തിളക്കമുള്ള കണ്ണുകളായിരിക്കും ഫ്രഷ് മത്സ്യങ്ങള്ക്ക്. രാസവസ്തുക്കള് ചേര്ത്ത മത്സ്യത്തിന്റെ കണ്ണുകള്ക്കു നീലനിറമായിരിക്കും.

2. ചുവപ്പു നിറവും നനഞ്ഞ പ്രകൃതവുമായിരിക്കും ഫ്രഷ് മീനുകളുടെ ചെകിളപ്പൂക്കള്. മുറിച്ച മത്സ്യങ്ങളില് ഈര്പ്പമുണ്ടെങ്കില് രാസവസ്തുക്കള് ചേര്ത്തിട്ടില്ലെന്ന് ഉറപ്പിക്കാം.

3. മാംസം അടര്ന്നു പോരുന്നെങ്കില് ഉറപ്പിക്കാം പഴകിയ മീനാണെന്ന്. തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും മത്സ്യം പഴകിയതിന്റെ സൂചനകളാണ്. വലിയ മീനുകള് വാങ്ങും മുമ്പ് കൈകൊണ്ട് പതിയെ ഒന്നമര്ത്തി നോക്കുക. ചെറുതായി താഴ്ന്നുവെങ്കില് മീന് പുതിയതല്ല. ഉറപ്പുള്ള മാംസം മീന് പുതിയതാണെന്നതിന്റെ സൂചനയാണ്.

4. വലിയ മീനുകള് മുറിക്കുമ്പോള് ഉള്ളില് നീലനിറത്തിലുള്ള തിളക്കം കണ്ടാല് അതില് രാസപദാര്ഥങ്ങള് ചേര്ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഫ്രഷായ കക്കയുടെയും കല്ലുമ്മക്കായയുടെയും തോട് അല്പം തുറന്ന നിലയിലായിക്കും.

5. ഫ്രീസറില് വച്ച മീന് വാങ്ങുമ്പോള് നിറവെത്യാസമോ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളോ ഉണ്ടോയെന്നു പരിശോധിക്കുക. നിറ വ്യത്യാസമുണ്ടെങ്കില് അമോണിയ അടക്കമുള്ള രാസവസ്തുക്കള് ചേര്ത്തിരിക്കും.

ഫോര്മലിന് ചേര്ത്ത മത്സ്യം എങ്ങനെ തിരിച്ചറിയാം

ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളേയോ ഒക്കെ അഴുകാതെ ദീര്ഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ് ഫോര്മലിന്. ഈ വിഷപദാര്ഥം മത്സ്യം കേടാകാതെയിരിക്കാന് ചേര്ക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേര്ക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളില് പ്രധാനം ഫോര്മലിന് ചേര്ത്ത മത്സ്യം കൂടുതല് മൃദുത്വമുള്ളതായിതീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകള് ഫോര്മലിന് സാന്നിധ്യത്തില് മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല മീനിന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങള് കൂട്ടിച്ചേര്ത്തു മത്സ്യം നിരീക്ഷിച്ചാല് ഫോര്മലിന് സാന്നിധ്യം എളുപ്പത്തില് മനസ്സിലാവും. ഫോര്മലിന് കലര്ന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല.

മുട്ട കേടായതെങ്കില്:

നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാന് വഴിയുണ്ട്. ഒരു ഗ്ലാസില് മുക്കാല് ഭാഗത്തോളം തണുത്ത വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് സാവധാനം മുട്ടവയ്ക്കുക. കൈവിട്ട ഉടനെ തന്നെ മുട്ട വെള്ളത്തില് താഴ്ന്ന ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണെങ്കില് അത് നല്ല മുട്ടയാണ്. എന്നാല് മുട്ട താഴാതെ ചത്തമീന്പോലെ വെള്ളത്തില് ഉയര്ന്നു കിടക്കുകയാണെങ്കില് മുട്ട കേടായി ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കാം. എന്നാല് ചില മുട്ട അടിത്തട്ടില്തട്ടി വീണ്ടും ഉയര്ന്ന് വീണ്ടും താഴ്ന്ന് സാവധാനം അടിത്തട്ടില് തങ്ങും. ഈ മുട്ട ഉപയോഗയോഗ്യമാണെങ്കിലും അത്ര ഫ്രഷ് ആയിരിക്കില്ല.

No comments:

Post a Comment