Monday, 16 October 2017

പത്തൊമ്പതാം വയസില്‍ 50 ലക്ഷം ബാധ്യതയുണ്ടായിരുന്ന പെണ്‍കുട്ടി ഇന്ന് മാസം ഒന്നരക്കോടി സമ്പാദിക്കുന്ന ബിസിനസുകാരി; സൗമ്യയുടെ അമ്പരപ്പിക്കുന്ന ജീവിതം


ജീവിതത്തില്‍ വിജയം നേടിയ ഒത്തിരി പേര്‍ ഉണ്ടായിരിക്കാം. ഒന്നുമില്ലായ്മയില്‍ നിന്നും ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റവര്‍ അധികം കാണില്ല, ഇത്തരത്തിലെ അപൂര്‍വ്വതകള്‍ ഒത്തുചേര്‍ന്ന ഒരു അത്ഭുത പെണ്‍കുട്ടിയാണ് മുംബൈ സ്വദേശിനി സൗമ്യ. എല്ലാം തകര്‍ന്ന് വിഷാദരോഗത്തിന് അടിമപ്പെടുമെന്ന നിലയിലേക്ക് വീണുപോയവള്‍ തന്റെ കഠിന പരിശ്രമത്താല്‍ ഉയര്‍ന്നു വന്നു, താന്‍ പരാജയമാണെന്ന് പറഞ്ഞ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാതൃകയായി ഒടുവില്‍ അവള്‍.

ഒരു വഴി അടയുമ്പോള്‍ മറ്റനേകം വഴികള്‍ തുറ്ക്കുമെന്ന് തെളിയിച്ച പെണ്‍കുട്ടിയാണ് സൗമ്യ ഗുപ്ത. അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ സ്വന്തം പരിശ്രമത്തോടെ ഇന്നു കോടികള്‍ ലാഭം കൊയ്യുന്ന ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ്.

 മുംബൈയില്‍ ജനിച്ചു വളര്‍ന്ന സൗമ്യയുടെ ജീവിതകഥ ഇങ്ങനെ:  സ്‌കൂള്‍ കാലം മുതല്‍ക്കേ പൈലറ്റ് ആവുകയെന്നതായിരുന്നു സൗമ്യയുടെ അടങ്ങാത്ത ആഗ്രഹം. അങ്ങനെ തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി അവള്‍ യുഎസിലേക്കു പറന്നു. പക്ഷേ വളരെ ചിലവേറിയ ആ പഠനം പാതിവഴിയില്‍ വച്ച് ഉപേക്ഷിക്കേണ്ടി വന്നു. 2008ലുണ്ടായ സാമ്പത്തിക മാന്ദ്യവും പഠനത്തെ ഉലച്ചിരുന്നു. ജോലിയില്ലാതെ പഠനം പൂര്‍ത്തിയാകാതെ ഒരുവള്‍ അമ്പതുലക്ഷം കടബാധ്യതയുമായി വീട്ടില്‍ വന്നിരുന്നത് ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചില്ലറയായിരുന്നില്ല. താന്‍ ഒന്നിനും കൊള്ളാത്തവളാണെന്നും പരാജയമാണെന്നും കുടുംബക്കാര്‍ ചിത്രീകരിച്ചു. വിഷാദരോഗത്തിന് അടിമപ്പെടുമെന്ന ഘട്ടം വരെയായി. ഒരുപരിധി കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയുംവരെ നിശബ്ദത മുറിച്ചു താന്‍ ജോലിക്കു പോയി തുടങ്ങണമെന്നു നിര്‍ദ്ദേശിച്ചു. പക്ഷേ പ്ലസ്ടു മാത്രം പാസായ ഒരു പെണ്‍കുട്ടിക്ക് അത്രപെട്ടെന്നൊരു ജോലി കിട്ടുകയെന്നത് എളുപ്പമായിരുന്നില്ല. അങ്ങനെ ഇരുപതാം വയസില്‍ സൗമ്യ കാള്‍സെന്ററില്‍ ജോലിക്കു കയറിത്തുടങ്ങി. ഇരുപതിനായിരം രൂപ പ്രതിഫലത്തിലായിരുന്നു തുടക്കം.

പക്ഷേ ഒരു തരിമ്പുപോലും താല്‍പര്യം ഇല്ലാതെ ചെയ്യുന്ന ജോലി നാള്‍ക്കുനാള്‍ മടുപ്പിക്കുന്നതായിരുന്നു. അങ്ങനെ അമ്മയാണ് തനിക്കെന്താണ് ഇഷ്ടം ആ മേഖലയില്‍ ശ്രദ്ധ െകാടുക്കാന്‍ പറയുന്നത്. അന്നാണ് വസ്ത്രങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. കുറച്ചു വസ്ത്രങ്ങള്‍ വിറ്റഴിക്കാനുള്ള സ്ഥലം വീട്ടില്‍ തന്നെ ഒരുക്കണമെന്ന് അമ്മയോടു പറഞ്ഞു. അന്ന് അമ്മ യെസ് പറഞ്ഞതോടെ ‘ടെന്‍ ഓണ്‍ ടെന്‍’ എന്ന സ്ഥാപനം തുടങ്ങുകയായി. വീട്ടുകാര്‍ക്ക് സാമ്പത്തികമായി തന്നെ സഹായിക്കാന്‍ കഴിയില്ലെങ്കിലും അവര്‍ മറ്റെല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നു. തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഒരാളെ കണ്ടെത്തി, പക്ഷേ വലിയ ബ്രാന്‍ഡുകള്‍ കയറ്റി അയക്കുന്ന അയാളില്‍ നിന്ന് ഒത്തിരി വസ്ത്രങ്ങള്‍ എടുക്കാനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല. അങ്ങനെ മുപ്പതു പീസ് തുണികള്‍ മാത്രം വച്ച് വീട്ടില്‍ തന്നെ ചെറിയൊരു എക്‌സിബിഷന്‍ നടത്തി. പതിയെ തുണിത്തരങ്ങളുടെ എണ്ണം വര്‍ധിക്കാനും ശരിയായ ബിസിനസിന്റെ പാതയിലേക്ക് ഉയരാനും തുടങ്ങി.

 തുടര്‍ന്നുള്ള നാളുകള്‍ തന്റെ വസ്ത്രങ്ങളെ എങ്ങനെ വിപണിയില്‍ പ്രശസ്തമാക്കാം എന്ന ചിന്തകളുടേതായിരുന്നു. ഫാഷന്‍ പോര്‍ട്ടലുകളില്‍ തന്റെ ബ്രാന്‍ഡിന് ഇടംനേടണമെങ്കില്‍ വസ്ത്രങ്ങളുടെ നല്ല പടങ്ങള്‍ വേണമായിരുന്നു. പക്ഷേ അതെടുക്കാനുള്ള മികച്ച ക്യാമറ കയ്യിലില്ല താനും. അങ്ങനെ ഒരു ഫൊട്ടോഗ്രാഫര്‍ സുഹൃത്തിനെ കണ്ട് കാര്യം അവതരിപ്പിച്ചു. അടുത്ത ഘട്ടം ഒരു മോഡലിനെ തിരയലായിരുന്നു. പക്ഷേ അതിനുള്ള പണവും കയ്യിലില്ല അങ്ങനെ തന്റെ ചേച്ചിയുടെ സുഹൃത്തു കൂടിയായ മോഡല്‍ ബോസ്‌കി തയാറാണെന്ന് അറിയിച്ചു. വിറ്റുവരവ് നല്ല രീതിയില്‍ കിട്ടാനായി മൂന്നുമാസത്തോളം എടുത്തു. പണം തിരിച്ചും മറിച്ചും മാക്‌സിമം പിശുക്കി ജീവിച്ചു. വെറും ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണെന്ന് ഓര്‍ക്കണം. ഒരു ലോണ്‍ പോലും എടുക്കാനുള്ള പ്രായം തികഞ്ഞിരുന്നില്ല. അങ്ങനെ കൊളേജ് വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഫൊട്ടോഷൂട്ട് നടത്തി. പതിയെ ടെന്‍ ഓണ്‍ ടെണ്‍ പ്രസിദ്ധിയാര്‍ജിച്ചു തുടങ്ങി. 60 തുണിത്തരങ്ങള്‍ കൊണ്ടു തുടങ്ങിയ സ്ഥാനത്ത് ഇന്ന് ആറ് ലക്ഷമായി.

ബോംബെയുട ഹൃദയമധ്യത്തില്‍ തന്നെ സ്ഥാപനം തുടങ്ങുകയും ഐസ്ഒ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ന് മാസം 1.25 കോടിയും വര്‍ഷത്തില്‍ 1015 കോടിയുമാണ് ടെന്‍ ഓണ്‍ ടെന്നിന്റെ വിറ്റുവരവ്.
ചെറുപ്രായത്തില്‍ തന്നെ വിജയത്തിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും സൗമ്യ തന്റെ കഴിഞ്ഞകാലത്തെ മറക്കുന്നില്ല. സമൂഹത്തിനു നിങ്ങളുടെ തോല്‍വികള്‍ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്താന്‍ കഴിയും. പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ടു പോവുകയാണു വേണ്ടത്. മറ്റുള്ളവര്‍ എന്തു കരുതും എന്നതിനല്ല നിങ്ങളുടെ സന്തോഷത്തിനും ഇഷ്ടത്തിനുമാണ് പ്രാധാന്യം നല്‍കേണ്ടത്. ലോകം നിങ്ങളുടെ വിജയത്തെ കാണാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കുറവുകളിലാകും ശ്രദ്ധ ചെലുത്തുന്നത്. നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം സൗമ്യ പറയുന്നു.

No comments:

Post a Comment