Sunday, 1 October 2017

വിവാഹം കഴിഞ്ഞ ശേഷം പഴയ കാമുകനെ വീണ്ടും കാണേണ്ടി വന്നാല്‍..!!!


ഇതു ശരിയാവില്ല അച്ചു…. നീ ഇനി എന്നെ വിളിക്കരുത്….. എന്നോട് സംസാരിക്കരുത്…. കാണാൻ ശ്രമിക്കരുത്. നമുക്കെല്ലാം അവസാനിപ്പിക്കാം…. ഉണ്ണിയുടെ വാക്കുകൾ അച്ചുന്റെ മനസ്സിൽ തുളഞ്ഞു കയറി… ഉണ്ണി ഏട്ടാ… എന്തൊക്കെയാണ് ഈ പറയുന്നത്…. ???മനസ്സിൽ ഒരായിരം അമ്പുകൾ തുളച്ചു കയറിയ വേദനയിൽ അവൾ ചോദിച്ചു… അച്ചു…. നീ പറയുന്നത് മനസ്സിലാക്കണം… ഈ നാലു വർഷം നമ്മുടെ പ്രണയത്തിൽ ഒരു കളങ്കവും ഉണ്ടായിട്ടില്ല….. ഇനിയും മുന്നോട്ടു പോയാൽ ചിലപ്പോൾ നമുക്ക് നമ്മളെ തന്നെ നഷ്ടമാവും…. ഇനിയുള്ള ജീവിതത്തിൽ നമുക്ക് സ്വന്തമായി ഉള്ളത് ഈ നല്ല നിമിഷങ്ങൾ മാത്രമാണ്….. അതു മതി ഈ ജന്മം മുഴുവൻ… ഉണ്ണി ഏട്ടാ… എങ്ങനെ തോന്നുന്നു…. ഏട്ടന് എന്നെ മറക്കാൻ കഴിയോ…. നിറഞ്ഞ കണ്ണുകളായി അവൾ അവന്റെ തോളിൽ തല ചായ്ച്ചു…
.
അച്ചു.. എനിക്ക് അറിയാം… ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്നതാണ് നമ്മുടെ പ്രണയം…. ഒരു പാട് സ്വപ്നങ്ങളും നെയ്തുകൂട്ടിയതുമാണ്.. ഒരുമിച്ചുള്ള ഒരു ഓർമ്മകളും നമ്മുടെ മനസ്സിൽ നിന്നു പോവുകയില്ല… എന്നാൽ വിധി നമുക്ക് എതിരാണ് അച്ചു….
നിന്റെ ആഗ്രഹപ്രകാരമാണ് നിന്റെ വീട്ടിൽ വന്നു ഞാൻ പെണ്ണ് ആലോചിച്ചത്…. രണ്ടു കൂട്ടർക്കും എതിർപ്പ് ഇല്ലാത്തോണ്ടാണ് ജാതകം നോക്കട്ടെയെന്നു വെച്ചത്….. എന്നാൽ നമ്മൾ തമ്മിൽ ഒന്നായാൽ ഒരു മരണം ഉറപ്പാണ്‌…. നമ്മുടെ ജാതക ദോഷം .. ഉണ്ണിയുടെ സ്വരം ഇടറി… ഈ നൂറ്റാണ്ടിൽ ഇതൊന്നും ആരും നോക്കില്ല…. എനിക്ക് അറിയാം…. എന്നാൽ നാളെ കല്യാണം കഴിഞ്ഞു നമുക്ക് എന്തേലും പറ്റിയാൽ എല്ലാരും നമ്മളെ ഒറ്റപ്പെടുത്തും.. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ നീ .. നിനക്ക് ആരും ഉണ്ടാവില്ല.. ഒറ്റയ്ക്ക് ജീവിക്കേണ്ടി വരും… ഇനി ഇപ്പോൾ നിനക്കെങ്കിൽ… അറിഞ്ഞു കൊണ്ട് നിന്നെ മരണത്തിനു ഞാൻ വിട്ടു കൊടുക്കണോ… എല്ലാം അറിഞ്ഞു കൊണ്ടു വേണോ നമുക്ക് ഈ ജീവിതം… ഉണ്ണി ഏട്ടാ…. ഒന്നും സംഭവിക്കില്ല… എനിക് ഉറപ്പാണ് …. ഒരു ദിവസം എങ്കിൽ ഒരു ദിവസം മതി എനിക്ക്…
.
അച്ചു …. നീ എന്റെ വീട്ടിൽ വന്നു കയറേണ്ടവൾ ആണ്…. നാളെ നിന്നെ കെട്ടിയത് കൊണ്ട് എന്റെ കുടുംബം തകർന്നെന്ന് മറ്റുള്ളവർ പറഞ്ഞാൽ ചിലപ്പോൾ നിനക്ക് സഹിക്കാൻ കഴിയില്ല….
അവന്റെ ദയനീയ അവസ്ഥ കണ്ണുകളിൽ അവൾക്കു കാണാമായിരുന്നു…..
നാളെ നീ മറ്റൊരു ജീവിതം തിരഞ്ഞെടുക്കില്ലെന്നും എനിക്ക് അറിയാം… എന്നെ മറക്കാനും നിനക്കു കഴിയില്ല... അതു കൊണ്ട്  എത്രയും പെട്ടന്ന് ഞാൻ മറ്റൊരു വിവാഹം കഴിക്കും. എന്നാൽ മാത്രമേ നീ എന്നെ മറക്കൂ … ഒന്നും പറയാനാകാതെ പൊട്ടി കരഞ്ഞു കൊണ്ട് അച്ചു നടന്നകന്നു…. പിറ്റേ മാസം തന്നെ ഉണ്ണിഏട്ടൻ മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി ചാർത്തുന്നത് അവൾ നോക്കി നിന്നു. ഒരുപാട് തവണ മനസിൽ കൊണ്ടു നടന്ന സ്വപ്നം ആണ്… എന്നാൽ ജാതകം…. ഞങ്ങൾക്കിടയിൽ വില്ലനായി അവതരിച്ചു… പല തവണ ഉണ്ണി ഏട്ടനെ നല്ല സുഹൃത്തായി കാണാൻ ശ്രമിച്ചു… പക്ഷെ…. മറ്റൊരുവളുടെ ഭർത്താവ് ആയിട്ട് കൂടി തനിക്ക് അതിനു കഴിഞ്ഞില്ല…. പിന്നീട് ഉണ്ണി ഏട്ടനെ കാണാൻ താൻ ശ്രമിച്ചിട്ടുമില്ല… അച്ചു…. നീ ഇവിടെ എന്ത് ആലോചിച്ചിരിക്ക്യാണ് ?? എത്ര നേരായി ഞാൻ വിളിക്കുന്നു…. ?? അഭി ഏട്ടന്റെ വിളി കേട്ടാണ് ഞാൻ മൂന്നു വർഷം പിന്നിട്ട ഓർമകളിൽ നിന്നു മടങ്ങിയെത്തിയത്. ഉണ്ണി ഏട്ടൻ മറ്റൊരു ജീവിതത്തിലേക്ക്‌ കടന്നിട്ടു പോലും എനിക്ക് അയാളെ മറക്കാൻ കഴിഞ്ഞിരുന്നില്ല…. എന്നാൽ അഭി ഏട്ടൻ എന്റെ ജീവിതത്തിന്റെ നേർപകുതി ആയപ്പോൾ മുതൽ ആ ചിന്ത മനസ്സിന്റെ ഒരു കോണിൽ ഞാൻ കുഴിച്ചു മൂടി…..
.
അഭി ഏട്ടന്റെ നല്ലൊരു ഭാര്യ ആവാൻ ഞാൻ എപ്പോളും ശ്രമിച്ചിരുന്നു.. ഏട്ടനെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ഭാര്യ.. എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും എന്നേ ജീവിതത്തിലേക്ക് കൈ പിടിച്ചു കൂട്ടിയ അഭി ഏട്ടനെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു . ഇനിയും ഉണ്ണിയെ മനസ്സിൽ കൊണ്ടു നടക്കരുതെന്ന ഒറ്റ നിർബന്ധം മാത്രമേ ഏട്ടന് എന്നെ കല്യാണം കഴിക്കുമ്പോൾ ഉണ്ടായിരുന്നുള്ളു…. ഇന്ന് വരെ ഞാൻ ആ ഉറപ്പ്‌ നിലനിർത്തിയിരുന്നു…. എന്നാൽ ഇന്ന് പുറത്തു പോയപ്പോൾ ഉണ്ണിയേട്ടനെ വീണ്ടും കണ്ടുവെന്നും പരസ്പരം സംസാരിച്ചെന്നും അഭി ഏട്ടനോട് പറയാൻ എനിക്ക്മടി തോന്നി….
അപ്രതീക്ഷിതമായി മൂന്നു വർഷങ്ങൾക്കു ശേഷം ഉണ്ണിയേട്ടനെ കണ്ടപ്പോൾ സംസാരിക്കാതിരിക്കാൻ കഴിഞ്ഞില്ല…. പുതിയതായി ട്രാൻസ്ഫർ കിട്ടി വന്നതാണ്‌ അയാൾ… കണ്ടു പരിചയം പുതുക്കി … എന്നാലും വാക്കുകൾ കുഴഞ്ഞു പോയിരുന്നു തമ്മിൽ സംസാരിക്കുമ്പോൾ…. പഴയ ഓർമ്മകൾ മരിച്ചാലും മനസ്സിൽ നിന്നു മാഞ്ഞു പോവില്ലല്ലോ… ആദ്യ പ്രണയം നഷ്ടമായാൽ എന്നും അതൊരു തീരാ നൊമ്പരമായി മനസ്സിൽ കിടക്കും.
.
ഒന്നും പറയാൻ കഴിയാത്തോണ്ടാവും പരസ്പരം നമ്പർ കൈ മാറിയത് …. ഇനിയെങ്കിലും നല്ല സുഹൃത്തുക്കളായി കഴിയാം എന്ന് ഉറപ്പുള്ളത് കൊണ്ടാണ് വീണ്ടും സംസാരിച്ചു തുടങ്ങിയത്… അഭി ഏട്ടന് ഇഷ്ടമായില്ലെങ്കിലോ എന്ന് പേടിച്ചിട്ടാണ് ഏട്ടനോട് ഒന്നും പറയാതിരുന്നത്…. ആദ്യ കുറച്ചു ദിവസങ്ങൾ അധികം ഒന്നും സംസാരിച്ചില്ല..
എന്നാൽ പതിയെ പതിയെ ഒരുപാട് സംസാരിച്ചു തുടങ്ങി… ഒരുമിച്ചു പഠിച്ചതും കൈ കോർത്ത്‌ നടന്നതും സ്വപ്നങ്ങൾ കൈ മാറിയതും ഇടവഴികളിൽ നിന്നു സംസാരിക്കുന്നതും എല്ലാം ഞങ്ങളുടെ സംസാരത്തിൽ സ്ഥിരം സന്ദർശകരായി… അന്നു എന്നെ ഉപേക്ഷിച്ചതിന് അവൻ ക്ഷമ ചോദിക്കുമ്പോൾ അവന്റെ അച്ചുവായി ഞാൻ മാറുകയായിരുന്നു… ഒരിക്കൽ പോലും സംസാരം അതിരു വിട്ടിരുന്നില്ലെങ്കിലും എവിടെയോ ആ പഴയ സ്നേഹം വീണ്ടും പൊട്ടി മുളക്കുന്ന പോലെ….
അഭി ഏട്ടന്റെ പാതി ആയി ആ ദേഹത്തിനോട് ഒട്ടി കിടക്കുമ്പോളും മനസ്സിൽ എവിടെയോ ആ പഴയ അച്ചു ഉണരുന്ന പോലെ… എന്നും അഭി ഏട്ടന്റെ നെഞ്ചിൽ തല വെച്ചു കിടക്കാൻ കൊതിച്ച ഞാൻ ഇപ്പോൾ ഏതു നേരവും ഉണ്ണിഏട്ടന്റെ മെസ്സേജിനായി കാത്തിരിക്കുന്നു…. ഞാൻ ഞാനല്ലാതെ മാറുകയാണോ…. ഒരു സുഹൃത്തിനപ്പുറം ഉണ്ണിഏട്ടൻ എന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്നുണ്ടോ…. എന്നാൽ ഇതൊന്നും അറിയാതെ അഭി ഏട്ടൻ ഓരോ നിമിഷവും എന്നെ സ്നേഹിക്കയായിരുന്നു അഭിഏട്ടന്റെ കൈപിടിയിൽ ഒതുങ്ങുമ്പോൾ ആ നെഞ്ചിൽ തല വെച്ചു ഉറങ്ങുമ്പോൾ എന്റെ മനസ്സ് കൈ വിട്ടു പോകുന്നില്ലേ… എനിക്ക് ഒന്ന് കാണണം… നാളെ നേരിട്ട്…. ഉണ്ണി ഏട്ടനോട് ഈ ആവശ്യം പറയുമ്പോൾ അവന്റെ കണ്ണിലെ പ്രണയം എനിക്ക് തിരിച്ചറിയായിരുന്നു…..
.
വീണ്ടും കണ്ടപ്പോൾ പഴയ കാലം മനസ്സിൽ ഇരച്ചു കയറിയ പോലെ…. ഒന്നു പൊട്ടിക്കരയാൻ തോന്നിയെങ്കിലും ഞാൻ പിടിച്ചു നിന്നു…. .
അച്ചു…. എന്താ നീ കാണണം എന്ന് പറഞ്ഞത്…. ??? അവൻ എന്നിൽ നിന്നും എന്തോ പ്രതീക്ഷിക്കുന്ന പോലെ… ഒരു ദീർഘ നിശ്വാസത്തിന് ശേഷം ഞാൻ പറഞ്ഞു… ഇനിയും ഇങ്ങനെ മുന്നോട്ടു പോയാൽ ചിലപ്പോൾ നമുക്കിടയിൽ ഏട്ടനും ഞാനും ആഗ്രഹിക്കാത്ത ബന്ധങ്ങൾ കടന്നു വരും…. ദൈവം നമ്മളെ ഒരുമിപ്പിച്ചില്ല…. ഇനി നമ്മൾ ആയി ഒരുമിക്കാനും പാടില്ല….. ഇത്രയും നാളും ഓർക്കാൻ ശ്രമിച്ചില്ലെങ്കിലും മനസ്സിൽ എവിടെയോ ആ പഴയ സ്നേഹം ആരും കാണാതെ സൂക്ഷിച്ചിരുന്നു…. ഇനിയും അതു പഴയ പോലെ തന്നെ മതി.. ഇല്ലെങ്കിൽ നമ്മുടെ കുടുംബം മാത്രമല്ല പലതും നമുക്ക് നഷ്ടമാവും… പറഞ്ഞത് ശരിയായത് കൊണ്ടാവും ഉണ്ണി ഏട്ടനും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല….എനിക്കുള്ള മറുപടി ആ നിറഞ്ഞ കണ്ണുകളിൽ എനിക്ക് കാണാമായിരുന്നു. മനസ്സിൽ അരുതാത്തതു തോന്നിയെങ്കിൽ അതു എന്നെന്നേക്കുമായി ഞാൻ മറക്കുമെന്ന് ഉണ്ണി ഏട്ടൻ പറയാതെ പറയുന്നുണ്ടായിരുന്നു .അന്നു രാത്രി തന്നെ എല്ലാം ഏറ്റു പറഞ്ഞു അഭി ഏട്ടനോട് മാപ്പ് പറയുമ്പോൾ ഒരു അടി ഞാൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അഭി ഏട്ടൻ വളരെ സൗമ്യമായി പറഞ്ഞു…
അച്ചു.. നിനക്കവനെ പൂർണമായി മറക്കാൻ സാധിക്കില്ല എനിക്ക് അറിയാം…. മനസ്സിൽ എവിടെയോ അതുണ്ടാവാം… എന്നാൽ എപ്പോളും അവനോടു നിനക്ക് സ്നേഹമുണ്ടന്നു ഞാൻ കരുതുന്നില്ല… ആർക്കും തോന്നാവുന്ന ഒരു മാനസിക അടുപ്പം മാത്രമേ നിനക്കും തോന്നിട്ടൊള്ളു… അത് മനസ്സിലാക്കാൻ എനിക്ക് സാധിക്കും… എല്ലാം തുറന്നു പറഞ്ഞപ്പോൾ എനിക് നിന്നോടുള്ള സ്നേഹം കൂടിയേ ഒള്ളു...
.
ആർക്കും തോന്നാവുന്ന സ്നേഹത്തെ പൊറുത്തു മാപ്പ് നൽകി ആ നെഞ്ചോടു എന്നെ ചേർത്തുപിടിക്കുമ്പോൾ ഇതുവരെ അനുഭവിക്കാത്ത ഒരു സുഖം ഒരു സ്നേഹം ഞാൻ അനുഭവിക്കുകയായിരുന്നു….. ഈയൊരു സ്നേഹം ഈ ഒരു ജന്മം മാത്രമല്ല ഇനിയുള്ള ഏഴു ജന്മവും അനുഭവിക്കാൻ എനിക്ക് കഴിയട്ടെ എന്നാഗ്രഹിച്ചു അഭി ഏട്ടനോട് ഒന്നൂടെ ചേർന്നു ഞാൻ കിടന്നു….
.
NB : ചില പ്രണയങ്ങൾ അങ്ങനെയാണ്. ഒരിക്കലും ഒരുമിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു നീറ്റലായി എന്നും അത് നമ്മുടെ മനസ്സിൽ ഉണ്ടാവും. പലപ്പോളും നമ്മുടെ ഹൃദയത്തിൽ മുറിവേൽപ്പികാൻ അതിനു സാധിക്കും.. മനസ്സ് കൈ വിടാൻ ഒരു നിമിഷം മതി…. എന്നാൽ നമ്മളെ സ്നേഹിക്കുന്നവർക്കായി എല്ലാം മറക്കാൻ നമുക്ക് സാധിക്കണം. അവിടെയാണ് നമ്മുടെ വിജയം… ആഗ്രഹിച്ചതെല്ലാം കിട്ടിയാൽ പിന്നെ അത് ജീവിതമാകുമോ…?
.
( കുറച്ചു മാറ്റങ്ങൾ ഞാൻ വരുത്തിയെങ്കിലും വീണ്ടും ഒരു യഥാർത്ഥ ജീവിതം തുറന്നു കാട്ടാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം കൂടെ ഇപ്പോൾ സന്തോഷ ജീവിതം നയിക്കുന്ന അവർക്കു ആശംസകള്ളും…)
.
കടപ്പാട്  : മാളു

No comments:

Post a Comment