Sunday, 15 October 2017

ഡോക്ടർ വിളിച്ച് കുറേ കാര്യങ്ങൾ പറഞ്ഞു അതിലെ ആദ്യ വാക്കു മാത്രമേ ഞാൻ കേട്ടുള്ളൂ, മരണപ്പെട്ടു!!!

ഒക്ടോബർ 11-എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസമായിരുന്നു അത്.തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജിൻ്റെ എെ.സി.യുവിൽ അച്ഛൻ മരണത്തോട് മല്ലിട്ടു കിടക്കുന്നു.പുറത്ത് ഞാൻ നെട്ടോട്ടമോടുകയായിരുന്നു.ഡോക്ടർമാർ ആവശ്യപ്പെടുന്ന മരുന്നുകൾ എത്തിക്കണം.ബ്ലഡ്ബാങ്കിൽ പോയി അച്ഛന് ആവശ്യമായ എ പോസിറ്റീവ് രക്തം എത്തിക്കണം.എല്ലാ കാര്യങ്ങൾക്കും ഞാൻ തന്നെ വേണം.കാണുമ്പോഴെല്ലാം­ ഡോക്ടർമാർ ഒാർമ്മിപ്പിച്ചുകൊണ്ടിരുന്നു ''അച്ഛൻ്റെ സ്ഥിതി വളരെ മോശമാണ്.ഞങ്ങൾ പരമാവധി പരിശ്രമിക്കുന്നുണ്ട്­....''

ഉച്ചയോടെ അച്ഛനെ വെൻ്റിലേറ്ററിലേക്ക് മാറ്റി.പ്രതീക്ഷകൾ നേർത്തുവരികയായിരുന്നു.എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.എങ്കിലും ശുഭാപ്തിവിശ്വാസം കൈവിട്ടില്ല.മാമച്ഛനെയും(അമ്മയുടെ അച്ഛൻ) ഇതുപോലെ വെൻ്റിലേറ്ററിൽ കിടത്തിയതാണ്.എന്നിട്ട് പുള്ളി ഇപ്പോൾ ഉഷാറായി നടക്കുന്നു.അതുപോലെ അച്ഛനും തിരിച്ചുവരും-ഇങ്ങനെയൊക്കെ ചിന്തിച്ച് ആശ്വസിക്കാൻ ശ്രമിച്ചു.

രാത്രി എെ.സി.യുവിൽ കയറി ഞാൻ അച്ഛനെ കണ്ടു.കണ്ണുതുറന്ന് കിടക്കുകയായിരുന്നു.ഞാൻ വിളിച്ചു-
''അച്ഛാ...കുട്ടനാണ്.­...'' (അച്ഛൻ എന്നെ അങ്ങനെയാണ് വിളിക്കുക)
മൂന്നുവട്ടം വിളിച്ചിട്ടും അച്ഛൻ വിളികേൾക്കാതായപ്പോൾ ഞാൻ പുറത്തിറങ്ങി.ഡോക്ടർമാ­രുടെ കൂട്ടത്തിൽ എൻ്റെയൊരു സുഹൃത്തും ഉണ്ടായിരുന്നു.രക്തം കയറ്റിയാൽ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അവർ പറഞ്ഞു.ആ വാക്കുകളുടെ ബലത്തിൽ എങ്ങനെയൊക്കെയോ ആ രാത്രി ഞാൻ വെളുപ്പിച്ചെടുത്തു.

രാവിലെ ഡോക്ടർ എന്നെ അകത്തേക്ക് വിളിച്ച് കുറേ കാര്യങ്ങൾ പറഞ്ഞു.അതിലെ ആദ്യ വാക്കു മാത്രമേ ഞാൻ ശ്രദ്ധിച്ചുള്ളൂ.''മര­ണപ്പെട്ടു '' എന്ന വാക്ക്...ഡോക്ടർ പിന്നീട് പറഞ്ഞതൊന്നും എൻ്റെ ചെവിയിൽ കയറിയില്ല.ഞാനാകെ മരവിച്ചുകഴിഞ്ഞിരുന്നു.ഇനി മുതൽ എൻ്റെ അച്ഛൻ എൻ്റെ കൂടെയില്ല....
അച്ഛൻ എപ്പോഴും പറയുമായിരുന്നു-''ഒരു­ എഴുപതു വയസ്സുവരെയെങ്കിലും ഞാൻ ജീവിക്കും.എൻ്റെ മക്കൾ വലിയ നിലയിലെത്തുന്നത് കാണണം.എൻ്റെ പേരക്കുട്ടികളെ സ്കൂളിൽ കൊണ്ടുപോയി വിടണം.എന്നിട്ടൊക്കെയേ­­ ഞാൻ മരിക്കൂ....''

ആ മനുഷ്യനാണ് മരിച്ചുകിടക്കുന്നത്.­മോഹങ്ങൾ സഫലീകരിക്കപ്പെടുന്നതി­നു മുമ്പേ തന്നെ ഞങ്ങളെ തനിച്ചാക്കി അച്ഛൻ പോയിരിക്കുന്നു ! എനിക്ക് നഷ്ടപ്പെട്ടത് അച്ഛനെ മാത്രമായിരുന്നില്ല,എ­ൻ്റെ ഏറ്റവും നല്ല സുഹൃത്തിനെക്കൂടിയായിരുന്നു.എനിക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുള്ള കൂട്ടുകാരനെ ! അച്ഛനെ സന്തോഷിപ്പിക്കുന്നതി­ലായിരുന്നു എന്നും എൻ്റെ ആനന്ദം.എൻ്റെ ജീവിതത്തിൻ്റെ അർത്ഥം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.....
ഒരു അച്ഛനും മകനും തമ്മിലുള്ള സാധാരണ ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.അച്ഛൻ­ എൻ്റെ എല്ലാമായിരുന്നു....

സന്തോഷം മാത്രം നിറഞ്ഞുനിന്നിരുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്.അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടുമക്കൾ-ഞാനും അനിയത്തിയും.അമ്മ അൽപ്പം കർക്കശക്കാരിയായിരുന്നു.വികൃതി കാണിച്ചാൽ നല്ല തല്ലു തരും.പക്ഷേ അച്ഛൻ ഞങ്ങളെ തല്ലാറേയില്ല.ഒരേയൊരു­ തവണ മാത്രമാണ് അച്ഛൻ എന്നെ തല്ലിയിട്ടുള്ളത്.അനിയത്തിയെ കൈവെച്ചിട്ടേയില്ല..ക്രിക്കറ്റ് കളിച്ച് തറവാട്ടു വീടിൻ്റെ ജനൽച്ചില്ല് പൊട്ടിച്ചതിനാണ് അച്ഛൻ എന്നെ തല്ലിയത്.അന്ന് രാത്രി സങ്കടം സഹിക്കാനാവാതെ അച്ഛൻ പൊട്ടിക്കരഞ്ഞു.എന്നെ­ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.പിൽക്കാലത്ത് എന്തെല്ലാം വൃത്തികേടുകൾ ഞാൻ കാണിച്ചിരിക്കുന്നു ! പക്ഷേ അച്ഛൻ തല്ലിയിട്ടേയില്ല....

ഞങ്ങളുടെ മേൽ ആദ്യത്തെ ഇടിത്തീ വീഴുന്നത് എനിക്ക് പത്തും അനിയത്തിയ്ക്ക് നാലും വയസ്സുള്ളപ്പോഴാണ്.അമ്മ രോഗിയായി.രക്താർബുദം ! അച്ഛനും അമ്മയും തിരുവനന്തപുരത്ത് ആർ.സി.സിയിൽ പോയി ചികിത്സ തേടി.ഒരു കോഴ്സിനു പോവുകയാണെന്ന് ഞങ്ങൾ മക്കളോട് കള്ളവും പറഞ്ഞു.പക്ഷേ ദിവസങ്ങൾക്കകം അമ്മ പോയി.
പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരവുമായി അച്ഛൻ മടങ്ങിയെത്തി.അന്നത്തെ അച്ഛനെ ഇന്നും വ്യക്തമായി ഒാർമ്മയുണ്ട്.സങ്കടം കൊണ്ട് ചുവന്നിരുന്നു ആ മുഖം.ഒരു തുള്ളി കണ്ണുനീർ വീണുപോയാൽ പിന്നെ പ്രളയമാകും.പക്ഷേ അച്ഛൻ കരഞ്ഞില്ല.വീടിൻ്റെ പുറകുവശത്ത് അമ്മയെ കിടത്തുന്നത് വരെ തളരാതെ പിടിച്ചുനിന്നു.ആശ്വസിപ്പിക്കാൻ വന്നവരെല്ലാം മടങ്ങിപ്പോയതിനു ശേഷം അച്ഛൻ കരഞ്ഞു.ഞങ്ങളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

മരിച്ചത് അമ്മയാണെന്ന് അനിയത്തി തിരിച്ചറിഞ്ഞില്ല.വളർന്നപ്പോൾ അമ്മയുടെ ശബ്ദം പോലും അവൾക്കോർമ്മയില്ലായിരുന്നു.പക്ഷേ അമ്മയില്ലാത്തതിൻ്റെ പേരിൽ അവളോ ഞാനോ ദുഃഖിച്ചിട്ടില്ല.അച്ഛൻ അതിനിട വരുത്തിയിരുന്നില്ല.
എല്ലാവരും പലവട്ടം നിർബന്ധിച്ചിട്ടും അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചില്ല.വന്നുകയറു­ന്ന പെണ്ണ് മക്കളെ ഉപദ്രവിച്ചാലോ എന്ന പേടി.ഞങ്ങൾക്ക് താങ്ങായി അച്ഛമ്മയും അച്ഛൻ്റെ ചേച്ചിയും വീട്ടിൽ വന്നു നിന്നു.
പക്ഷേ വിധി ഞങ്ങളെ തോൽപ്പിച്ചുകൊണ്ടിരുന്നു.അച്ഛമ്മയ്ക്കും അമ്മയുടെ അതേ അസുഖം തന്നെ വന്നു.അത്ഭുതകരമായ രീതിയിൽ ഒരു ദശാബ്ദത്തോളം കാൻസറിനോട് പടപൊരുതി നിന്ന അച്ഛമ്മയും കുറച്ചുകാലം കഴിഞ്ഞപ്പോൾ മരണത്തിന് കീഴടങ്ങി.

അച്ഛമ്മയെ അച്ഛൻ പരമാവധി പരിചരിച്ചു.ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കി.ആസ്പത്രിയിൽ അച്ഛമ്മയുടെ കൂട്ടിരിപ്പുകാരൻ എന്ന നിലയിൽ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു.വേറെ ആരെയും ആ ചുമതല ഏറ്റെടുക്കാൻ അനുവദിച്ചില്ല.അച്ഛന­മ്മമാരെ അവസാന നാളുകളിൽ എങ്ങനെ നോക്കണം എന്ന കാര്യത്തിൽ മാതൃക കാട്ടുകയായിരുന്നു അച്ഛൻ....
ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സംഘടനാപ്രവർത്തനങ്ങളി­ലും വളരെ സജീവമായിരുന്നു.എൻ.ജി­.ഒ യൂണിയൻ്റെ ജില്ലാ ജോയിൻ്റ് സെക്രട്ടറി വരെയായി.ഒരുപാട് വായിക്കും ; എഴുതും ; പ്രസംഗിക്കും.ആളുകളെ പിടിച്ചിരുത്തുന്ന പ്രസംഗശൈലിയായിരുന്നു­ അച്ഛൻ്റേത് എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്­.അച്ഛൻ സഹായിച്ച ആളുകൾക്ക് കണക്കില്ല.സഹായങ്ങൾക്ക് പ്രതിഫലം വാങ്ങിയിരുന്നുവെങ്കിൽ അച്ഛൻ എന്നേ ധനികനായേനെ !

നിർഭാഗ്യവശാൽ എനിക്ക് അച്ഛൻ്റെ പ്രസംഗങ്ങളൊന്നും കേൾക്കാൻ കഴിഞ്ഞില്ല.അമ്മ മരിച്ചതോടെ അച്ഛൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി.എപ്പോഴും,എല്ലായിടത്തും ഉൾവലിയുന്ന ഒരു സ്വഭാവം കൈവന്നു.അമ്മയെ അച്ഛൻ വല്ലാതെ സ്നേഹിച്ചിരുന്നു.അമ്മയുടെ മരണം അച്ഛനെ ശരിക്കും തളർത്തി.ആ സങ്കടത്തിൽ നിന്ന് മോചനം നേടാൻ അച്ഛൻ കണ്ടെത്തിയ വഴിയായിരുന്നു മദ്യപാനം.അച്ഛൻ്റെ പതനം ആരംഭിച്ചതും അവിടെയായിരുന്നു.
ഒാണത്തിനോ വിഷുവിനോ ഒന്നോ രണ്ടോ പെഗ്ഗ് കഴിച്ചിരുന്ന അച്ഛൻ എല്ലാ ദിവസവും മദ്യം കഴിച്ചുതുടങ്ങി.ഞങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം­ മാറി മാറി പറഞ്ഞിട്ടും അച്ഛൻ മദ്യപാനം നിർത്തിയില്ല.ഒാരോ ദിവസം കഴിയുംതോറും കുടിയുടെ തീവ്രത വർദ്ധിച്ചുവരികയായിരു­ന്നു.മിക്ക രാത്രികളിലും ഞാനും അനിയത്തിയും കരഞ്ഞുകൊണ്ട് പറയുമായിരുന്നു-

''അമ്മയോ പോയി.ഇനി അച്ഛനും കൂടി വല്ലതും പറ്റിയാൽ ഞങ്ങൾക്ക് ആരുണ്ട് അച്ഛാ? ഈ നശിച്ച കുടി നിർത്ത്....''
ഞങ്ങൾ പറയുന്നത് ശരിയാണെന്ന് അച്ഛന് അറിയാമായിരുന്നു.എല്ലാം തലകുലുക്കി കേൾക്കുമായിരുന്നു.പക്ഷേ ആ ശീലം ഉപേക്ഷിക്കാൻ അച്ഛന് സാധിച്ചില്ല.
അച്ഛൻ ഒരിക്കലും കുടിച്ചുവന്ന് ബഹളമുണ്ടാക്കുകയോ പാത്രങ്ങൾ വലിച്ചെറിയുകയോ ചെയ്തിട്ടില്ല.ഞങ്ങളു­ടെ കാര്യങ്ങൾക്കൊന്നും ഒരു കുറവും വരുത്തിയിട്ടുമില്ല.പ­ക്ഷേ അച്ഛൻ്റെ ആരോഗ്യം നശിച്ചുകൊണ്ടിരുന്നു.സമൂഹത്തിൽ അച്ഛന് ലഭിച്ചിരുന്ന ബഹുമാനത്തിനും കുറവ് വന്നു.മദ്യപാനികളെ ആർക്കാണ് വില!?
സത്യത്തിൽ ഞാൻ നിസ്സഹായനായിരുന്നു.അ­ച്ഛൻ്റെ പോക്ക് നാശത്തിലേക്കാണെന്ന് എനിക്കറിയാമായിരുന്നു­.പക്ഷേ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ! എൻ്റെ അനിയനോ മറ്റോ ആയിരുന്നുവെങ്കിൽ രണ്ടടിയെങ്കിലും കൊടുത്ത് നന്നാക്കാൻ നോക്കാം.അച്ഛനെ തല്ലാൻ പറ്റില്ലല്ലോ !

എല്ലാ രീതിയിലും പറഞ്ഞുനോക്കി.അച്ഛൻ വീട്ടിൽ വാങ്ങി സൂക്ഷിക്കുന്ന മദ്യം ഒഴിച്ചുകളയാൻ തുടങ്ങി.പക്ഷേ അതുകൊണ്ടൊന്നും അച്ഛൻ്റെ കുടി നിന്നില്ല.പുള്ളിക്കാ­രൻ എങ്ങനെയെങ്കിലും കുടിക്കാനുള്ള വഴി കണ്ടെത്തും.കുടിക്കാനാവുമ്പോൾ കൂട്ടുകാർക്ക് കുറവും ഉണ്ടാവില്ലല്ലോ ! ഡീ അഡിക്ഷൻ സെൻ്റർ പോലുള്ള ഉപാധികൾക്ക് അച്ഛൻ ഒരു തരത്തിലും സമ്മതംമൂളിയില്ല.
കഴിഞ്ഞ മെയ്മാസം അവസാനം ഞങ്ങൾ ഭയപ്പെട്ടത് സംഭവിച്ചു.രാത്രി അച്ഛൻ്റെ മുറിയിൽ ചെന്ന് നോക്കിയപ്പോൾ കിടക്ക ചുവന്നിരിക്കുന്നു.രക്തമാണ് ഛർദ്ദിക്കുന്നത് ! ഉടനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.ഒരാഴ്ച്ചയിലധികം അന്ന് എെ.സി.യു വിൽ കിടന്നു.വളരെയധികം പേടിച്ചെങ്കിലും അച്ഛൻ്റെ ജീവന് അപായം സംഭവിച്ചില്ല.പക്ഷേ കരളിൻ്റെ നല്ലൊരു ശതമാനവും നശിച്ചുകഴിഞ്ഞിരുന്നു­.പിന്നീട് പലതവണ ആസ്പത്രിയിൽ പോകേണ്ടിവന്നു.അവസാനം­ മരണവും സംഭവിച്ചു.

അച്ഛനെ ആദ്യമായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽക്ക് ഞാൻ അനുഭവിച്ച സംഘർഷങ്ങൾക്ക് കണക്കില്ല.അമ്മയുണ്ടായിരുന്നുവെങ്കിൽ എൻ്റെ ഭാരം പകുതി കുറയുമായിരുന്നു.ഇതിപ്പോൾ എല്ലാ കാര്യങ്ങൾക്കും ഞാൻ മാത്രമായി.ഒരു അഞ്ചു മിനുട്ട് പോലും ആസ്പത്രിയിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല.ബന്ധുക്കൾ വരും ; കുറച്ചു കഴിയുമ്പോൾ പോകും.അതിൽ അവരെ കുറ്റം പറയാനും കഴിയില്ല.ശരിക്കും ഞാൻ ഒറ്റയ്ക്കായിപ്പോയി.അ­ച്ഛൻ്റെ കാലൊന്ന് മുറിഞ്ഞാലോ ചെറിയൊരു പനി വന്നാലോ എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.ആ­ ഞാൻ അച്ഛൻ ചോരതുപ്പുന്നതിന് സാക്ഷിയായി.വീർത്ത വയറിൽ നിന്ന് ദ്രാവകം കുത്തിയെടുത്ത് കളയുമ്പോൾ അച്ഛൻ വേദനയോടെ നിലവിളിക്കും.അച്ഛൻ്റെ കൈ ഞാൻ പിടിക്കണം.എന്നാലേ ഡോക്ടർമാർക്ക് സൗകര്യമായി ചെയ്യാനാകൂ.സൂചിമുനകൾ­ ശരീരത്തിൽ തുളച്ചുകയറുമ്പോൾ അച്ഛൻ ഞെരങ്ങുമായിരുന്നു.ഒ­ന്ന് കരയാനുള്ള അവകാശം പോലും എനിക്ക് നിഷേധിക്കപ്പെട്ടു.

ഞാൻ കരഞ്ഞുകൊണ്ടിരുന്നാൽ അച്ഛൻ്റെ കാര്യങ്ങൾ ആരു നടത്തും? അനിയത്തിയുടെ അവസ്ഥ എന്താവും? അതുകൊണ്ട് മനസ്സു കല്ലാക്കി കരയാതെ നിന്നു.ആസ്പത്രിയിലെ ടോയ്ലറ്റിനടുത്ത് ഒരു വലിയ ജനാലയുണ്ട്.രാത്രി എല്ലായിടത്തും വിളക്കുകൾ തെളിയുമെങ്കിലും അവിടെ മാത്രം ഇരുട്ടായിരിക്കും.അവി­ടെപ്പോയി കരയും.ആ ജനൽക്കമ്പികളിൽ ഇപ്പോഴും എൻ്റെ കണ്ണുനീരിൻ്റെ ഉപ്പുരസമുണ്ടാവും....
എെ.സി.യുവിൻ്റെ പുറത്ത് കൂട്ടുകിടക്കുമ്പോൾ കൊതുകുകൾ കൂട്ടത്തോടെ വന്ന് തിന്നുമായിരുന്നു.ഉറക്ക­മില്ലാത്ത എത്രയോ ദിനങ്ങൾ...അതൊന്നും എനിക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.അച്ഛൻ എന്തിന് ഈ ശിക്ഷ ചോദിച്ചുവാങ്ങി എന്ന സങ്കടമായിരുന്നു എനിക്ക്...

അവസാന നാളുകളിൽ അച്ഛന് വാശി കൂടി.കാലിൻ്റെ വേദന കാരണം നടക്കാൻ സാധിക്കാതെയായി.പതുക്കെ നടന്ന് നടന്ന് മാത്രമേ ആ വേദന മാറൂ എന്ന് ഡോക്ടർ പറഞ്ഞു.അച്ഛനാണെങ്കിൽ­ എപ്പോഴും കിടക്കണം ! കൂടാതെ ഭക്ഷണവും മരുന്നും എല്ലാം കഴിക്കാൻ ഭയങ്കര മടി.സ്വാഭാവികമായും ദേഷ്യപ്പെടേണ്ടി വന്നു.നിർബന്ധിച്ച് നടത്തിച്ചു.ചീത്ത പറഞ്ഞ് ഭക്ഷണവും മരുന്നും കഴിപ്പിച്ചു.നടക്കണ്ട­ എന്ന് അച്ഛൻ കരഞ്ഞു പറഞ്ഞിട്ടും നിർദ്ദയം ഞാൻ നടത്തിച്ചു.ഒരു വാക്കുകൊണ്ട് പോലും അച്ഛനെ നോവിക്കാൻ ഇടവരരുതേ എന്ന് പ്രാർത്ഥിച്ചിരുന്ന എനിക്ക് അച്ഛൻ്റെ നല്ലതിനു വേണ്ടി ഇതെല്ലാം ചെയ്യേണ്ടിവന്നു....
അച്ഛനെ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുകിട്ടാനായിരു­ന്നു എല്ലാം.ഇത്ര വേഗം പോകുമെന്ന് മുൻകൂട്ടി അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ­ ഒന്നും ചെയ്യിക്കില്ലായിരുന്നു.എെ.സി.യുവിൽ ബോധരഹിതനായി കിടക്കുമ്പോൾ അച്ഛൻ്റെ കാലിൽ തൊട്ട് ഞാൻ എല്ലാറ്റിനും മാപ്പുപറഞ്ഞു.അച്ഛൻ എന്നെ ശപിക്കില്ലെന്ന് തീർച്ചയാണെനിക്ക്.അച്ഛന് അതിനു കഴിയില്ല.എന്നെ അച്ഛനറിയാം.എന്നെ അത്രത്തോളം മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്ത മറ്റൊരാളില്ല....

ഒരു ദിവസം അച്ഛനെ അനിയത്തിയേയും അമ്മായിയേയും ഏൽപ്പിച്ച് ജോലിയ്ക്ക് പോവുമ്പോൾ അച്ഛൻ എന്നോട് പറഞ്ഞു-
''മോനേ,നീയും കൂടി പോയാൽ പിന്നെ അച്ഛനാരാടാ ഉള്ളേ....'' ?
ഞാൻ-'' വൈകീട്ട് ഞാൻ ഇങ്ങു വരില്ലേ അച്ഛാ? നമുക്ക് ഇനീം ആസ്പത്രീല് പോണ്ടിവരില്ലേ? അപ്പൊ ജോലി മുടങ്ങേണ്ടിവരും.എന്തിനാ വെറുതെ ലീവ് കളയണേ....? "
അന്ന് ലീവെടുത്ത് അച്ഛൻ്റെ കൂടെ ഇരിക്കാമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.നിർഭാ­ഗ്യവശാൽ ഭാവി പ്രവചിക്കാനുള്ള സിദ്ധി നമുക്കില്ലല്ലോ !
അച്ഛൻ വല്ലാതെ പശ്ചാത്തപിച്ചിരുന്നു­.എന്നെക്കൊണ്ട് അച്ഛൻ്റെ പ്രാഥമിക ആവശ്യങ്ങൾ പോലും ചെയ്യിച്ചതിൽ സങ്കടപ്പെട്ടിരുന്നു.­പാവം....

കിടപ്പുരോഗിയായാലും എൻ്റെ അച്ഛനെ ഞാൻ നോക്കുമായിരുന്നു.എത്ര വർഷങ്ങൾ വേണമെങ്കിലും.അച്ഛൻ വെറുതെ കട്ടിലിൽ കിടന്നാൽ മതിയായിരുന്നു.''മോനേ'' എന്ന് വിളിക്കാനുള്ള ആരോഗ്യം ഉണ്ടായാൽ മതിയായിരുന്നു.എങ്കിൽ­ ഏത് കടലും ഞാൻ നീന്തിക്കടന്നേനെ.ഇപ്പോൾ ഞാൻ പകച്ചുനിൽക്കുകയാണ്..­..
മാതാപിതാക്കളെ വെറുക്കുന്ന,അവർ വേഗത്തിൽ മരിച്ചുകിട്ടാൻ പ്രാർത്ഥിക്കുന്ന,അവരെ വൃദ്ധസദനത്തിൽകൊണ്ടുപോയി തള്ളുന്ന മക്കൾ എത്രയോ ഉണ്ട് നമ്മുടെ നാട്ടിൽ.അങ്ങനെയുള്ളവരുടെ മാതാപിതാക്കൾക്ക് എത്ര കാലം വേണമെങ്കിലും ആയുസ്സ് കൊടുക്കും.അച്ഛനെയും അമ്മയേയും എത്ര സ്നേഹിച്ചാലും മതിവരാത്ത എന്നെപ്പോലുള്ളവരുടെ ഗതി ഇങ്ങനെയും ! എന്താണ് ഈ ലോകം ഇങ്ങനെ!?

അമ്മ വളരെ വേഗം പോയതുകൊണ്ട്,അമ്മയ്ക്കും അച്ഛനുമുള്ള സ്നേഹം ഒന്നിച്ച് അച്ഛനാണ് കൊടുത്തത്.മരണാനന്തരം­ അച്ഛൻ്റെ മഹത്വം തിരിച്ചറിഞ്ഞ മകനല്ല ഞാൻ.ജീവിച്ചിരുന്ന കാലത്ത് പരമാവധി സ്നേഹിച്ചിട്ടുണ്ട്.മു­തിർന്നപ്പോൾ ഞാൻ വേറെ മുറിയിൽ കിടന്നു തുടങ്ങിയെങ്കിലും ചില ദിവസങ്ങളിൽ ഞങ്ങൾ ഒന്നിച്ച് കെട്ടിപ്പിടിച്ച് കിടന്നുറങ്ങും.തളരുമ്പോൾ അച്ഛൻ്റെ മടിയിൽ തലവെച്ച് കിടക്കും.അച്ഛൻ വാത്സല്യത്തോടെ തലമുടിയിലൂടെ വിരലോടിക്കും ; ഉമ്മതരും.ഞാൻ പോത്തുപോലെ വളർന്നിട്ടും ഇതായിരുന്നു സ്ഥിതി.അതിനൊക്കെ ഇനി ആരുണ്ട്?
ഈ കുറിപ്പ് എഴുതുന്നതിനു പിന്നിൽ വ്യക്തമായ ഒരു ഉദ്ദ്യേശമുണ്ട്.എൻ്റെ­ ഗതി ഇനിയൊരാൾക്കും വരരുത് എന്ന് ആത്മാർത്ഥമായും ആഗ്രഹമുണ്ട്.ഇത് വായിച്ചതിനു ശേഷം ഒരാളെങ്കിലും കുടിനിർത്തിയാൽ,ഒരു കുടുംബമെങ്കിലും രക്ഷപ്പെട്ടാൽ എനിക്ക് സന്തോഷമാവും.

മദ്യം കൊണ്ട് ലഭിക്കുന്ന സുഖം എന്താണെന്ന് എനിക്കറിയില്ല.അറിയാൻ­ താത്പര്യവുമില്ല.ചിലർ­ക്ക് സങ്കടം മറക്കാൻ മദ്യം വേണം.മറ്റു ചിലർക്ക് ആനന്ദത്തിന് പൂർണ്ണത കൈവരിക്കാൻ കുടിക്കണം.അങ്ങനെ ഒാരോ മദ്യപാനിയ്ക്കും തൻ്റെ ശീലത്തെ ന്യായീകരിക്കാൻ ഒാരോ കാരണങ്ങളുണ്ടാവും.
അച്ഛൻ്റെ കാര്യം തന്നെ എടുക്കാം.അദ്ദേഹം മദ്യപാനത്തെ തൻ്റെ 'സ്വകാര്യസുഖം' എന്നാണ് വിശേഷിപ്പിച്ചിരുന്നത്­.അമ്മയുടെ ഒാർമ്മകളിൽ നിന്ന് മുക്തി നേടാൻ അച്ഛനെ മദ്യം സഹായിച്ചിരിക്കാം.പക്ഷേ കുടിച്ചതുകൊണ്ട് അമ്മ തിരിച്ചുവരില്ലല്ലോ.അ­തിനാൽ ആ മുക്തി താത്കാലികമായിരുന്നു.­ആ 'സുഖത്തിന്' വേണ്ടി അച്ഛന് എന്തെല്ലാം നഷ്ടങ്ങൾ സംഭവിച്ചു? പലരുടെയും ബഹുമാനവും സ്വന്തം ആരോഗ്യവും നഷ്ടമായി.മക്കളോടൊപ്പം ദീർഘകാലം ജീവിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിന് സാധിച്ചില്ല.ഒരുപാട് മാസങ്ങൾ വേദന തിന്ന് ആസ്പത്രിക്കിടക്കയിൽ കഴിച്ചുകൂട്ടേണ്ടി വരികയും ചെയ്തു.ഇത്രയും വലിയ നഷ്ടങ്ങൾക്കിടയിൽ ഒരു ചെറിയ സുഖത്തിന് എന്താണ് പ്രസക്തി?

ഇതുതന്നെയാണ് എല്ലാ മദ്യപാനികളുടെയും സഥിതി.കുടിക്കുന്നത് കൊണ്ട് വല്ല ഗുണവും ഉണ്ടെങ്കിൽത്തന്നെയും­ അതിൻ്റെ പത്തിരട്ടി നഷ്ടങ്ങൾ അപ്പുറത്തുണ്ടാവും.അച്ഛൻ സ്വയം നശിക്കാൻ ആഗ്രഹിച്ചിരുന്നില്ല.­കുടി നിർത്താൻ ആഗ്രഹമുണ്ടായിട്ടും സാധിക്കാതെ പോയതാവാം.അത്രയുമാണ് ആ ദ്രാവകത്തിൻ്റെ അഡിക്ഷൻ.
''കുറച്ച് കഴിക്കുന്നതിൽ തെറ്റില്ല'' എന്ന ന്യായം എല്ലാ മദ്യപാനികളും പൊതുവായി പറയാറുണ്ട്.അത്തരക്കാ­ർ ഒരു കാര്യം മനസ്സിലാക്കുക.എൻ്റെ അച്ഛനും ഇതുപോലെ ''കുറച്ച് '' കഴിച്ചിരുന്ന,അല്ലെങ്കിൽ വല്ലപ്പോഴും കുടിച്ചിരുന്ന ആളാണ്.ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളോ മോശം കൂട്ടുകെട്ടുകളോ ഒക്കെ ഉണ്ടാവുമ്പോൾ കുടിയൻ വളരെ വേഗത്തിൽ മുഴുക്കുടിയനാകും.ഇതി­ൻ്റെ വലയിൽ ഒരിക്കൽ പെട്ടുപോയാൽ പിന്നെ അപൂർവ്വം പേർക്കേ തിരിച്ചുവരാൻ കഴിയാറുള്ളൂ.

അതുകൊണ്ട് കഴിയുമെങ്കിൽ ഈ ശീലം മുഴുവനായും ഉപേക്ഷിക്കൂ.ഇനി ഇതിൻ്റെ പേരിൽ കുട്ടികൾ അനാഥരാകാതിരിക്കട്ടെ.ഭാര്യമാർക്ക് ഭർത്താക്കൻമാരെ നഷ്ടപ്പെടാതിരിക്കട്ടെ.ഒരു ദിവസമെങ്കിൽ ഒരു ദിവസം കൂടുതൽ ജീവിക്കുന്നതിലും വലിയ സുഖമൊന്നും ഒരു ലഹരി പദാർത്ഥത്തിനും തരാനാവില്ല....
പുനർജന്മം പോലുള്ള കാര്യങ്ങളിലൊന്നും എനിക്ക് വലിയ വിശ്വാസമില്ല.പക്ഷേ അത് സത്യമാണെങ്കിൽ അടുത്ത ജന്മത്തിലും ഈ അച്ഛൻ്റെ മകനായി ജനിക്കണം.അത്രയേയുള്ളൂ ഇപ്പോഴത്തെ ആശ.
അച്ഛനെ എവിടെ സംസ്കരിക്കണം എന്ന് പലരും ചോദിച്ചു.പാറമേക്കാവി­ൽ കൊണ്ടുപോയി ദഹിപ്പിക്കാം എന്ന് ചിലർ അഭിപ്രായപ്പെട്ടു.പെ­ട്ടന്ന് എൻ്റെ ഒാർമ്മയിൽ അച്ഛൻ പണ്ട് പറഞ്ഞ വാക്കുകൾ തെളിഞ്ഞു-
''മോനേ,എന്നെങ്കിലും ഞാൻ മരിക്കുമ്പോൾ ദേഹം പുറത്ത് കൊണ്ടു പോവരുത്.നമ്മുടെ വീടിൻ്റെ പുറകിൽ നിൻ്റെ അമ്മയും എൻ്റെ അമ്മയും കിടക്കുന്നുണ്ട്.അവിടെ­ത്തന്നെ മതി എന്നെയും......''
പെട്ടന്ന് ഞാൻ മറുപടി കൊടുത്തു-

''അച്ഛനെ ഒരിടത്തും കൊണ്ടുപോണ്ട.വീട്ടിൽത്ത­ന്നെ മതി.''
അച്ഛാ,അമ്മയുടെ വിയോഗം എനിക്ക് സഹിക്കാൻ കഴിഞ്ഞു.പക്ഷേ അച്ഛൻ ഉണ്ടാക്കിയ മുറിവ് ഒരുകാലത്തും ഉണങ്ങാൻ പോവുന്നില്ല.ജീവനുള്ള­ കാലം വരെയും ആ നീറ്റൽ എന്നോടൊപ്പമുണ്ടാകും.­ഒരുനാൾ ഞാനും മരിക്കും.അന്ന് ഞാനും വരും നിങ്ങളുടെ അടുത്തേക്ക്.അച്ഛനും അമ്മയും അച്ഛമ്മയും കിടക്കുന്ന മണ്ണിലേക്ക്.

കടപ്പാട് : സന്ദീപ്‌ ദാസ്

No comments:

Post a Comment