Saturday, 28 October 2017

പെണ്ണെന്നു കേട്ടാൽ അവനു ഹരമായിരുന്നു.. ഒടുവിൽ അവനൊരു പെൺകുഞ്ഞു ജനിച്ചപ്പോൾ സംഭവിച്ചത്


പെണ്ണെന്നു കേട്ടാൽ അവനു ഹരമായിരുന്നു…. വീട്ടിൽ പുറം ജോലിക്ക് വന്ന സ്ത്രീയോട് മോശമായി പെരുമാറിയതിന് വാപ്പയുടെ കയ്യുടെ ചൂടറിഞ്ഞ സമയത്തു അവനു വയസ്സ് പതിനാറു…. പാരലൽ കോളേജിൽ ആയിരുന്ന സമയത്തു ഏതൊ പെണ്ണിനോടു മോശമായി പെരുമാറി എന്നും പറഞ്ഞു ക്ലാസ്സീന്നു പുറത്താക്കുന്ന സമയത്തു വയസ്സു പതിനെട്ടു ആവുന്നെ ഉണ്ടാരുന്നുള്ളൂ … പിന്നീടങ്ങോട്ടു അവൻ കൂടുതൽ മോശമായി വരികയാരുന്നു. തിരക്കുള്ള ബസ് …ബസ്റ്റൊപ്പുകൾ ..എന്നു വേണ്ട ഇടവഴികളിൽ കൂടി വരെ പെണ്ണുങ്ങൾക്ക്‌ തനിച്ചു നടക്കാൻ വയ്യാത്ത അവസ്ഥയായി .. മാനാഭിമാനം ഓർത്തു പലരും പുറത്തു പറയാത്തത് അവനു കൂടുതൽ വളമായെന്നു പറയാം.

ഒരൊറ്റ മോനുള്ളത് ഇങ്ങനെ വഴിപിഴച്ചു പോയതു കണ്ടു നിസ്കാരപ്പായെന്നു കണ്ണീരൊഴുക്കി പടച്ചോനോട് പ്രാർഥിക്കാൻ മാത്രമെ അവന്റെ ഉമ്മാക്കു കഴിയുമാരുന്നുള്ളൂ .. നാട്ടുകാരുടേം കുടുംബക്കാരുടെം മുഖത്തു നോക്കാൻ വയ്യാതെ വാപ്പ എങ്ങും പോവാതെ വീട്ടിലിരിപ്പായി. ആയിടക്കാണ് ആരോ പറഞ്ഞതു അവനെ ഒരു പെണ്ണു കെട്ടിച്ചു നോക്കാം …ചിലപ്പൊ നന്നാവാൻ വഴിയുണ്ടെന്നു… പെണ്ണു കെട്ടി പലരും രക്ഷപ്പെട്ട കഥയും അയാൾ വിശദീകരിച്ചു പറയുകയും ചെയ്തു. അങ്ങിനെ ആ വഴിക്കായി ആലോചന. കയ്യിലിരിപ്പു വെച്ചു കൊള്ളാവുന്ന വീട്ടീന്നു ആരും പെണ്ണു കൊടുക്കൂല്ലാന്നുള്ളത്‌ കൊണ്ടു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കണ്ടെത്തി അവരാ ചടങ്ങ് നടത്തി .. പക്ഷേ വിവാഹ ശേഷവും അവന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലന്നുള്ളത് എല്ലാവരെയും ഒരുപോലെ സങ്കടപ്പെടുത്തി. അതിനിടയിലെപ്പോഴോ അവന്റെ ഭാര്യ ഗർഭിണിയായി.

വീട്ടിലൊരു പേരക്കുട്ടി വരുന്നതിന്റെ സന്തോഷത്തിലായി ഉമ്മയും വാപ്പയും … അവൻ അതൊന്നും കണ്ടതായി തന്നെ ഭാവിച്ചില്ല.. പ്രസവ ദിവസം അടുത്തു വന്നു… സ്വന്തം മകന്റെ സ്വഭാവ ദൂഷ്യം സമ്മാനിച്ച അനുഭവങ്ങൾ കൊണ്ടാവണം മകന് ജനിക്കാൻ പോവുന്നത് പെണ്‍കുഞ്ഞു ആവണെന്നു ആ ഉമ്മയും വാപ്പയും മനസ്സുരുകി പ്രാർഥിച്ചു പോയതു. അവരുടെയാ പ്രാര്ത്ഥന പടച്ചോൻ കേട്ടു.. പക്ഷേ കുഞ്ഞിനെ അവർക്കു നൽകി അവൾ എന്നെന്നേക്കുമായി ഈ ലോകത്തോടു വിട പറഞ്ഞു.. ഇനിയൊരു പരീക്ഷണം കൂടി സഹിക്കണ്ടാന്നു കരുതി ദൈവം ആ പാവത്തിനെ നേരത്തെ വിളിച്ചതാവണം . അവളെ സ്നേഹിക്കാനും സംരക്ഷിക്കാനും കഴിയാതെ പോയതിന്റെ കുറ്റബോധം കൊണ്ടാവണം അയാൾ ആകെ മാറിയതു. പിന്നീടങ്ങോട്ടു അയാളുടെ ജീവിതം മകൾക്ക് വേണ്ടി മാത്രം ആയി മാറുകയാരുന്നു …

അവളുടെ ഒരോ വളർച്ചയും അയാൾ നോക്കിക്കാണുകയായിരുന്നു .. അവൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്താണു കൂടെ പഠിക്കുന്ന ഏതൊ ചെറുക്കൻ അവളോടെന്തോ മോശമായി പെരുമാറിയെന്നും പറഞ്ഞു അയാൾ സ്കൂളിൽ ചെന്നു ബഹളമുണ്ടാക്കിയത്… അന്നത്തെ ആ സംഭവത്തോടെ അയാൾക്ക് മകളെ ഓർത്തുള്ള ആധി കൂടിക്കൂടി വന്നു… ക്ലാസ് ടൈം കഴിഞ്ഞു അവളെത്തുന്നത് അൽപം താമസിച്ചാൽ അയാൾ നെഞ്ച് തടവിക്കൊണ്ട് മുറ്റത്തൂടെ അങ്ങൊട്ടുമിങ്ങൊട്ടും നടക്കുന്നതു പതിവു കാഴ്ചയായി… ആയ കാലത്തു പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നു പലരും അടക്കം പറഞ്ഞു… അങ്ങിനൊരു ദിവസം പതിവു സമയം കഴിഞ്ഞും അവളെത്തിയില്ല … എന്തു ചെയ്യണം എന്നറിയാതെ അയാൾ പരക്കം പാഞ്ഞു…

നിങ്ങൾ ബേജാർ ആവാണ്ടിരിക്ക്… അവളിങ്ങു വന്നോളും … പലരും ആശ്വസിപ്പിച്ചു വെങ്കിലും അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അയാൾ .. മനസ്സിലൂടെ ഒരായിരം ചിന്തകള് കടന്നു പോയി … ഇടവഴികളിൽ യാത്രാ വേളകളിൽ ഒക്കെയും ഭയപ്പാടോടെ അയാളെ നോക്കിയിരുന്ന കണ്ണുകൾ അയാളുടെ മുന്നില് തെളിഞ്ഞു വന്നു. ചെയ്തു പോയ തെറ്റുകളുടെ ശിക്ഷ മകളുടെ രൂപത്തിലാണ് ദൈവം നൽകിയതെന്ന തോന്നലാവണം ആ കണ്ണുകൾ പശ്ചാത്താപ ഭാരത്താൽ നിറഞ്ഞൊഴുകി … അയാൾ തിരിച്ചറിയുകയായിരുന്നു പെണ്മക്കളുള്ള അച്ചനമ്മമാരുടെ വേദന … പുറത്തൊരു വണ്ടി വന്നു നിർത്തുന്ന ശബ്ദം കേട്ടയാൾ ഓടി ചെന്നു നോക്കി … മകളെ കൈപിടിച്ചു വണ്ടിയിൽ നിന്നിറക്കാൻ ശ്രമിക്കുന്നു രണ്ടു ചെറുപ്പക്കാർ.

അവരിലൊരാൾ അയാളുടെ അടുത്തേക്കു വന്നു.റോഡരികിൽ ബോധമില്ലാതെ കിടക്കുന്നതു കണ്ടു ഞങ്ങൾ അപ്പൊ തന്നെ ആശുപത്രിയിൽ എത്തിച്ചതാണ്… ബോധം വീണപ്പോഴാണ് ഇവളോട്‌ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയതു… കുഴപ്പമൊന്നുമില്ല അരമണിക്കൂർ റെസ്റ്റ് എടുത്തു വീട്ടിലേക്കു പോവാന്നു ഡൊക്ടർ പറഞ്ഞപ്പൊ അവളെ തനിച്ചു വിടാൻ തോന്നിയില്ല .. സുരക്ഷിതമായി ഇവളെ വീട്ടിലെത്തിക്കുക എന്ന ദൗത്യം ഞങ്ങൾ ഏറ്റെടുക്കുകയായിരുന്നു. അല്ലെങ്കിൽ പിന്നെ ആണാന്നു പറഞ്ഞിട്ടെന്തു കാര്യം അല്ലെ ഇക്കാ .. അയാളൊന്നും മിണ്ടിയില്ല . … അപമാന ഭാരത്താൽ ആ മുഖം കുനിഞ്ഞു പോവുന്നുണ്ടായിരുന്നു. മകളെ ചേർത്തു പിടിച്ചു സന്തോഷാധിക്യം കൊണ്ടു വിതുംബുമ്പോ ഴും ആ ചെറുപ്പക്കാരൻ പറഞ്ഞ വാക്കുകൾ അയാളുടെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. അതെ ആണു ആണായി മാറുന്നതും തലയുയർത്തി നടക്കാൻ കഴിയുന്നതും പെണ്ണിന്റെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കാൻ കഴിയുന്ന സമൂഹത്തിൽ മാത്രമാണു.

കടപ്പാട് : ഇത് എഴുതിയ ആൾക്ക്

No comments:

Post a Comment