Monday, 16 October 2017

സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്‍റെ ദാമ്പത്യ ജീവിതത്തിലെ വില്ലത്തി മറ്റാരുമായിരുന്നില്ല...

അന്ന് പതിവിലും വൈകീയായിരുന്നു ഉണർന്നത് ;ഉണർന്നപ്പോ തന്നെ അമ്മച്ചി, എന്നൊരു നീട്ടി വിളിയും പാസ്സാക്കി , അമ്മച്ചി ഹാജർ.
“എന്നതാടി കൊച്ചെ ,പോത്തു പോലെ വളർന്നു ,ഇപ്പോഴും പിള്ളേരു കളി മാറിയിട്ടില്ല ”
“എന്റെ റോസ കൊച്ചെ ” എന്നും പറഞ്ഞു അമ്മച്ചിയെ കെട്ടി പിടിച്ചു ഒരുമ്മ കൊടുത്തപ്പോൾ അമ്മച്ചി . ഫ്ലാറ്റായി.
അല്ലേലും ഈ അമ്മച്ചിമാരൊക്കെ ഇത്രയേയുള്ളൂ;
“നീ പോയി പല്ലു തേച്ചിട്ടു വാ ”
“ഇന്നുഎന്നതാ അമ്മച്ചി സ്പെഷ്യൽ”
“കള്ളപ്പവും താറാവുകറിയും”
ആഹാ ,നാവിലൂടൊരു കപ്പൽ ഓടുന്ന പോലെയുള്ള എന്റെ ഇരിപ്പു കണ്ടിട്ടു, അമ്മച്ചി എന്നെ നോക്കി ഒന്നു ചിരിച്ചു ;
“എന്നതാ അമ്മച്ചി ,ഒരു ആക്കി ചിരി “ഞാൻ കെറുവിച്ചു
എന്റെ ഇഷ്ടവിഭവമായതിനാൽ ആണ് അമ്മച്ചിയുടെ ഈ ചിരി.
അപ്പൻ പോയതിൽ പിന്നെ അമ്മച്ചിയുടെ ലോകം ഞാനും എന്റെ ഇളയവൻ പാപ്പി എന്നു ഞങ്ങൾ വിളിക്കുന്ന പത്രോസ്കുട്ടനുമാണ് ,എന്റെ ചങ്ക് ബ്രോ .അപ്പൻ അവനു ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരന്റെ പേരിട്ടതാണ് ;അതു പറഞ്ഞു ഞങ്ങൾ അവനെ കളിയാക്കാറുണ്ട്,അവനിപ്പോ പത്താം ക്ലാസ് കഴിഞ്ഞു ,പ്ലസ് ടു ആപ്പ്ലിക്കേഷൻ ഒക്കെ കൊടുത്തിട്ടു വാലാ കോലാന്നും പറഞ്ഞു നടപ്പാണു കൂട്ടുകാരോടൊപ്പം.

അമ്മച്ചി ടീച്ചർ ആണ് ,നല്ല ആദ്ധ്യാപികക്കുള്ള അവാർഡ് മേടിച്ച ആളാണ് കേട്ടോ റോസ കൊച്ചെ എന്നു ഞാൻ വിളിക്കുന്ന റോസ നൈനാൻ കോശി .
അപ്പൻ ഒരു ക്രിമിനൽ വക്കീൽ ആയിരുന്നു ,ഞങ്ങളെ വിട്ടു കർത്താവു തമ്പുരാന്റെ അടുത്തു പോയിട്ടു ഇന്നേക്ക് വർഷം മൂന്ന് കഴിഞ്ഞു .
അപ്പന്റെ വല്യ ആഗ്രഹമായിരുന്നു എന്നെയൊരു വക്കീൽ ആയി കാണാൻ , കുഞ്ഞു നാൾ മുതൽക്കു കണ്ട കറുത്ത വക്കീൽ കുപ്പായത്തോടു തോന്നിയ മുഹബത്താണ് ഇന്നു കാണുന്ന,
അഡ്വക്കേറ്റ് എൽസ നൈനാൻ കോശി എന്ന ഞാൻ ,
വയസ്സ് ഇരുത്തിയഞ്ചു ആയെങ്കിലും , എനിക്കിപ്പോഴും പത്തു വയസ്സാണെന്നാ അമ്മച്ചിയുടെയും പാപ്പി യുടെയും പക്ഷം.
പക്ഷെ എന്റെ പ്രൊഫഷനിൽ ഞാൻ ഒരു പുലിയാണെന്നൊക്കെയാണ് എന്റെ കൂട്ടുകാര് പറയുന്നേ (വൈകുന്നേരം ,കോടതി ക്യാന്റീനിൽ നിന്ന് ഞാൻ അവർക്കു പഴംപൊരിയും ചായയും ഒക്കെ മേടിച്ചു കൊടുക്കാറുണ്ട് ,നന്ദിയുള്ളവർ ആണ് )
അങ്ങനെ കള്ളപ്പവും താറാവ് കറിയും അകത്താക്കി വിശ്രമിക്കുമ്പോൾ അതാ കയറി വരുന്നു ,
വനിതാവിമോചന പ്രവർത്തക ഏലിയാമ്മയും സംഘവും
ഇവർ എന്തിനാണാവോ ഇങ്ങോട്, വന്നയുടനെ
“മാഡം,വരുന്ന തിങ്ളാഴ്ച വൈകിട്ടു , സെനറ്റ് ഹാളിൽ ഒരു പ്രോഗ്രാം ഉണ്ട് ”
“വർധിച്ചു വരുന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ” (ഓ, പതിവ് ടോപ്പിക്ക്,ഇവർക്ക് ഇതൊന്നു മാറ്റി പിടിച്ചൂടേ,സ്ത്രീയും അതിക്രമവും, ഇവിടെ പുരുഷൻ പോലും ആക്രമിക്കപെടുമ്പോഴാ; എന്നാലോചിച്ചു നിൽക്കവേ )
മാഡം ഒരാശംസ പ്രസംഗം നടത്തണം ;
കുറച്ചു എഴുത്തിന്റെ സൂക്കേട് ഉള്ളത് .കൊണ്ടാവണം ,വക്കീൽ എന്ന നിലയിലും അവരെന്നെ പ്രസംഗത്തിന് ക്ഷണിച്ചത് ;
വരാമെന്നു സമ്മതിച്ചു , തിരിഞ്ഞു നടക്കുമ്പോൾ അതാ പാപ്പി നിന്നിളിക്കുന്നു;
“എന്തോന്നാടാ ,ഇത്ര ഇളിക്കാൻ”
“അല്ല ,ഞാൻ ചിന്തിക്കുവാർന്നു,ആ പ്രോഗ്രാമിൽ വരുന്നവരുടെ ഒരു ഗതികേട് ”
“എന്നതാടാ , എന്റെ പ്രസംഗത്തിന് ഒരു കുറവ് ”
“കുറവുകൾ മാത്രമെന്നല്ല ,കൂതറയാണ് താനും ”
അവനെ തല്ലാനോടിയപ്പോൾ ,അമ്മച്ചി പിന്നാലെ നിന്നും
“വേണ്ടെടി കൊച്ചെ ,പ്രായം തികഞ്ഞ പെണ്ണാ ”
പ്രായം തികഞ്ഞോണ്ടു അമ്മച്ചി കല്യാണ ബ്രോക്കര്മാരുമായിട്ടു ഒക്കെ ചേർന്ന് എനിക്ക് പയ്യനെ അന്വേഷിപ്പിലാണ് ഇപ്പൊ ;
“ആ ഏതവനോ എന്തോ എന്നെ പോലെ ഒന്നിനെ”
എന്നു വച്ചാ,ഞാൻ അത്ര കുഴപ്പക്കാരി ഒന്നും അല്ല കേട്ടോ
ഇത്തിരി കുറുമ്പ് കൂടിയ പ്രശ്നം മാത്രം.
അടുത്ത ദിവസം വർക്കിംഗ് ഡേ ആയോണ്ട് ഒരു പനി പോലെ ,കേസ് ഫയൽ പഠിക്കാനുണ്ട്.
“അമ്മച്ചി,എനിക്ക് പനി ഉണ്ടോന്നു നോക്കിയേ”
അങ്ങനെ ആ ദിവസവും കഴിഞ്ഞു ,
തലേ നാളത്തെ പോലെ അല്ല ,നേരത്തെ തന്നെ ഉറക്കമുണർന്നു അടുക്കളയിൽ പോയി
“അമ്മച്ചിയെ ” ഇന്നു എന്നാ പറ്റിയെന്ന ഭാവത്തിൽ അമ്മച്ചിയെന്നെ നോക്കുന്നു ;
ആഹാ, വന്നു വന്നു ഇപ്പൊ നേരത്തെ എഴുന്നേൽക്കാൻ പാടില്ലെന്നും ആയോ എന്ന ഭാവത്തിൽ ഞാനും;
“ഇന്നു ,എനിക്കൊരു കേസ് വിസ്താരം ഉണ്ട്, ,ആ മോഹൻ വക്കീൽ എന്തെല്മ് കുരുട്ടു ബുദ്ധി ഉപയോഗിക്കാതിരിക്കില്ല പ്രതിയെ രക്ഷപെടുത്താൻ ”
“അതിനെന്നാ, നിന്റെ അപ്പനും കുരുട്ടു ബുദ്ധിയിൽ ഒട്ടും പിന്നിൽ അല്ലായിരുന്നു ,അങ്ങേരുടെ വിത്തല്ലേ നീ ,എന്റെ കൊച്ചു കസറും ”
ഒരു ദീർഹനിശ്വാസത്തോടെ അമ്മച്ചി എടുത്തു തന്ന ചൂട് കട്ടനും പിടിച്ചു ഉമ്മറത്ത് വന്നു സോഫയിൽ കയറി കാല് രണ്ടും മുൻപിലെ ടീപ്പോയിൽ കയറ്റി ഒരിരുപ്പ് ഇരുന്നു. നേരം വെളുക്കുന്നേ ഉണ്ടായിരുന്നുള്ളു ;
അലാറമടിച്ച പോലെ , തൊട്ടടുത്തുള്ള പള്ളിയിൽ നിന്ന്
“ഒഴുകി , ഒഴുകി ദൂരത്തെങ്ങോ പോയി ,എന്റെ ഘോര പാപങ്ങൾ ദൂരത്തെങ്ങോ പോയി ”
ഇത്യാദി ഗാനങ്ങൾ ഉയരുന്നു കേൾക്കാമായിരുന്നു
മനസ്സൊന്നു കുളിരണിഞ്ഞ പോലെ ഞാനും
പത്രക്കാരൻ പയ്യനെന്നു തോന്നുന്നു. ഞാൻ വാതിൽ തുറക്കുമ്പോഴേക്കും പത്രവുമിട്ടു അവനൊരു പോക്ക് ;
“എന്താണാവോ ഇന്നത്തെ പുതിയ വാർത്തകൾ “എന്നും പറഞ്ഞു പത്രത്തിലൂടെ ഞാൻ മൊത്തത്തിലൊന്നു കണ്ണോടിച്ചു

എന്നും ഉള്ളത് തന്നെ,
പീഡനം , കാലു വാരൽ, അപകട മരണം,,,
നേരത്തെ പോകേണ്ടതുള്ളതു കൊണ്ട് ഞാൻ റെഡി ആയി ,
അമ്മച്ചിയെ ടെ സ്പെഷ്യൽ ഇടിയപ്പവും ചിക്കൻ സ്റ്റൂവും കഴിച്ചു ,
കേസ് ഫയലും ബാഗും എടുത്തു കാറിലേക്കിട്ടു ,
കാർ എടുക്കാൻ നേരം ,
“അമ്മച്ചി അവൻ എഴുന്നേറ്റില്ലേ”
“ഇല്ലടി കൊച്ചെ , അവൻ ഉറക്കത്തിലാ”
“ശരിയെന്നും പറഞ്ഞു , ഞാൻ വണ്ടി എടുത്തു ,
വഴിയരുകിൽ എന്നെയും കാത്തു
ഗുമസ്ത പണി ചെയുന്ന വേലായുധേട്ടൻ നില്പുണ്ടായിരുന്നു
(മൂപ്പര് എന്റെ സീനിയർ വക്കീൽ ആയ ഗോപകുമാർ സർ ന്റെ പ്യൂൺ ആണ് ,എന്നും ഞാൻ വരുന്ന നേരം പുള്ളിയും കാണും ,എന്റെ അപ്പന്റെ അത്ര പ്രായം കാണുമായിരിക്കും )
പതിവ് ചിരിയോടെ ആളു വണ്ടിയിൽ കയറി ; കയറി കഴിഞ്ഞാൽ ഉടൻ നാട്ടു വർത്തമാനം തുടങ്ങും ,എല്ലാവരുടെയും വിശേഷങ്ങൾ പറയുന്ന ഒരു പ്രസ്ഥാനം ആണ് വേലായുധേട്ടൻ ;
അടുത്തുള്ള നാണുവേട്ടന്റെ തട്ടുകടയിൽ നിന്ന് ,ഒരു ചായയും കുടിച്ചു ഞാൻ ഓഫീസിലേക്ക് നടന്നു .
സ്വന്തമായി പ്രാക്ടീസ് തുടങ്ങിയിട്ടു ഇതു മൂന്നാം വർഷമാണ് ;അപ്പൻ അറിയപ്പെട്ടിരുന്ന ക്രിമിനൽ വക്കീൽ ആയിരുന്നത് കൊണ്ട് ആ പേരിൽ ആണ് ഞാനീ ഞെളിഞ്ഞു നടക്കുന്നതും അത്യവശ്യം കേസുകൾ കിട്ടുന്നതും. ഒരു ദിവസം കണ്ണടച്ച് തുറക്കുന്നതിനു മുൻപ് കഴിയുമെന്നു പറയുന്നതു വെറുതെയല്ല .
വൈകുന്നേരമായി,തിരിച്ചു വീട്ടിൽ പോകുന്നതിനിടയിൽ , ഒരു മിന്നായം പോലെ ഞാൻ അവളെ കണ്ടു ,
ഞാൻ വണ്ടി ഒതുക്കി ,
എന്നെ കണ്ടിട്ടാവണം ,അവൾ അടുത്തേക്കു വന്നു
അവളെ എനിക്ക് മറക്കാൻ കഴിയില്ല ,
ഒരുപാടു നാളുകൾ ആയിട്ടില്ല,എന്റെ മുൻപിലേക്ക് ഭാര്യയിൽ നിന്നും വിവാഹമോചനം ആവശ്യപെട്ട് അവളുടെ ഭർത്താവു എന്നു പറയുന്ന ആ മാന്യൻ എത്തുന്നത് ,ഏകദേശം പ്രായം മുപ്പതോട് അടുത്തു വരും , കാഴചയിൽ സുമുഖൻ , അയാളുടെ പരാതി പ്രകാരം ,ഞാൻ അവൾക്കു അയച്ച ഡിവോഴ്സ് നോട്ടീസും കൊണ്ടായിരുന്നു അവൾ ആദ്യമായി എന്നെ കാണാൻ വന്നത് ;
ഒരു വക്കീലിനെ കേസെൽപ്പിക്കാനുള്ള ശേഷിയൊന്നും ആ പാവത്തിന് ഇല്ലായിരുന്നതുകൊണ്ടാവണം ആരോടൊക്കെയോ ചോദിച്ചറിഞ്ഞു എന്നെ കാണാൻ അവൾ അന്ന് എത്തിയത് ;
വെളുത്തു മെലിഞ്ഞ ,പ്രായം ഏതാണ്ട് ഇരുപതു വരുമെങ്കിലായി .
ആ കണ്ണുകളിൽ ഒരു ദീനഭാവം ഉണ്ടായിരുന്നു ;
“എൽസ മാഡം ”
“ഞാൻ ആണ് ”
“ഇരിക്ക് ”
“മനസിലായില്ല ”
“ഞാൻ ആൻസി “
അവളുടെ കൈയിൽ ഇരുന്ന നോട്ടീസ് എനിക്കു നേരെ നീട്ടി
അതു കണ്ട ഉടനെ
“ഓ നിങ്ങൾ , വിൽസൺ ന്റെ ഭാര്യ” ”
” അയാൾക്ക് ,വിവാഹമോചനം വേണമെന്നാണ് പറയുന്നത് ”
തുടർന്ന് നടത്തിയ സംസാരത്തിനിടയിൽ നിന്നും ,
അയാളിൽ നിന്നും അവൾക്കു ഒരു വയസ്സ് മാത്രം പ്രായമുള്ള മകൻ ഉണ്ടെന്നും , വിവാഹം കഴിഞ്ഞിട്ടു മൂന്ന് വര്ഷമായെന്നും അറിയാൻ കഴിഞ്ഞു ; അവള് ഒരു അനാഥയാണെന്നതും ,കുഞ്ഞിലെ തന്നെ അപ്പനെയും കുറച്ചു കഴിഞ്ഞപ്പോൾ അമ്മയെയും നഷ്ടപ്പെട്ടവൾ ആണ് , അവൾക്കു കൂടെപ്പിറപ്പായി ഒരു ചേച്ചി മാത്രം. അമ്മയുടെ ആങ്ങളയുടെ കാരുണ്യം കൊണ്ടാണ് ജീവിച്ചതെന്നും. ഒരു സമൂഹവിവാഹത്തിൽ വച്ചാണ് വിൽസൺ അവളെ താലി കെട്ടുന്നത്,ലോറി ഡ്രൈവർ ആയിരുന്ന അയാൾക്ക്, പറയാൻ മാത്രം ബന്ധുക്കാരും ഉണ്ടായിരുന്നില്ല;
വളരെയധികം സന്തോഷത്തോടെ കഴിഞ്ഞിരുന്ന അവളുടെ ദാമ്പത്യ ജീവിതത്തിലെ വില്ലത്തി മറ്റാരുമായിരുന്നല്ല , അവളുടെ സ്വന്തം ചേച്ചിയായിരുന്നു.
ഏതോ പ്രണയം തകർന്ന നിരാശയിൽ വിവാഹമേ വേണ്ടെന്നും വച്ച് , ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുവാർന്നു അവളുടെ ചേച്ചി.ജോലി സ്ഥലത്തിന് അടുത്തുള്ള ഏതോ ഹോസ്റ്റലിൽ ആയിരുന്നു താമസവും.
ഇടക്കിടക്ക് അനിയത്തിയേം കൊച്ചിനെയും കാണാൻ അവൾ വന്നു പോയിരുന്നു ;
അവളെക്കാളും സുന്ദരിയായ ചേച്ചിയെ അവളുടെ ഭർത്താവു നോട്ടമെറിഞ്ഞത് ആ പാവമൊട്ടു അറിഞ്ഞില്ല താനും .ഇടക്കിടെ വന്നിരുന്ന ചേച്ചി വീട്ടിലെ നിത്യസന്ദര്ശകയായി പിന്നീടങ്ങോട്ട്,പിന്നെ അനിയത്തിയുടെ കൂടെയായി താമസം .

അങ്ങനെ ഒരു രാത്രി,ചേച്ചിടെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ഭർത്താവിനെ കണ്ടു,
അവൾ അയാളോട് ബഹളമുണ്ടാക്കിയിട്ടും പ്രയോജനം ഇല്ലായിരുന്നു;
അവളോട് ഇറങ്ങി പോകാനായിരുന്നു അയാൾ ആവശ്യപ്പെട്ടത്;
ചേച്ചി ടെ കാല് പിടിച്ചു യാചിച്ചെങ്കിലും ഫലമില്ലായിരുന്നു ;
തുടർന്ന്, അയാൾ ,ഭാര്യയിൽ നിന്നും തനിക്കു വിവാഹമോചനം ആവശ്യപെട്ട് എന്റെ അടുത്ത് വന്നതായിരുന്നു .
പറയുന്നതിനിടയിൽ വിങ്ങി പൊട്ടുന്ന അവളെ ഞാൻ ആശ്വസിപ്പിച്ചു
“അയാളോട് ഞാൻ സംസാരിക്കാം ”
ഞാൻ കൊടുത്ത ഉറപ്പിന്റെ മേൽ പ്രതീക്ഷ വച്ചായിരുന്നു അവൾ അന്ന് പോയത് .
അവൾക്കു കൊടുത്ത വാക്ക് പാലിക്കാനായി ഞാൻ
അയാളെയും അവളുടെ ചേച്ചിയേം വിളിച്ചു വരുത്തി ,ആ ദിവസം അവളും വന്നിരുന്നു കുഞ്ഞുമായിട്ടു ;
ഞാൻ രണ്ടു കൂട്ടരോടും സംസാരിച്ചു , അവൾ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയായിരുന്നു. ചേച്ചിക്ക് അനിയത്തിയുടെ ഭർത്താവിന്റെ കൂടെ ജീവിക്കണം ,അയാളുടെ ആവശ്യവും അത് തന്നെ ;
എന്റെ മുൻപിൽ യാതൊരു കൂസലുമില്ലാതെ ആ ആവശ്യം രണ്ടു പേരും ഉന്നയിച്ചപ്പോൾ , രണ്ടിന്റെയും മോന്തായം നോക്കി ഒന്നു പൊട്ടിക്കാൻ ആയിരുന്നു അപ്പൊ തോന്നിയത്.
കാര്യങ്ങൾ അമ്പിനും , വില്ലിനും അടുക്കുന്ന ലക്ഷണമില്ലന്നു കണ്ടപ്പോൾ ,ഞാൻ അവളുടെ ചേച്ചിയോട് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞു
ഏതാണ്ട് പത്തിരുപത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ,അവളെക്കാളും സുന്ദരിയായ ചേച്ചി ;
നല്ല ഭാഷയിൽ ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചു.
“നിങ്ങള്ടെ അനിയത്തിയുടെ ഭർത്താവിനെ തന്നെ വേണായിരുന്നോ ,അച്ഛനില്ലാതെ വളരേണ്ടി വരുന്ന ആ കുഞ്ഞിന്റെ കാര്യമെങ്കിലും ഓർത്തില്ലലോ ”
അവൾക്കു അതൊന്നും പ്രശ്നം അല്ലാത്ത പോലെ ആയിരുന്നു മുഖഭാവം .
“ഞാനും വിൽസൺ ചേട്ടനും ഇഷ്ടത്തിൽ ആണ് ,ഞങ്ങൾക്കു ഇനി പിരിയാൻ പറ്റില്ല ” അവൾ തെല്ലും ജാള്യതയില്ലാതെ പറഞ്ഞത് കേട്ടിട്ടു ഞാൻ അന്തം വിട്ടു ;ഇവളൊക്കെ പെൺവർഗ്ഗത്തിൽ പെട്ടത് തന്നാണോ ;
മലയാള ഡിക്ഷനറിക്ക് അന്യമായ രണ്ടു മൂന്ന് നല്ല പദങ്ങൾ മനസ്സിൽ ഉരുവിട്ടു ഞാൻ വീണ്ടും
“മോളെ , അനിയത്തിയുടെ താലി പൊട്ടിച്ചു കഴുത്തിൽ ഇടാൻ മാത്രം നിനക്ക് മനസ്സാക്ഷിയില്ലേ ”
അവളൊന്നും മിണ്ടിയില്ല ;
“ഇന്നു നിന്റെ അനിയത്തിയെ ചതിച്ചവൻ ,നാളെ നിന്നെയും ചതിക്കില്ലെന്നു വല്ല ഉറപ്പുമുണ്ടോ ”
അവസാനം എല്ലാവരെയും കൂട്ടി വരുത്തിയപ്പോൾ ,എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു ;
പക്ഷെ എന്റെ വിചാരങ്ങളെയെല്ലാം കാറ്റിൽ പറത്തി കൊണ്ട് ,
അവർ രണ്ടാളും നിലപാടിൽ ഉറച്ചു നിന്നു ,
എന്നെ ദയനീയമായി നോക്കിയ ആൻസി ടെ കണ്ണിൽ ഒരു കടലോളം സംഗടം ഞാൻ അന്ന് കണ്ടു .
സ്വന്തബന്ധങ്ങൾക്കു പുല്ലു വില കല്പിക്കുന്ന ഈ ലോകത്തിൽ , അനിയത്തിയെന്നോ ചേട്ടത്തിയെന്നോ വല്ല വിചാരമുണ്ടോ ;
മനുഷ്യത്വം നശിച്ച ലോകത്തിൽ മൃഗങ്ങളെ പോലെ അല്ലെ കുറച്ചു പേരെങ്കിലും ഇന്ന് ജീവിക്കുന്നത് ;
ഒരു തീർപ്പു കൽപ്പിക്കാൻ കഴിയാതെ അവർ അന്നിറങ്ങി,പിന്നെയൊട്ടു ഞാൻ അയാളെ ഡിവോഴ്സ് എന്നും പറഞ്ഞു കണ്ടിട്ടില്ല .
“മാഡം ”
“എന്നെ ഓർമ്മയുണ്ടോ ”
“ഞാൻ ഒരു ചിരിയോടെ , ഓര്മയില്ലാണ്ട് പിന്നെ ”
“എങ്ങനെ ഉണ്ട് ജീവിതം ”
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ഒടുവിൽ
“മാഡം , ചേച്ചിയും അയാളും ഒരുമിച്ചാ ജീവിക്കുന്നത് ”
“എവിടെ ”
“ദൂരെ എവിടെയോ ആണ് ”
“നീയും മോനും ”
“ഞാൻ അടുത്ത്തുള്ള വീടുകളിൽ ഒക്കെ ജോലിക്കു പോകുന്നുണ്ട് ”
“കഴിഞ്ഞു കൂടാനുള്ള വക കിട്ടും ”
പ്രായത്തേക്കാളും അവളുടെ മുഖത്തിനു ചുളിവുകൾ വീണിരുന്നു അപ്പോഴേക്കും ;
“അയാൾ പിന്നെ ”
“അന്ന് മാഡത്തിനെ കണ്ടിട്ടു ഇറങ്ങി പോയതാ ,പിന്നെ ഒരിക്കൽ മോനെ കാണാൻ വന്നിട്ടു പോയി ,എന്നോടൊന്നും മിണ്ടിയില്ല ”
അവളോട് സംസാരിച്ചു , തിരിച്ചു വണ്ടി എടുക്കുബോൾ
“ഒരു തെറ്റും ചെയ്യാതെ ,ജീവിതത്തിന്റെ നല്ല സമയത്തു ഒറ്റപെട്ടു പോയ , ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു ,സ്വന്തം കൂടെപ്പിറപ്പിനാൽ ചതിക്കപെട്ട പാവം പെൺകുട്ടി ”
ആൻസി മാർ ഒരുപാടുണ്ട് നമുക്കിടയിൽ ,നാളെയവർ കഥയല്ലിത് ജീവിതത്തിന്റെ നേർകാഴചയെന്നും പറഞ്ഞു നമ്മുടെ മുൻപിൽ വന്നേക്കാം ,ആരാണ്ടുടെ അമ്മക്ക് ഭ്രാന്ത് പിടിച്ചാ കാണാൻ നല്ല ചേലാണല്ലോ ,നമ്മൾ അതൊക്കെ ആസ്വദിച്ചെന്നുമിരിക്കും .കേസുകൾ തീർപ്പു കല്പിക്കുന്നത് നന്ന് ,പക്ഷെ ആരുടെയെങ്കിലും സ്വകാര്യ ജീവിതം ഒരു ചിത്രം കണക്കെ തുറന്നു പിടിക്കേണ്ട ആവശ്യമുണ്ടോ ഇത്തരം പരിപാടിക്കൾക്കു,എന്നും ഞാൻ ചിന്തിക്കാതിരുന്നില്ല.
കടപ്പാട് : ഡോക്ടര്‍ അനൂജ

No comments:

Post a Comment