Friday, 6 October 2017

പഴയ കാല അച്ഛനമ്മമാർ ശക്തരായിരുന്നു..! ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു..എങ്ങനെ ???ചോദ്യം രവിയുടെ മനസിൽ അലയടിച്ചു കൊണ്ടേയിരുന്നു.എങ്ങനെ ?..?രവി കസേരയിലേക്ക് ഒന്നുകൂടി ചാഞ്ഞു ക ഇരുന്നു.തന്റെ കുട്ടിക്കാലത്ത് ഒരു ജോഡി പുത്തൻ’ ചെരിപ്പിനായി അച്ഛനോട് ചോദിച്ചത് ഓർമ്മയുണ്ട്.“അതൊക്കെ കാശ് ഉണ്ടാവുമ്പോ വാങ്ങിക്കാം”അതായിരുന്നു അച്ഛന്റെ മറുപടി.വാശി പിടിച്ച് ചിണുങ്ങി കരഞ്ഞപ്പോൾ മുറ്റത്തെ പേരമരത്തിന്റെ തണ്ട് തുടയിൽ പതിഞ്ഞതിന്റെ നീറ്റൽ ഇപ്പഴുമുണ്ട്.ആ പഴയ അച്ഛനമ്മമാർ ശക്തരായിരുന്നു:…പക്ഷേ …..ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു… മക്കളോടുള്ള സ്നേഹത്തിനു മുൻപിൽവാക്കുകൾ കൊണ്ടു പോലും പ്രതികരിക്കാൻ കഴിയാത്തത്ര ദുർബലർ…

കഴിഞ്ഞ ദിവസങ്ങളിലെ മകന്റ വാക്കുകൾ രവിയുടെ കാതിൽ വീണ്ടും വന്നു പതിച്ചു“അച്ഛാ എനിക്ക് ഒരു ബൈക്ക് വാങ്ങി തരണം”അത്ഭുതത്തോടെ രവി തിരക്കി ”ബൈക്കോ “?അതെ ബൈക്ക്.. എന്റെ എല്ലാ ഫ്രണ്ട്സിനും ഉണ്ട് എനിക്കും വേണം ഒരു ബൈക്ക് ”ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പാട് രവിക്ക് നന്നായറിയാം അതിനിടയിൽ…മകന്റെ ശബ്ദം തുടർന്നു. ബൈക്കിന്റെ പേര് “duke ” 2 ലക്ഷം രൂപയെ വിലയുള്ളു. അമ്പതിനായിരം ആദ്യം കൊടുത്താൽ പിന്നെ ലോണായിട്ട് അടച്ചാ മതി :… മനു എളുപ്പം പറഞ്ഞുവച്ചു.ആദ്യം അവന്റെ ആഗ്രഹങ്ങൾക്കും പിന്നീട് അവന്റെ പിടിവാശികൾക്കും രവി വഴങ്ങി കൊടുത്തിരുന്നു.പക്ഷേ… ഇന്ന് മകന്റെ ആഗ്രഹങ്ങൾ ഏറെ വലുതായി തീർന്നിരിക്കുന്നു.അടുത്ത മാസം ഫ്രണ്ട്സ് ചേർന്ന് ഒരു ടൂർ പോകുന്നുണ്ടത്രേ അതിനു മുൻപേ ബൈക്ക് വേണംമനു വാശിയിലാണ് പക്ഷേ എങ്ങനെ ??

കുറച്ചു നാളുകളായി തന്റെ മകനിൽ വലിയ മാറ്റങ്ങൾ രവി കണ്ടുതുടങ്ങിയിരിക്കുന്നു.പത്താം ക്ലാസ് പരീക്ഷയിൽ 8 A+ ഉം 2 A യും വാങ്ങിയ കുട്ടിയാണ് +2 പരീക്ഷ അടുക്കാറായി .കഴിഞ്ഞ ദിവസം ജയദേവൻ മാഷ് വിളിച്ചു പറഞ്ഞിരിക്കുന്നു” മനു പഠിത്തത്തിൽ തീരെ ശ്രദ്ധയില്ലാന്നു ” ‘.മകന്റെ മുറികളിൽ പുസ്തകങ്ങൾ എന്നും ഒരു മൂലയിൽ ഒതുങ്ങി’.6 ജോഡി പുത്തൻ ചെരുപ്പുകൾ അതു കാണുമ്പോൾ മുറ്റത്തെ പേരമരത്തിന്റെ തണ്ടാണ് രവിക്ക് ഓർമ്മയിൽ വരിക.പുത്തനുടുപ്പുകൾ, പുത്തൻ വാച്ചുകൾ മനുവിന്റെ ആഗ്രഹങ്ങൾ കൊണ്ട് ആ നാലു ചുമരുകൾ നിറഞ്ഞിരുന്നു.’പലപ്പോഴും ഓഫീസിലേക്ക് ബസിനു കാശില്ലാതെ നടന്നു നീങ്ങുമ്പോൾ തന്റെ മകനു വേണ്ടിയല്ലേ എന്ന് ആശ്വസിച്ചു…..തങ്ങളനുഭവിച്ച നൊമ്പരങ്ങൾ തന്റെ മകനറിയരുതെന്ന് ആഗ്രഹിച്ചു..മുറ്റത്തെ പേരമരകൊമ്പത്തിരുന്ന് കാക്ക കുഞ്ഞ് കരഞ്ഞു കൊണ്ടേ യിരുന്നു. എങ്ങുനിന്നോ അമ്മകാക്ക പറന്ന് വന്ന് പേരമരത്തിന്റെ ചില്ലയിലെത്തി തനിക്കു കിട്ടിയ ഭക്ഷണം കുഞ്ഞിന്റെ കൊക്കിലേക്ക് മാറ്റി വീണ്ടും അന്നത്തിനായി പറന്നകന്നു..

എല്ലാ ജീവജാലങ്ങളും തന്റെ കുഞ്ഞുങ്ങളെയോർത്തു കൊണ്ടേയിരിക്കുന്നു…രവി വീണ്ടും ആലോചനയിൽ മുഴുകി.പത്താം ക്ലാസിലെ വിജയത്തിനു ശേഷം രവി മകന് ഒരു സമ്മാനം വാങ്ങി നല്കി ഒരു മൊബൈൽ ഫോൺ. നേരത്തെ വാക്കുറപ്പിച്ചതാണ്.അന്ന് അവന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു…. രവിയുടെ കവിളിൽ അവസാനമായി അവൻ ചുംബിച്ചത് അന്നായിരുന്നു’. ഫോണുമായി അടുക്കളയിലേക്ക് ഓടി “അമ്മേ കണ്ടോ അച്ഛന്റെ സമ്മാനം ”ഭാര്യ സൗദാമിനിയുടെ കവിളിലും മകന്റെ സ്നേഹചുംബനം…താനും മകനും തമ്മിലുള്ള ബന്ധം ഫോണിന്റെ വരവോടെ കുറഞ്ഞു വരുന്നതായി രവിക്ക് തോന്നി.മുൻപ് സ്കൂളിലെ വിശേഷവും നാട്ടിൻ പുറത്തെ തമാശകളും പറഞ്ഞ് അവൻ ഒപ്പം കൂടുമായിരുന്നു.“മോന് ഇപ്പഴ് എന്ത് പറഞ്ഞാലും ദേഷ്യാ രവിയേട്ടാ “..അല്പം സ്വരം ഇടറി സൗദാമിനി ഒരിക്കൽ പറയുകയുണ്ടായി.പരസ്പരം സംസാരം തീരെ കുറഞ്ഞിരിക്കുന്നു.രാത്രി ഒരു മണിയിലും രണ്ടു മണിയിലും മനുവിന്റെ മുറിയിൽ ഫോണിന്റെ നേർത്ത ശബ്ദം മുഴങ്ങിയിരുന്നു…ഒന്ന് ഉപദേശിക്കാൻ തീരുമാനിച്ചതാണ് പക്ഷേ….

സ്നേഹത്തിനു മുന്നിൽ അന്നും ദുർബലനായി.രവി കണ്ണുകൾ ഇറുകെ പൂട്ടി. സന്ധ്യ മയങ്ങി ആ ദിവസം ഒരു പാടു നാളുകൾക്ക് ശേഷം മൂവരും ഒന്നിച്ചാണ് ഭക്ഷണം കഴിക്കാനിരുന്നത്. “അച്ഛാ ഞാൻ പറഞ്ഞ കാര്യം എന്തായി” മനുവിന്റെ ചോദ്യം കേട്ട് രവി മുഖമുയർത്തി.കാതിൽ കടുക്കൻ, മുടി വെട്ടാതെ പഴയ സത്യസായി ബാബയുടെ രൂപം കണക്കെ, നന്നായി കിളിർത്തു വളരാത്ത മുഖത്തെ രോമങ്ങളിലും ചിത്ര പ്പണികൾ ചെയ്തിരിക്കുന്നു.. ഇത്തരക്കാരെ മുഴുവനായി വിളിക്കുന്ന പേര് “ഫ്രീക്കൻ ” എന്നാണെന്ന് ഒരിക്കൽ ഹംസ പറയുകയുണ്ടായി.“അച്ഛനെന്താ ഒന്നും പറയാത്തെ;”മനുവിന്റെ ശബ്ദം രവിയെ ഓർമ്മയിൽ നിന്നുണർത്തി. ”അടുത്ത ആഴ്ച്ചയാ ടൂർ പോകുന്നത് അപ്പോഴേക്കും ബൈക്ക് വേണം പിന്നെ ഒരു 5000 രൂപയും “.“മോനേ ” സൗദാമിനിയുടെ ശബ്ദം നേർത്തിരുന്നു.” അച്ഛന്റെ കാര്യങ്ങൾ മോനറിയില്ലേ ഇത്രയും കാശ് എവിടുന്ന് ഉണ്ടാക്കും”അതൊന്നും എനിക്കറിയില്ല ബൈക്ക് വേണം” .മനുവിന്റെ ശബ്ദം ഉയർന്നിരുന്നു.

സർവ്വശക്തിയും സംഭരിച്ച് രവി പറഞ്ഞുവെച്ചു ” ബൈക്ക് കാശുണ്ടാവുമ്പം വാങ്ങാം”മുന്നിലെ ചോറിന്റെ പാത്രം മനു തട്ടിയകറ്റി .അവ ഹാളിൽ ചിന്നി ചിതറി. രവി ചുറ്റിലും കണ്ണോടിച്ചു.ഇന്നലകളിൽ കഞ്ഞിവെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത ചോറിന്റെ വറ്റുകൾ പെറുക്കിയെടുത്ത് ആർത്തിയോടെ തിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഈ പുതുതലമുറയ്ക്ക് അറിയില്ലല്ലോ..സൗദാമിനിയുടെ ഏങ്ങലുകളും മനുവിന്റെ ഫോണിന്റെ ശബ്ദവും ആ വീട്ടിൽ ഉയർന്നു കേട്ടു..രവി രാവിലെ തന്റെ മേശയിൽ നിന്ന് ആധാരം പുറത്തെടുത്തു. ആകെയുള്ള സമ്പാദ്യം 10 സെന്റ സ്ഥലവും ഒരു കൊച്ചു വീടും. ആതിര ഫൈനാൻസിന്റെ പടികൾ കയറവെ രവിയുടെ കണ്ണുകൾ ഈറനറിഞ്ഞു. “സർ എത്ര രൂപയാണ് ?”.സ്റ്റാഫിന്റെ ചോദ്യം”അമ്പതിനായിരം ” രൂപ ബാഗിൽ തിരുകി രവി റോഡിലേക്കിങ്ങി.

താൻ ഒരു കടക്കാരനായി തീർന്നിരിക്കുന്നു. ബസ് സ്റ്റാൻഡിലേക്ക് ഇത്തിരി ദൂരം നടക്കേണ്ടതുണ്ട്.മുന്നിലൂടെ ഒരു ബൈക്ക് ചീറിപ്പാഞ്ഞു ” ഒരു ഫ്രീക്കൻ “..ആളുകൾ ഓടിയടുത്തു. ആൾക്കൂട്ടത്തിനിടയിലൂടെ രവിയും നുഴഞ്ഞു കയറി. ബസിന്റെ ചക്രത്തിനടിയിൽചതഞ്ഞരഞ്ഞ് ഏതോ ഒരു….. തകർന്നു വീണ ബൈക്കിന്റെ പേര് രവി വായിച്ചെടുത്തു.” duke”രവി പടികൾ കയറി.“എന്താ സാർ രൂപ ഇപ്പോൾ തന്നെ മടക്കിയത് “.കാശിന് ഇപ്പഴ് ആവിശ്യമില്ല .രവി ചുണ്ടനക്കി.ആധാരവുമായി രവി വീട്ടിലേക്കു കയറി.“എന്തായി രവിയേട്ടാ. ആകാംക്ഷയോടെ ” .സൗദാമിനി തിരക്കി. രവി മറുപടി പറഞ്ഞില്ലപകരം മുറ്റത്തെ പേരമരത്തിന്റെ തണ്ട് മുറിച്ചെടുത്ത് അതുമായി കസേരയിലേക്ക് ചാഞ്ഞു..അയാൾ മനസിൽ കുറച്ചു..” ഇനിയും വൈകിയിട്ടില്ല.. ശക്തനാകേണ്ടിയിരിക്കുന്നു.പഴയ കാലത്തെ അച്ഛനമ്മമാരെക്കാൾ ശക്തൻ...

No comments:

Post a Comment