Monday, 9 October 2017

എല്ലാ മാതാപിതാക്കളോടും സി കെ വിനീതിന്റെ അഭ്യര്‍ത്ഥന.!!കോഴിക്കോട് : അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ അമേരിക്കയോട് പരാജയപ്പെട്ടെങ്കിലും ‘ടീം ഇന്ത്യ’ കളിക്കളത്തില്‍ കാഴ്ച വെച്ച പോരാട്ട വീര്യവും ആത്മവിശ്വാസവും ചെറുതല്ല. മലയാളിയായ രാഹുല്‍ ആദ്യ ഇലവനില്‍ കളിച്ച് തിരിച്ചു കയറിയത് എല്ലാവരുടെയും മനം കവര്‍ന്നായിരുന്നു. അമേരിക്കന്‍ മുന്നേറ്റനിരയെ കൃത്യമായി പൂട്ടിയ രാഹുലിന്റെ കളിമികവിന് അഭിനന്ദനവുമായി ഇന്ത്യയുടെ പുത്തന്‍ താരോദയം സി.കെ വിനീതും രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സി.കെ വിനീതിന്റെ പ്രതികരണം.

അമേരിക്കയെ തളക്കാന്‍ നമുക്കാവുമോ എന്ന് ചോദ്യത്തിന് രാഹുല്‍ ഉത്തരം തന്നിരിക്കുന്നു എന്നു പറഞ്ഞാണ് വിനീത് പോസ്റ്റ് ആരംഭിക്കുന്നത്. അമേരിക്കന്‍ മുന്നേറ്റ നിരയെ വരച്ച വരയില്‍ പ്രതിരോധിച്ച് നിര്‍ത്താന്‍ രാഹുലിനായി എന്നും വിനീത് പറയുന്നു.

രാഹുലിന്റെ അച്ഛനുമായി സംസാരിച്ചപ്പോള്‍ മകന്റെ കളിക്ക് വിലങ്ങിടാന്‍ ശ്രമിച്ചതിനെക്കുറിച്ചും ശേഷം രാജ്യത്തിനു വേണ്ടി മകന്‍ പന്തു തട്ടിയപ്പോള്‍ അഭിമാനം കൊണ്ടതിനെക്കുറിച്ചുമൊക്കെ പറഞ്ഞെന്നു പോസ്റ്റിലൂടെ വിനീത് പങ്കുവെക്കുന്നു.


എല്ലാ രക്ഷിതാക്കള്‍ക്കു മുമ്പിലും ഒരു നിര്‍ദ്ദേശം കൂടി വെച്ചാണ് വിനീതിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ചെറിയ ബാല്യത്തില്‍ വലിയ സ്വപ്‌നങ്ങള്‍ കാണുന്ന കുഞ്ഞുങ്ങളെ രക്ഷിതാക്കളുടെ ഇഷ്ടത്തിനായി തളച്ചിടരുതെന്നും അവരുടെ ലക്ഷ്യങ്ങള്‍ പ്രാപ്തമാക്കാന്‍ അവരെ സഹായിക്കണമെന്നുമാണ് വിനീതിന്റെ നിര്‍ദ്ദേശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അമേരിക്കയെ തടഞ്ഞു നിർത്താൻ നമുക്കാകുമോ…
ഇല്ലെന്നാകും ഉത്തരം. പക്ഷെ കെ.പി രാഹുലെന്ന തൃശൂർക്കാരൻ പയ്യനെ കണ്ട ശേഷം, അവന്റെ മത്സരം കണ്ട ശേഷം നമുക്ക് ഉത്തരം മാറ്റിപ്പറയാം.

ഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടത്തിൽ അമേരിക്കൻ മുന്നേറ്റക്കാരെ രാഹുൽ വരച്ചവരയിൽ പ്രതിരോധിച്ച് നിർത്തിയത് കണ്ടപ്പോൾ മനസിലോർത്തത് “മാതൃഭൂമി”യിൽ എഴുതിയ അവന്റെ അച്ഛന്റെ തുറന്ന കത്തായിരുന്നു. മകന്റെ ഇഷ്ടം തിരിച്ചറിയാൻ വൈകിയ ഒരച്ഛന്റെ കുറ്റസമ്മതമായിരുന്നു അത്.

കഴിഞ്ഞ ദിവസം രാഹുലിന്റെ അച്ഛനുമായി സംസാരിച്ചു. മകന്റെ ഇഷ്ടത്തിന് വിലങ്ങിടാൻ ശ്രമിച്ച ഭൂതകാലത്തെ ഒരിക്കൽ കൂടി അദ്ദേഹം സങ്കടത്തോടെ ഓർത്തെടുത്തു. ശേഷം ഇളം നീലജഴ്‌സിയിൽ രാജ്യത്തിനായി ഇറങ്ങി മകൻ കാഴ്ചവെച്ച പോരാട്ട വീര്യത്തെ കുറിച്ച് അഭിമാനത്തോടെയും സംസാരിച്ചു.
തനിക്കറിയാവുന്ന രക്ഷിതാക്കളോട് മക്കളെ അവരുടെ ഇഷ്ടത്തിന് വിടാൻ പറയുമെന്നൊരുറപ്പും അദ്ദേഹം നൽകി.

ഞാനും ഓർമിച്ചു, ഫുട്ബോളാണ് എന്റെ ജീവിതമെന്ന് എന്നോടൊപ്പം എന്റെ അച്ഛനുമമ്മയും തിരിച്ചറിഞ്ഞതുകൊണ്ടാണ് എനിക്കെന്തെങ്കിലും ആവാൻ കഴിഞ്ഞത്.

ഒരുപാട് രാഹുൽമാർ നമുക്കിടയിൽ സ്വാതന്ത്ര്യം തേടി കാത്തിരിപ്പുണ്ട്. രക്ഷിതാക്കൾ ആവശ്യപ്പെടുന്ന വൈറ്റ്കോളർ ജോലിയുടെ ബാധ്യതയുമായി…

അതുകൊണ്ട് എല്ലാ രക്ഷിതാക്കളോടുമായി അഭ്യർത്ഥിക്കുന്നു.

ചെറിയ ബാല്യത്തിൽ വലിയ സ്വപ്നങ്ങൾ കാണുന്ന കുഞ്ഞുങ്ങളെ ഒരിക്കലും നിങ്ങൾ വരയ്ക്കുന്ന അതിർത്തികളിൽ മാത്രമായി തളച്ചിടരുത്. അവരുടെ സ്വപ്നങ്ങൾ നിങ്ങളോട് പങ്കിടാനുള്ള ധൈര്യം പകരണം, അവരുടെ ലക്ഷ്യങ്ങൾ നേടാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. അവർക്കൊപ്പം നിൽക്കണം, അവരുടെ ലക്ഷ്യങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ ആകണം ,

അതെന്റെ മകനും മകളുമാണെന്ന് നാളെ നമുക്ക് അഭിമാനത്തോടെ പറയാം !!!

No comments:

Post a Comment