Saturday, 28 October 2017

അല്പം തണ്ടും തടിയുമുള്ള ആണുങ്ങളെ കാണുമ്പോൾ നിന്‍റെ ഇളക്കം ഞാൻ കാണുന്നുണ്ട്...

“നീയൊരു വേശി ആയിരുന്നല്ലേ.. ?”

ബസ്സിൽ കയറി സീറ്റിലേക്കമർന്നതും, ഭർത്താവിന്റെ ചോദ്യത്തിനു മുൻപിൽ സ്ഥലകാല ബോധം നഷ്ടപ്പെട്ട്, കണ്ണു തുറിച്ചു അവൾ അയാളെ തന്നെ നോക്കിയിരുന്നു..

“അവിടെ ഇരിക്കേണ്ട ;അത് റിസേർവ്ഡ് സീറ്റാണ് ”

കണ്ടക്ടറുടെ ശബ്ദം കേട്ട് അവൾ രണ്ടു സീറ്റ് പുറകിലായി മാറിയിരുന്നു കൂടെ അയാളും..



“അല്പം തണ്ടും തടിയുമുള്ള ആണുങ്ങളെ കാണുമ്പോൾ നിന്റെ ഇളക്കം ഞാൻ കാണുന്നുണ്ട്. അവടെ കൊഞ്ചിക്കുഴയലും, കണ്ണിലെ കാമത്തിന്റെ തിളക്കവും,. നിനക്ക് ഒരുത്തനെകൊണ്ട് മതിയാവില്ല കുറേ ആണുങ്ങൾ വേണ്ടിവരും. എന്നോട് മാത്രമേ നിനക്ക് താല്പര്യക്കുറവുള്ളൂ, അത് സെക്സിൽ താത്പര്യമില്ലെന്ന് കാണിക്കാനുള്ള നിന്റെ അടവാണെന്നു എനിക്കിപ്പോൾ മനസ്സിലായി.. ഞാനുള്ളപ്പോൾ നിനക്ക് ഇത്രയൊക്കെ കാണിക്കാമെങ്കിൽ, ഇല്ലാത്തപ്പോൾ നീ ആണുങ്ങളെ ക്ഷണിച്ചു കയറ്റി, കാലു കവച്ചു വച്ചുകൊടുക്കും, അത്രയ്ക്ക് നാണം കെട്ടവളാണ് നീ ”

“ഒരുപാട് പെണ്ണുങ്ങളെ കരയിപ്പിച്ചിട്ട് അവസാനം നിന്നെ കെട്ടി, അതിനെനിക്ക് കിട്ടിയ ശിക്ഷയാ, നിന്നേപ്പോലൊരു തേവിടിശ്ശിയെ ചുമക്കേണ്ടി വന്നത്. എത്രേം പെട്ടെന്ന് ഒന്നൊഴിഞ്ഞു തരുമോ എന്റെ ജീവിതത്തിൽ നിന്നും, നിന്നെപ്പോലൊരുത്തി ഇല്ലാതായിട്ട് വേണം എനിക്ക് സുഖമായും സ്വസ്ഥമായും ഒന്നുറങ്ങാൻ. നിനക്ക് പകരം നിന്നെക്കാൾ നല്ല ആയിരമെണ്ണത്തിനെ എനിക്ക് കിട്ടും. നിന്നെ എന്റെ വീട്ടിൽ നിന്നും അടിച്ചിറക്കി ചാണകവെള്ളം തളിച്ച് ശുദ്ധിചെയ്യണം എന്നാലേ എന്റെ ജീവിതം ഗുണം പിടിക്കു”.

“കെട്ടുന്നതിന് മുൻപേ പലരും പറഞ്ഞതാ വേണ്ട ഈ ബന്ധം ശരിയാകില്ലന്നു. പക്ഷെ നീയെന്നെ സൗന്ദര്യം കാട്ടിയും കൂടോത്രം ചെയ്തും വശത്താക്കി. എനിക്ക് പറ്റിയ തെറ്റാണു നീ.
ആണുങ്ങൾ അടുത്തുവന്നിരുന്നാൽ അഭിമാനമുള്ള പെണ്ണുങ്ങൾ എഴുനേറ്റു മാറിയിരിക്കും, അതിനു അഭിമാനം എന്താണെന്നു നിനക്കറിയില്ലല്ലോ, അതറിയണമെങ്കിൽ നല്ല കുടുംബത്തിൽ പിറക്കണം. അല്ലാത്തവളുമാര് പിഴക്കും. നിന്നെപ്പോലെ അഴിഞ്ഞാട്ടക്കാരികളാകും.
നിന്നെ ഞാൻ നാണം കെടുത്തും, നാട്ടുകാരുടെ മുന്നിലിട്ട് നിന്റെ മുഖം മൂടി വലിച്ചുകീറും. ആരുടേയും മുഖത്ത് നോക്കാനാകാതെ നീ നാടുവിട്ടോടണം.”

“കല്യാണത്തിന് മുൻപ് നീ എത്ര ആണുങ്ങൾക്ക് കിടന്നുകൊടുത്തിട്ടുണ്ടെന്നു ആർക്കറിയാം, മനസ്സുകൊണ്ടും ശരീരം കൊണ്ടും നീയെന്നെ വഞ്ചിക്കും അതെനിക്കുറപ്പാണ്. ഞാനിപ്പറഞ്ഞതൊക്കെ തെറ്റാണെന്നു, നിനക്ക് കാവിലമ്മേ കൊണ്ട് സത്യം ചെയ്യാൻ പറ്റുമോടി.. പറയെടി.. വേശിപുലയാടി മോളെ..”

അയാൾ ബസ്സിലിരുന്നു ആക്രോശിച്ചു.
എല്ലാം കേട്ടു കണ്ണീർ വാർത്തു ഒരു പ്രതിമ കണക്കെ അവളിരുന്നു..
ബസ്സിലുള്ള ആളുകളെല്ലാം അവരെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവളുടെ ചേച്ചിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്നു അവർ, ചേച്ചിയുടെ മകളുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാനാണ് അവിടേക്ക് പോയത്.
സ്വന്തം ചേട്ടന്റെ സ്ഥാനത്തുകാണുന്ന ചേച്ചിയുടെ ഭർത്താവ് സുഖവിവരം ചോദിച്ചതിന് മറുപടി പറഞ്ഞതല്ലാതെ, ഭർത്താവിന്റെ സംശയരോഗം അറിയാവുന്നതിനാൽ അവൾ ആരോടും മിണ്ടാറില്ല.

കളിച്ചു ചിരിച്ചു നടന്നിരുന്ന അവളുടെ മാറ്റം എല്ലാരും ശ്രദ്ധിക്കാതിരുന്നില്ല, അവളെ അറിയാവുന്ന പലരും അവളുടെ മുഖത്തെ മ്ലാനതയുടെ കാര്യം തിരക്കിയെങ്കിലും, ആരെയും ഒന്നും അറിയിക്കാതെ അവരിൽ നിന്നെല്ലാം വളരെ സമർത്ഥമായി അവൾ ഒഴിഞ്ഞുമാറുകയായിരുന്നു.
താൻ സ്വയം തിരഞ്ഞെടുത്ത വഴിയാണ് ഈ ജീവിതം, അതുകൊണ്ട് തന്നെ അതിനെപ്പറ്റി കുറ്റംപറഞ്ഞു കരയാൻ തനിക്കർഹതയില്ലെന്നവൾ വിശ്വസിച്ചു. ആ വഴി എത്ര ദുർഘടമായാലും എത്ര കല്ലും മുള്ളും നിറഞ്ഞതായാലും, ഒക്കെ സ്വയം അനുഭവിക്കാൻ അവൾ തീരുമാനിച്ചുറച്ചിരുന്നു..

മനസ്സുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോൾ അയാൾ പുലമ്പിക്കൊണ്ടിരിക്കുന്നത്. എന്തും സഹിക്കും പക്ഷെ തെറ്റുചെയ്യാതെ മാനത്തിനു വിലപറയുന്നത് അഭിമാനമുള്ള ഒരു പെണ്ണും സഹിക്കില്ല, പൊറുക്കുകയുമില്ല.
ലോകത്തുള്ള സകല ദൈവങ്ങളെയും, ജനിക്കാൻപോകുന്ന തന്റെ കുഞ്ഞിനെപ്പോലും പിടിച്ചു ആണയിട്ടവൾ മാറത്തടിച്ചു കരഞ്ഞു..

“ഞാൻ പിഴച്ചവളല്ല.. ഈ പറഞ്ഞതൊന്നും സത്യമല്ല”

“ഛെ.. നിർത്തടി നിന്റെ അഭിനയം, എന്റെ കുഞ്ഞു നിന്നേപ്പോലൊരു പിഴച്ചവളുടെ വയറ്റിൽ പിറക്കണ്ട. നീ ഞാനറിയാതെ ഏതോ അവന്റെ കൂടെ അഴിഞ്ഞാടി നടന്നു നിന്റെ വയറ്റിലുണ്ടാക്കിയതായിരിക്കും ഇതിനെ. കുടിച്ച വെള്ളത്തിൽപോലും ഞാൻ നിന്നെ വിശ്വസിക്കില്ല. നിന്റെ കള്ളക്കരച്ചിലും കള്ളയാണയും, ഞാൻ ചത്താലും വിശ്വസിക്കാൻ പോകുന്നില്ലെടി ”

അയാൾ അവളുടെ മേൽ ചാടിക്കയറി.
അടുത്തസീറ്റിലിരിക്കുന്ന ആളുകൾ നോക്കുന്നതുകണ്ടപ്പോൾ അവളുടെ തൊലിയുരിഞ്ഞു

“ചത്താൽ മതിയാരുന്നു, ഇതിലും ഭേദം അതാ, മടുത്തു, ഇനിയും വയ്യെനിക്ക്,”

അവൾ സങ്കടം സഹിക്കാതെ പിറുപിറുത്തു

“നിനക്ക് ചാകണമെങ്കിൽ നിന്റെ വീട്ടിപ്പോയിക്കിടന്നു ചാകണം. എന്റെ വീട്ടിൽ കിടന്നു ചത്തിട്ടു, എന്റെ തലേവക്കാനുള്ള പൂതി മനസ്സിൽ വച്ചേരെ നീ പോയി ചത്തോ എനിക്കത്രേം സമാദാനം കിട്ടും ”

അയാളുടെ വാക്കുകൾ നെഞ്ചിലേക്ക്, ഒരുപിടി കനൽ കോരിയിടുകയായിരുന്നില്ല, മറിച്ചു ജീവനോടെ അവളെ അഗ്നിയിൽ ദഹിപ്പിക്കുകയായിരുന്നു. ഭൂമിപിളർന്നു സീതാദേവിയെപ്പോലെ താഴേക്കു പോയിരുന്നെങ്കിലെന്നു സകല ദൈവങ്ങളെയും വിളിച്ചവൾ യാചിച്ചു..
കെട്ടിയ നാൾമുതൽ കേൾക്കുന്നതാണ് ഈ അസഭ്യവർഷം. പിഴച്ചു ജീവിച്ച എത്രയോ പെണ്ണുങ്ങൾ കുടുംബജീവിതം ആസ്വദിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത തനിക്കു ഇങ്ങനെയൊരു വിധിയും

ഇതിനും വേണ്ടി എന്ത് പാപമാ ദൈവമേ ഞാൻ ചെയ്തത്. അർഹിക്കുന്ന ജീവിതം ലഭിച്ച സ്ത്രീകൾ ഉണ്ടാകുമോ ഭൂമിയിൽ.. ഇല്ല എന്ന് വിശ്വസിച്ചു അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു…

ബസ്സിൽ കയറുന്നവരും ഇറങ്ങുന്നവരും അവരെത്തന്നെ നോക്കിനിന്നു, ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ ദുപ്പട്ടകൊണ്ട് മുഖം മറച്ചു അവൾ നെഞ്ചുപൊട്ടി കരഞ്ഞു. കണ്ണുനീർ അവളുടെ കവിളിൽ ചാലുതീർത്തൊഴുകിക്കൊണ്ടിരുന്നു.

വെളുപ്പിനെ ആയതിനാൽ ബസ്സിൽ ആള് കുറവായിരുന്നു. ഉണ്ടായിരുന്ന കുറച്ചുപേരാകട്ടെ അവരെത്തന്നെ നോക്കിയിരിക്കുകയാണ്. അപമാനഭാരത്താൽ അവളുടെ തൊലിയുരിഞ്ഞു. ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ടപ്പോൾ അയാൾ തെല്ലൊന്നടങ്ങി. ആരും കാണാതെ മുഖം മറച്ചു കരയുകയായിരുന്നു അപ്പോഴും അവൾ.

“വീട്ടിലെത്തെട്ടടി, നിന്റെ കാര്യത്തിൽ തീരുമാനം ആക്കുന്നുണ്ട് ”
ആളുകൾ കേൾക്കാത്ത വിധത്തിൽ അയാൾ അവളോട്‌ അടക്കം പറഞ്ഞു.

പത്തുമിനിറ്റ് കഴിഞ്ഞുകാണും ബസ് അവർക്കിറങ്ങേണ്ട സ്ഥലത്തെത്തി. നേരം വെളുത്തു തുടങ്ങിയിരുന്നു.. ബസ്സിറങ്ങി അയാൾ മുൻപിലും അവൾ പിന്നിലുമായി നടന്നു.. നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ട് വയറു വലിപ്പം വച്ചു വന്നിരിക്കുന്നു. അവൾ കണക്കുകൂട്ടി അടുത്താഴ്ച ആകുമ്പോൾ ഏഴുമാസം തുടങ്ങും..മൂന്നുമാസം കൂടി കഴിഞ്ഞാൽ ഓർക്കുമ്പോൾ തന്നെ എന്തോപോലെ, അവൾ ഉരുണ്ടു വീർത്ത വയറിൽ പതിയെ തലോടി.
താൻ ഒറ്റക്കല്ല എന്നൊരു തോന്നൽ അവളിൽ ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു..

“എന്താടി നിനക്ക് നടക്കാൻ ബുദ്ധിമുട്ട്, ഇവിടെങ്ങാനും നിന്റെ കാമുകന്മാരെ ആരെങ്കിലും കണ്ടോ നീ ”

നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്നു അയാൾ ചോദിച്ചു..

മുഖമുയർത്തി അയാളെ നോക്കിയതും പെട്ടന്നുതന്നെ അവളുടെ മുഖം ഭീതികൊണ്ട് വിടർന്നു. ഗർഭിണിയാണെന്നുപോലും ഓർക്കാതെ അവൾ ഓടി അയാളെ റോഡിൽ നിന്നും നടപ്പാതയിലേക്ക് തള്ളി ഇട്ടു.. തറയിൽ വീണു മുഖത്താകെ മണ്ണുപുരണ്ടു ദേഷ്യത്തോടെ അയാൾ എടി.. എന്നുവിളിച്ചുകൊണ്ട് അലറി എഴുനേറ്റു. ഒപ്പം തന്നെ കാതടപ്പിക്കുന്ന ഒരലർച്ചയും അയാളുടെ കാതുകൾ തുളച്ചു പാഞ്ഞുപോയതും ഒരുമിച്ചാരുന്നു ..

താനിത്ര നേരം പുലഭ്യം പറഞ്ഞവൾ, കെട്ടിയ അന്നുമുതൽ ഒരു സന്തോഷവും കൊടുക്കാത്തവൾ, തന്റെ കുഞ്ഞിനെ ഇത്രനാളും ചുമന്നവൾ റോഡിൽ അരഞ്ഞു ചിതറിക്കിടക്കുന്നു, ശരീരഭാഗങ്ങളുടെ കൂട്ടത്തിൽ ചോരയിൽ പൊതിഞ്ഞൊരു പാവക്കുട്ടിപോലെ പുക്കിൾകൊടി മുറിഞ്ഞു, ജീവൻ നഷ്ടപ്പെട്ട തന്റെ കുഞ്ഞ്.
അയാൾ അലറിക്കൊണ്ട് കണ്ണുകൾ പൊത്തി…

താനെന്നും അവളെ ദ്രോഹിച്ചിട്ടേ ഉള്ളാരുന്നു, എന്നിട്ടും എനിക്കുവേണ്ടി അവൾ, ക്രൂരമായ അയാളുടെ മനസ്സുറഞ്ഞു പെയ്യാൻ വെമ്പി നിന്നു. മുറുക്കിയടച്ച കണ്ണിനുള്ളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ പുറത്തേക്കൊഴുകി
മാപ്പ് എല്ലാറ്റിനും മാപ്പ്

തനിക്കുവേണ്ടി ആദ്യമായും ഒരുപക്ഷെ അവസാനമായും അയാളൊഴുക്കിയ കണ്ണുനീർ…ജീവിതം അവസാനിച്ചു കുഞ്ഞിനോടൊപ്പം സ്വർഗത്തിലേക്കുള്ള യാത്രയിൽ അവളുടെ മനസ്സു നിറച്ചിരുന്നു...

No comments:

Post a Comment