Thursday, 2 November 2017

ബാലപീഡനക്കേസിലെ പ്രതിയെ കാറില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കൊക്കയില്‍ തള്ളി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പടെ 4 പേര്‍ അറസ്റ്റില്‍ …


ബാലപീഡനക്കേസിലെ പ്രതിയെ സുഹൃത്തുക്കള്‍ കാറില്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍. അടൂര്‍ സ്വദേശി രഞ്ചു കൃഷ്ണനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ തിരുവനന്തപുരം മലയിന്‍കീഴ് അരുവിപ്പാറ വിറക് വെട്ടിക്കോണത്ത് വീട്ടില്‍ അഭിലാഷ് (31), വെമ്പായം തേക്കട, കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക് (27), ആറ്റിപ്ര നെഹ്‌റു ജംഗ്ഷനില്‍ കൃതിക ഭവനില്‍ ഹരിലാല്‍ (37), ആക്കുളം മടത്തുവിള ലൈനില്‍ ഷാഹിര്‍ (19) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിലെ മുഖ്യകണ്ണിയും ബാലപീഡനക്കേസിലെ പ്രതിയുമായ അടൂര്‍ കടമ്പനാട് തുവയൂര്‍ ചെറുക്കാറ്റ് വീട്ടില്‍ രഞ്ചുകൃഷ്‌ണെ പിടികൂടാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഷാഡോ പൊലീസ് ടീം നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നഗരത്തിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ അഭിലാഷും ഹരിലാലും ദീപക്കും. പ്രതികളിലൊരാളുടെ കുട്ടിയേയും ഇവരുടെ സുഹൃത്തായ യുവതിയുടെ കുട്ടികളെയും രഞ്ചുകൃഷ്ണ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.

ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ രഞ്ചു ഒളിവിലായിരിക്കുമെന്ന് ബന്ധുക്കളും പൊലീസും വിശ്വസിക്കുമെന്ന് കരുതിയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. മെഡിക്കല്‍കോളജ് ഭാഗത്തെ ലോഡ്ജില്‍ രഞ്ചു ഒളിവില്‍ കഴിയുന്നതായി കഴിഞ്ഞ ഏപ്രില്‍ 24ന് പ്രതികള്‍ക്ക് വിവരം ലഭിച്ചു. രാത്രി ലോഡ്ജിലെത്തി രഞ്ചുവിനെ തന്ത്രപൂര്‍വം കാറില്‍ കയറ്റി. പിന്നെ നിര്‍ബന്ധിപ്പിച്ച് മദ്യപിപ്പിച്ചു. വട്ടപ്പാറ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച ശേഷം ഇരുമ്പ് വീല്‍സ്പാനറും മറ്റും ഉപയോഗിച്ച് മര്‍ദ്ദിച്ച് അവശനാക്കി. കാറിന്റെ പിന്‍സീറ്റിലിരുത്തി നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോയി ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് വീണ്ടും മര്‍ദ്ദിച്ച് മരണം ഉറപ്പാക്കി. പിന്നീട് അഭിലാഷ് കരിക്കകം ഭാഗത്ത് വാടകയ്‌ക്കെടുത്ത വീട്ടിന് സമീപം മറവ് ചെയ്യാനായി മൃതദേഹം ഡിക്കിയില്‍ കയറ്റി കൊണ്ടുപോയി. എന്നാല്‍ അഭിലാും ഹരിലാലും കരിക്കകത്തിറങ്ങി. മൃതദേഹവുമായി ദീപക് ഉള്ളൂരിലെത്തി സുഹൃത്തായ ഷാഹിദിനെയും കൂട്ടി എറണാകുളം മാഹി വഴി കര്‍ണാടക അതിര്‍ത്തിയിലെ കൊടുംവനപ്രദേശമായ മാക്കൂട്ടം ഭാഗത്ത് രാത്രി രണ്ട് മണിയോടെ എത്തി. ഹെയര്‍പിന്‍ വളവുകള്‍ ധാരാളമുള്ള സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ, പൊലീസ് ചെക്കിംഗ് കണ്ട് കാര്‍ തിരികെ വിട്ടു. പിന്നീട് കൊക്കയില്‍ മൃതദേഹം തള്ളുകയായിരുന്നു.

രഞ്ചുവിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ ഏപ്രില്‍ 24 മുതല്‍ മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നെന്ന് മനസിലായി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ അടുത്ത സുഹൃത്തുക്കളെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ കൊലപാതക സമയത്തോ അതിന് മുമ്പോ പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ അന്വേഷണം വഴിമുട്ടി. അഭിലാഷും സുഹൃത്തുക്കളും എന്തോ ഒളിക്കുന്നെന്ന് പൊലീസ് മനസിലാക്കി. ഇവരെ രഹസ്യമായി നിരീക്ഷിച്ചു. അതില്‍ നിന്ന് രഞ്ചു ഒളിവിലല്ല, കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലെത്തി. ഇതിനിടെ അഭിലാഷും സംഘവും ഒളിവില്‍ പോയി. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ ചില തെളിവുകള്‍ കിട്ടി. അപ്പോഴേക്കും ഇവര്‍ ഒളിവില്‍ പോയിരുന്നു. മൂന്നാര്‍ നല്ലതണ്ണിയിലെ ഹോംസ്‌റ്റേയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.

No comments:

Post a Comment