Friday, 3 November 2017

കല്യാണം കഴിക്കുവാണേല്‍ ഒരു ഗൾഫുകാരനെ തന്നെ കെട്ടണം; വൈറലായി പെണ്‍കുട്ടിയുടെ കുറിപ്പ്

കല്യാണം കഴിക്കാണേൽ ഒരു ഗൾഫുകാരനെ തന്നെ കെട്ടണം…കൂട്ടുകാരികളുടെ വീടുകളിലേക്ക് കല്യാണം ക്ഷണിക്കാൻ പോവുമ്പോൾ ആവീട്ടുകാർ ചോദിക്കണം ചെക്കനെന്താ ജോലി എന്ന്…അപ്പോൾ കുറച്ചു ഗമയോടെ പറയണം ഗൾഫുകാരനാണ് എന്ന്…കല്യാണം കഴിഞ്ഞ് ആദ്യ രാത്രിയിൽ കയ്യിൽ പാൽ ഗ്ലാസ്സുമായി നാണത്താൽ തലതാഴ്ത്തി നിൽക്കുന്ന എന്റെ കയ്യിൽ നിന്ന് പാൽ ഗ്ലാസ്സ് വാങ്ങി മേശപ്പുറത്ത് വെച്ച് അവന്റെ കെെ കൊണ്ട് എന്റെ താടി പിടിച്ചുയർത്തി എന്റെ കണ്ണിൽ നോക്കി അവൻ പറണം…എണ്ണിച്ചുട്ട അപ്പം പോലെ കിട്ടുന്ന കുറച്ചു ദിവസം മാത്രമേ നമുക്കു മുന്നിലുള്ളൂ…


ഇങ്ങനെ നാണം ഭാവിച്ച് കളയാതെ നമ്മുടെ മധു വിധു നമുക്ക് സന്തോഷത്തോടെ ആഘോഷിക്കാമെടി പെണ്ണേ എന്നു പറഞ്ഞ് അവന്റെ നെഞ്ചിലേക്ക് ചേർത്തി നിർത്തി എന്റെ നെറുകിൽ ഒരു ആദ്യ ചുംബനം അവൻ നൽകണം…ഓരോ രാത്രിയിലും തന്റെ പ്രിയതമയെ വിട്ട് പ്രവാസത്തിലേക്ക് മടങ്ങാനുള്ള നാളുകൾ എണ്ണിത്തീർക്കുമ്പോൾ അവനറിയാതെ അവന്റെ കണ്ണിൽ നിന്നുതിർന്നു വീഴുന്ന കണ്ണു നീർതുള്ളികളെ എന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കണം….വിവാഹം കഴിഞ്ഞ് ആദ്യമായി ലീവ് കഴിഞ്ഞ് തിരിച്ചു ഗൾഫിലേക്ക് പുറപ്പെടുന്നതിന്റെ തലേ ദിവസത്തെ രാത്രിയിൽ ഉറങ്ങാൻ കഴിയാതെ പുലരുവോളം കരഞ്ഞു തീർക്കണം…

അവൻ കൂടെയില്ലാത്ത ഇനിയങ്ങോട്ടുള്ള നാളുകൾ എങ്ങനൊക്കെ ജീവിക്കണം എന്നും ശരിയും തെറ്റും മനസ്സിലാക്കാനുള്ള കഴിവും മനസ്സിന് ധെെര്യം പകരാനും അവന്റെ നെഞ്ചിൽ കിടന്ന് ഉപദേശമായി എന്നെ പറഞ്ഞു മനസ്സിലാക്കണം…പിറ്റേ ദിവസം സുബ്ഹിക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ അവന്റെ ഡ്രെസ്സുകൾ ഓരോന്നും മടക്കിവെക്കുമ്പോൾ എന്റെ കണ്ണീർതുള്ളികൾ വീണ് അവന്റെ ഡ്രെസ്സുകൾ നനയണം…

എല്ലാം കഴിഞ്ഞ് എന്നോട് യാത്ര പറയുമ്പോൾ എന്നെ ചേർത്തു പിടിച്ച് കരയാൻ മുട്ടി നിൽക്കുന്ന ആ കണ്ണുകളും വിറയാർന്ന ആ ചുണ്ടുകളും കൊണ്ട് എന്നെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ എനിക്ക് പോവാൻ തോന്നണില്ല പെണ്ണേ എന്നും പറഞ്ഞു കരച്ചിലിനെ പുറത്തേക്കൊഴുക്കിക്കളയണം…അവൻ ആ വീടിന്റെ പടിയിറങ്ങുമ്പോൾ വീട്ടിലുള്ള എല്ലാവരും അവനെ യാത്ര അയക്കാൻ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന കാർ വരെ ചെല്ലുമ്പോൾ ഞാൻ മാത്രം മുകളിലത്തെ ബാൽകണിയിൽ ചെന്ന് നിൽക്കും…എല്ലാവരോടും സലാം പറഞ്ഞ് വണ്ടിയിലേക്ക് കയറുമ്പോൾ അവന്റെ കണ്ണുകൾ എന്നെ തിരയുന്നത് മുകളിൽ നിന്ന് എനിക്ക് കാണണം…

കാർ മുന്നോട്ട് നീങ്ങുമ്പോൾ നെഞ്ചിലൊരു വിങ്ങലോടെ കൺമറയുന്ന വരെ അവൻ എന്നെത്തന്നെ തിരിഞ്ഞു നോക്കുന്നതു കാണണം എനിക്ക്…എല്ലാം കഴിഞ്ഞ് അത്രയും നേരം കടിച്ചു പിടിച്ചു നിന്ന എന്നിലെ സങ്കടപ്പെരുമഴ അവനോടൊത്തു കഴിഞ്ഞ ആ നല്ല നാളുകൾക്ക് നിറം പകർന്ന ഞങ്ങളുടെ മണിയറയിലേക്ക് ഓടി വന്ന് കമിഴ്ന്ന് കിടന്ന് പൊട്ടി പൊട്ടിക്കരയണം…


അവൻ കൂടെയില്ലാത്ത ആദ്യ രാത്രി അവൻ പോവുമ്പോൾ അഴിച്ചിട്ട ഷർട്ടും കെട്ടിപ്പിടിച്ച് അവന്റെ വിയർപ്പിന്റെ ഗന്ധം മതിവരുവോളം ആസ്വദിക്കണം…പിന്നീടങ്ങോട്ടുള്ള ഓരോ ദിനവും അവൻ കൂടെയുണ്ടെന്നുള്ള ഉറച്ച വിശ്വാസത്തോടെ അവന്റെ തിരിച്ചുവരവിന്റെ ദിനങ്ങൾ എണ്ണി കാത്തിരിക്കണം….അവൻ പോവുമ്പോൾ എനിക്ക് നൽകിയ വിലപ്പെട്ട ആ സമ്മാനം എന്റെ വയറ്റിൽ വളരുന്നുണ്ടെന്ന ആ സത്യം അറിയുമ്പോൾ അവനെ ഒന്നു കാണാൻ എന്റെയുള്ളം വല്ലാതെ കൊതിക്കണം…

തന്റെ നല്ല പാതി തലചുറ്റി വീണ് ഹോസ്പിറ്റലിലാണെന്നറിഞ്ഞ അവൻ ബേജാറായി ഫോൺ വിളിക്കുമ്പോൾ
അവൾക്കൊന്നൂല്ലെടാ… എന്റെ മോൻ ഒരു ഉപ്പയാവാൻ പോവുന്നു എന്ന ആ സന്തോഷവാർത്ത ഉമ്മാന്റെ നാവിൽ നിന്നും ആദ്യമായ് അവൻ അറിയണം…സന്തോഷം കൊണ്ട് വാക്കുകൾ കിട്ടാതെ അവൻ കുഴങ്ങണം…ആ ശുഭമുഹൂർത്തത്തിൽ അവൻ കൂടെയില്ലാത്തതിന്റെ വേദന ശരിക്കും ഞാൻ അനുഭവിച്ചറിയണം..അതു പോലെ ഈ ഒരവസരത്തിൽ എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ പറ്റാത്തതിന്റെ വിഷമം വേണ്ടുവോളം അവനും അനുഭവിക്കണം…

പിന്നീടങ്ങോട്ടുള്ള ഓരോ ഫോൺ സംഭാഷണങ്ങളിലും എന്റെ വയറ്റിൽ കൊരുത്ത ജീവന്റെ തുടിപ്പിന്റെ വിശേഷങ്ങൾ കൊണ്ട് നിറയണം…ഇക്കാനെ പോലൊരു മൊഞ്ചൻ ആൺ കുട്ടിയായിരിക്കും എന്ന് ഞാൻ പറയുമ്പോൾ എന്റെ പെണ്ണിനെ പോലെ ഒരു നക്ഷത്രക്കണ്ണുള്ള രാജകുമായായിരിക്കും എന്ന് പറഞ്ഞ് തർക്കിക്കണം…

അവസാനം പ്രസവ വേദന തുടങ്ങി അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോവാണെന്ന് ഉപ്പ അവനെ വിളിച്ച് പറയുമ്പോൾ മനസ്സമാധാനം നഷ്ടപ്പെട്ട് ജോലിക്കു പോവാൻ പോലും കഴിയാതെ തന്റെ പെണ്ണിനും കുഞ്ഞിനും ഒന്നും വരുത്തരുതേ എന്ന് നിസ്കാരപ്പായയിലിരുന്നു കരഞ്ഞു പ്രാർത്ഥിക്കണം…ഓരോ അഞ്ചു മിനുട്ടിലും എന്തായി അവിടുത്തെ പാട് എന്നു ഫോൺ ചെയ്ത് ചോദിച്ച് വീട്ടുകാരെ ബുദ്ധിമുട്ടിക്കണം…പ്രസവിച്ചാൽ ഞങ്ങൾ അങ്ങോട്ട് വിളിക്കാം മോനേ എന്നു പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ച് വീട്ടുകാരെ ദേഷ്യം പിടിപ്പിക്കണം…

കാത്തിരിപ്പിനൊടുവിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ കെെകുഞ്ഞുമായി സിസ്റ്റർ ലേബർ റൂമിന് പുറത്തേക്കു വരുമ്പോൾ പ്രസവിച്ചു പെൺ കുഞ്ഞാണെന്ന് പറയുന്നതു പോലും കേൾക്കാൻ കാത്തു നിൽക്കാതെ അവനെ ഫോൺ ചെയ്യുന്ന ഉപ്പയുടെ കണ്ണുകൾ നിറയുന്നതും ആ വാർത്ത കേട്ട അവൻ സന്തോഷം കൊണ്ട് അള്ളാഹുവിനെ സ്തുതിക്കുന്നതും പിന്നീട് എന്റെ അവസ്ഥയെ കുറിച്ച് ചോദിക്കുന്നതും എനിക്ക് അറിയണം…

എല്ലാം കഴിഞ്ഞ് എന്റെ കയ്യിലേക്ക് അവന്റെ ഫോൺ തരുമ്പോൾ ക്ഷീണിച്ച സ്വരത്താൽ ഇക്കാ എന്ന് വിളിക്കുമ്പോൾ എന്റെ മുത്തിന് ഒത്തിരി വേദനിച്ചോടീ എന്ന് ചോദിക്കുമ്പോൾ അവന്റെ ശബ്ദം ഇടറുന്നത് എനിക്ക് കേൾക്കണം….എല്ലാം അവസാനിപ്പിച്ചിട്ട് തന്റെ നല്ല പാതിയുടേയും തന്റെ ചോരയിൽ പിറന്ന മോളുടെ അടുത്തേക്കും പറന്നെത്താൻ അവന്റെ മനസ്സ് വെമ്പൽ കൊള്ളണം…എത്ര പറഞ്ഞാലും മതിവരാത്ത വിശേഷങ്ങളുമായി അവന്റെ വരവിനായ് നാളുകളെണ്ണിക്കാത്തിരിക്കുന്നതിന്റെ സുഖം ലോകത്തിലെ ഒരു ശക്തിക്കും കിട്ടില്ല…

No comments:

Post a Comment