Wednesday, 1 November 2017

നാട്ടീന്നു ബാംഗ്ലൂർ പോയി ജോലി ചെയുന്ന പെങ്കുട്യോൾക്ക് ഭൂരിഭാഗത്തിന് മറ്റേത് ഉണ്ടാവില്ല

ഇന്നെന്റെ കല്യാണമാണ്… !

ആറ്റുനോറ്റുണ്ടായ ഈ വിവാഹം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാരും കൂട്ടുകാരും..

എന്റെ വീട്ടിൽ എല്ലായിടത്തും സന്തോഷവും ആഹ്ലാദവും നുരതല്ലുമ്പോൾ ഒരിടത്തു മാത്രം പേടിയും ആശങ്കയും നിറഞ്ഞു നിന്നു…

മറ്റെങ്ങുമല്ല എന്റെ ഇടനെഞ്ചിൽ തന്നെ…


അതിന്റെ കാരണം എന്താണെന്ന് വഴിയേ പറയാം.. ഇപ്പൊ സമയമില്ല, കാരണം കുളിച്ചു കുട്ടപ്പനായി അണിഞ്ഞൊരുങ്ങാൻ ഒരിച്ചിരി സമയം എനിക്ക് കൂടുതലായി വേണം..

അലങ്കരിച്ച വിവാഹമണ്ഡപത്തിൽ ഇരിക്കുമ്പോൾ എന്റെ ഇടനെഞ്ചിലെ ഡപ്പാംകൂത്തു പുറംലോകം അറിയുന്നുണ്ടോ എന്നറിയാൻ ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു..

ഭാഗ്യം, അടുത്തുള്ളവരാരും എന്റെ മുഖഭാവം ശ്രദ്ധിക്കുന്നില്ല..

പെട്ടെന്ന് ചുറ്റുമുള്ളവരുടെയെല്ലാം ഒരിടത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഞാനും അങ്ങോട്ടൊന്ന് എത്തിനോക്കി…

അതാ വരുന്നു… എന്റെ നല്ലപാതി ആകാൻ പോകുന്ന പെൺകുട്ടി…

‘ജാനകി ‘

വിവാഹ വസ്ത്രത്തിന്റെ ശോഭായാലും അണിഞ്ഞിരിക്കുന്ന ആഭരണങ്ങളുടെ തിളക്കത്താലും ജാനകിയുടെ സൗന്ദര്യം പതിന്മടങ്ങു വർദ്ധിച്ചിരിക്കുന്നതുപോലെ തോന്നി എനിക്ക്…

വിവാഹമണ്ഡപത്തിൽ എനിക്കരുകിൽ വന്നിരുന്ന ജാനകി എന്നെനോക്കിയൊന്നു പുഞ്ചിച്ചപ്പോൾ ആ മുഖം അപ്സരസ്സിനു തുല്യമാണെന്ന് തോന്നിപോയി..

ഇത്ര സൗന്ദര്യമുള്ള ഒരുവളുടെ ഭർത്താവാകാൻ പോകുന്ന ഈ ഞാൻ ഭാഗ്യവാൻ തന്നെ..

ഞാനൊന്നു ഞെളിഞ്ഞിരുന്നു…

പെട്ടെന്നാണ് ആ ചിന്ത മനസ്സിലേക്ക് വീണ്ടും കടന്നു വന്നത്..

ജാനകിയുമായുള്ള വിവാഹം ഉറപ്പിച്ചതുമുതൽ എന്റെ നെഞ്ചിടിപ്പ് കൂട്ടിയ ആ ചിന്ത…

“ജാനകി വെർജിനാണോ… ?”

എന്റെ മനസ്സിലുള്ളത് ഓൾടെ ചെവിയിലെത്തിയപോലെ ജാനകി എന്നെനോക്കിയൊന്നു ചോദ്യഭാവത്തിൽ മിഴി കൂർപ്പിച്ചു.. ?

‘ഹേയ്, നിന്റെ കഴുത്തിൽ മിന്നുകെട്ടാൻ കൊതിയാകുന്നു പെണ്ണെ ‘

മനസ്സിലുള്ളത് നൈസ്സായി മറച്ചുവെച്ചുകൊണ്ട് ഞാൻ ജാനകിയുടെ ചെവിയിലത് പറഞ്ഞപ്പോൾ അവളൊന്ന് ഇളകിച്ചിച്ചിരിച്ചു പറഞ്ഞു..

ഹമ്പട കൊതിയാ… !

താലികെട്ടലും അതിനു ശേഷമുള്ള തിക്കും തിരക്കും കഴിഞ്ഞു സമാധാനമായി സദ്യയുണ്ടതിനുപിറകെ ഒരിച്ചിരി പാലടപ്പായസത്തിൽ രണ്ട് ഞാലിപൂവൻ പഴം കുഴച്ചുചേർത്ത് അതിനുമുകളിൽ ഒരു ചെറ്യേ പപ്പടത്തെ പൊടിച്ചമർത്തി ഒന്ന് മൊത്തത്തിൽ ഞെരിച്ചു വലതുകൈയ്യാൽ വാരിയെടുത്ത് വായിലേക്ക് ചേർക്കുമ്പോഴാണ് ഒരു വളിച്ചചിരിയോടെ ജോണികുട്ടൻ മുന്നിലേക്ക് കടന്നുവന്നത്..

എന്റെ ബാല്യകാല സുഹൃത്തും, സഹപാഠിയും,, വഴികാട്ടിയുമാണ് ജോണികുട്ടൻ..

ഒരേപ്രായക്കാരാണെങ്കിലും ജോണികുട്ടൻ വിവാഹം കഴിച്ചിട്ടില്ല.. പക്ഷെ ചില കാര്യങ്ങളിൽ അവന്റെ “അറിവ്” വളരെ വലുതായിരുന്നു..

ജോണികുട്ടൻ എന്നെ നോക്കി ചിരിച്ച ആ വളിച്ച ചിരിയിൽ കുറച്ചു നേരത്തെക്ക് ശാന്തമായിരുന്ന എന്റെ മനസ്സിനെ വീണ്ടും അസ്വസ്ഥമായി..

ചായ സൽക്കാരവും കഴിഞ്ഞു അലങ്കരിച്ച മണിയറയിൽ ജാനകിയേയും കാത്ത് ആവേശ വിവശനായി കുത്തിരിക്കുമ്പോഴാണ് ജോണികുട്ടന്ടെ വാക്കുകൾ മനസ്സിലേക്ക് ഓടിയെത്തിയത്…

ഈ ബാംഗ്ലൂരിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പെങ്കുട്യോൾ ഭൂരിഭാഗവും പോക്ക് കേസ് ആരിക്കും മച്ചാനെ…

നീയെന്താ ഉദ്ദേശിച്ചത് ജോണിക്കുട്ടാ.. കാര്യം തെളീച്ചു പറയ്..

ഞാൻ ആകാംക്ഷയോടെ ചോദിച്ചു..

എടാ മുത്തേ, നമ്മുടെ നാട്ടീന്നു കുറ്റീം പറിച്ചു ബാംഗ്ലൂർ പോയി പഠിച്ചു ജോലി ചെയുന്ന കല്യാണം കഴിയാത്ത പെങ്കുട്യോൾക്ക് ഭൂരിഭാഗം എണ്ണത്തിനും മറ്റേത് ഉണ്ടാവില്ല..

എന്തൂട്ട് ഉണ്ടാവില്ലാന്നാ നീ പറയണേ ജോണിക്കുട്ടാ..

എടാ വെർജിനിറ്റി അതായത് കന്യകാത്വം അതുണ്ടാവില്ലാന്ന്…

ജോണിക്കുട്ടി അവന്റെ വാക്കുകൾ എന്നെ വിശ്വസിപ്പിക്കുന്ന വിധമുള്ള ന്യായീകരണങ്ങൾ എനിക്കുമുന്നിൽ നിരത്തി.. പോരാത്തതിന് ബാംഗ്ലൂരിൽ പഠിക്കുന്നത് എന്ന് പറയപ്പെടുന്ന ഏതോ പെൺകുട്ടികളുടെ കുറച്ചു വീഡിയോസും എനിക്കവൻ മൊബൈലിലേക്ക് ഷെയർ ചെയ്തു തന്നു…

ജോണികുട്ടിയുടെ വാക്കുകളും ആ വീഡിയോസും കണ്ട ഞാനും അത് വിശ്വസിച്ചു.

‘അവർ കന്യകാത്വം നശിച്ചവരാണ്.’..

ജാനകി ബംഗ്ലൂരിൽ ഏതോ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് എന്നറിഞ്ഞതോടെ ഞാനീ വിവാഹം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു..

കാരണം എന്റെ വിശ്വാസത്തിൽ ബംഗ്ലൂരിൽ ജോലിചെയുന്നവരെല്ലാം വിവാഹത്തിന് മുൻപേ കന്യകാത്വം നശിച്ചവരാണല്ലോ..

പക്ഷെ അമ്മയുടെ പിടിവാശിക്കുമുന്നിൽ എനിക്ക് കീഴടങ്ങേണ്ടി വന്നു, അങ്ങനെ ജാനകിയെ എനിക്ക് വിവാഹം കഴിക്കേണ്ടി വന്നു…

“ജാനകി വെർജിൻ ആയിരിക്കുമോ.. ?”

ഞാനാ ചോദ്യം എന്നോട് തന്നെ പലവുരു അവർത്തിക്കുമ്പോഴാണ് കയ്യിൽ പാൽപാത്രവുമേന്തി നാണത്താൽ കുനിഞ്ഞ മുഖത്തോടെ ജാനകി മണിയറയിലേക്ക് പ്രവേശിക്കുന്നത്…

അവളുടെ ആ വരവും ഭാവവും നാണവും കണ്ടതോടെ അത്രനേരം മനസ്സിനെ അസ്വസ്ഥമാക്കിയ ചിന്തകളെ ഒരിടത്തേക്ക് മാറ്റിവെച്ചു കൊണ്ട് ഞാൻ ആദ്യരാത്രിയുടെ മാധുര്യം നുണയാൻ വെപ്രാളപ്പെട്ടു…

ജാനകിയുടെ കയ്യിൽനിന്നും കാച്ചിയപാൽ തട്ടിപ്പറിച്ചു ഒറ്റവലിക്ക് മുഴോനും വലിച്ചു കുടിച്ചു…

എന്റെ വെപ്രാളംകണ്ട് അന്തവിട്ടു നിൽക്കുന്ന ജാനകിയെ കട്ടിലിലെ ചിതറികിടക്കുന്ന മുല്ലപ്പൂക്കൾക്കിടയിലേക്ക് കൈപിടിച്ചിച്ചു ഇരുത്തികൊണ്ട് മറുകൈയ്യാൽ ബെഡ്ലാമ്പിന്റെ സ്വിച്ചിൽ ഞാൻ കയ്യമർത്തി…

അന്തരീക്ഷത്തിൽ വാടിയ മുല്ലപ്പൂ ഗന്ധം പരന്നു…

പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ ബെഡിൽ ജാനകിയെ കണ്ടില്ല..

കള്ളി.. നേരത്തെ എണീറ്റുകാണും..,

ജാനകിയുടെ ഉടലിന്റെ സുഗന്ധം അവിടമൊക്ക നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ആവേശത്തോടെ തലയണയിൽ മുഖം അമർത്തി..

പെട്ടെന്ന് ജോണികുട്ടിയുടെ വാക്കുകൾ ഒരു നടുക്കത്തോടെ മനസ്സിലേക്ക് ഇരമ്പിയെത്തി..

ജോണിക്കുട്ടി പറഞ്ഞത്പ്രകാരം ആണെങ്കിൽ കന്യകയായ ഭാര്യയുടെകൂടെ ആദ്യരാത്രി പങ്കിടുമ്പോൾ ഒരുതുള്ളി രക്തമെങ്കിലും ബെഡ്ഷീറ്റിൽ കാണേണ്ടതാണ്…

ഞാൻ ബെഡ്ഷീറ്റിൽ അരിച്ചുപെറുക്കി നോക്കി..

ഇല്ല… രക്തക്കറ എവിടെയും കാണാനില്ല… !

അപ്പോൾ ഇതിനർത്ഥം ?

അതെ ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു..

കന്യകാത്വം നശിച്ച ഒരുവളെയാണ് ഞാൻ താലിചാർത്തി ഭാര്യയാക്കിയത്..

അവളുടെ കൂടെയാണ് ഞാൻ ആദ്യരാത്രി പങ്കിട്ടത്..

ചതി… കൊടുംചതി.. !

ഏട്ടൻ എണീക്കുന്നില്ലേ.. ?
സമയം ഏഴുമണി കഴിഞ്ഞുട്ടോ..

കയ്യിലൊരു കപ്പ് ചായയുമായി ജാനകി അടുത്തുവന്ന് വിളിച്ചപ്പോൾ പെട്ടെന്ന് ഞെട്ടി കണ്ണ് തുറന്നു..

അവളുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങുമ്പോൾ മനഃപൂർവം ഞാനാ മുഖത്തേക്ക് നോക്കിയില്ല..

അലസമായി ചൂട് ചായ ഊതികുടിക്കുമ്പോൾ ജാനകി പിറകിലൂടെ വന്നു കഴുത്തിൽ മുഖം ചേർത്തു വെച്ചു..

രാവിലെതന്നെ ഏട്ടന്റെ അമ്മ ഫോൺ വിളിച്ചിരുന്നു. ഏട്ടൻ നല്ല ഉറക്കം ആയിരുന്നത്കൊണ്ട് ഞാനാണ് അമ്മയോട് സംസാരിച്ചത്.. അമ്മ നല്ല സന്തോഷത്തിലാണ് ഏട്ടാ.. എനിക്ക് ആ വീട്ടിലേക്ക് പോകാൻ കൊതിയാകുന്നു…

ഉവ്വാടി, എന്നെ വഞ്ചിച്ച നിന്നെ ഞാനെന്റെ വീട്ടിൽ കൊണ്ടുപോയി കെട്ടിലമ്മയായി വാഴിക്കാം..

ഞാനത് മനസ്സിൽ പറഞ്ഞുകൊണ്ട് അസ്വസ്ഥയോടെ കൈകൾ കൂട്ടിതിരുമ്പി..

നീ പെട്ടെന്ന് റെഡിയാവു, നമുക്കൊരിടം വരെ പോകാം എന്ന് പറഞ്ഞു കുളിമുറിയിലേക്ക് നടക്കുമ്പോൾ ജാനകി കൊച്ചുകുട്ടിയെപോലെ തുള്ളിച്ചാടികൊണ്ട് അണിഞ്ഞൊരുങ്ങാൻ ശ്രമിക്കുന്നത് ഞാൻ ഏറുകണ്ണിട്ട് നോക്കി..
കുളികഴിഞ്ഞിറങ്ങുമ്പോൾ മനസ്സിൽ ചിലതെല്ലാം കണക്കുകൂട്ടിയിരുന്നു..

ജാനകിയുടെ അമ്മയോടും അച്ഛനോടും യാത്രപറഞ്ഞു കാറിൽ കയറുമ്പോൾ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല ഈ വീട്ടിലേക്ക് എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു..

കാറിൽ യാത്രതുടരുമ്പോൾ എന്റെ നിശബ്ദത കാരണമായിരിക്കാം ജാനകി ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു..

ജാനകി, നമ്മുടെ വിവാഹത്തിന്റെ അന്നുവരെ നീ വെർജിൻ ആയിരുന്നോ.. ?

പെട്ടെന്നുള്ള എന്റെ ചോദ്യംകേട്ട് ജാനകി ഒന്ന് അമ്പരന്നു എന്ന് തോന്നുന്നു..

ങേ… ഏട്ടാ, ഇതെന്താ ഇങ്ങനെ ചോയ്ക്കുന്നെ ?

എന്റെ ഇടതു കൈതണ്ടയിൽ അമർത്തി പിടിച്ചുകൊണ്ട് ജാനകി ചോദിച്ചപ്പോൾ കാർ റോഡരുകിൽ ഒതുക്കിനിർത്തി ഞാനാ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി..

ഞാൻ പ്രതീക്ഷിച്ച പതർച്ച ആ മിഴികളിൽ കണ്ടില്ല, പകരം അമ്പരപ്പും ഭയവും നിറഞ്ഞു നിന്നിരുന്നു ആ ഉണ്ടക്കണ്ണുകളിൽ…

ജാനകി, ഞാൻ നിന്നെപ്പോലെ കേരളംവിട്ടു പുറത്തുപോയി നിന്നിട്ടില്ല, പക്ഷെ അവിടെ ജീവിക്കുന്നവർ എങ്ങിനെയാണെന്ന് എനിക്ക് നന്നായിഅറിയാം.., പക്ഷെ നീ എന്നെ ചതിക്കില്ല എന്നൊറ്റ വിശ്വാസത്തിൽ ആയിരുന്നു ഞാൻ നിന്നെ വിവാഹം കഴിച്ചത്… എന്നിട്ടും, എന്തിനായിരുന്നു ജാനകി നീയെന്റെ ജീവിതം ഒരൊറ്റ ദിവസം കൊണ്ട് തകർത്തു കളഞ്ഞത്… ?

അത്രേം പറഞ്ഞപ്പോഴേക്കും തൊണ്ട ഇടറിയിരിരുന്നു.. വാക്കുകൾ പതറുന്നുണ്ടായിരുന്നു.. കണ്ണുകൾ നിറയുന്നുണ്ടോയെന്നൊരു സംശയം തോന്നിയപ്പോൾ അലക്ഷ്യമായി പുറത്തേക്കു നോക്കിയിരുന്നു..

ഏട്ടാ, എന്താ ഈ പറയുന്നേ.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഞാനേട്ടനെ ചതിച്ചിട്ടില്ലേട്ടാ, അത്രേം ഇഷ്ടത്തോടെ തന്നെയാ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്ക് വന്നത്.. ഇങ്ങനൊക്കെ പറയല്ലേ ഏട്ടാ..

ജാനകി എന്റെ ഇടംകയ്യിൽ പിടിമുറുക്കി വിങ്ങിപ്പൊട്ടി കരയുകയാണ്..

നമ്മളിപ്പോൾ എന്റെ വീട്ടിലേക്കാണ് പോകുന്നത്, എന്റെ അമ്മയുടെ അടുത്തേക്ക്.. അമ്മയോട് കാര്യങ്ങൾ പറഞ്ഞതിനുശേഷം നിന്നെ ഞാൻ തിരികെ വീട്ടിൽ കൊണ്ടുവന്നു വിടും.. ഒരു ദിവസം നീണ്ടുനിന്ന നമ്മുടെ ദാമ്പത്യബന്ധം അങ്ങിനെ അവസാനിക്കും..

കൈത്തണ്ടയിൽ നിന്നും ജാനകിയുടെ കൈ ബലമായി എടുത്തുമാറ്റി കാറിന്റെ ചാവി തിരിച്ചു കൊണ്ട് ഞാൻ നിർവികാരതയോടെ പറഞ്ഞു..

നിറഞ്ഞ മിഴിയുമായി എനിക്ക് പിറകെ വീട്ടിലേക്ക് കയറിവരുന്ന ജാനകിയെ കണ്ട് ഉമ്മറപ്പടിയിൽ നിറവിളക്കുമേന്തി
നിന്ന അമ്മ ആകെ അന്ധാളിച്ചു..

എന്തുപറ്റി മോളെ ? എന്തിനാ കരയുന്നെ ?

ജാനകിയോടുള്ള അമ്മയുടെ ചോദ്യത്തിന് ഞാനാണ് മറുപടി നൽകിയത്..

ഇവളെന്നെ ചതിച്ചമ്മേ, കല്യാണത്തിന് മുൻപേ ഇവളുടെ കന്യകാത്വം നശിച്ചിരുന്നു.. എനിക്കിനി ഇവളെ വേണ്ട..

ഒന്നും മനസിലാകെ അമ്മ വാ പൊളിച്ചു നിന്നപ്പോൾ എനിക്ക് കാര്യങ്ങൾ അമ്മയോട് വിശദമായി പറയേണ്ടിവന്നു..

ഞങ്ങളുടെ ആദ്യരാത്രിയെ കുറിച്ചും ബെഡ്ഷീറ്റിൽ രക്തക്കറ കാണാതിരുന്നതിനെക്കുറിച്ചും പറഞ്ഞു തീരുമ്പോഴേക്കും അതുവരെ ഏങ്ങലടിച്ചു നിന്ന ജാനകി എന്റെ മുന്നിലേക്ക് കയറി നിന്നു ചീറിക്കൊണ്ട് ചോദിച്ചു..

ഓഹോ, ഇതാണല്ലേ ഞാൻ പതിവ്രത അല്ലായെന്നു ഏട്ടൻ സംശയിക്കാൻ കാരണം.. ?

ഹമ്.. അതുതന്നെ കാരണം…
ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു..

ഏട്ടൻ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത് ?
സ്വന്തം ഭാര്യ കന്യകയാണോ എന്നറിയാൻ ആദ്യരാത്രിയുടെ പിറ്റേന്ന് പുലർച്ചെ ബെഡ്ഷീറ്റിൽ രക്തത്തുള്ളി പരിശോധിച്ച ഭർത്താവിനോട് എനിക്കിപ്പോൾ വെറും പുച്ഛമാണ് തോന്നുന്നത്..

അത്രയും പറഞ്ഞു ജാനകി ഒന്ന് കിതച്ചു..

നീ കൂടുതൽ സംസാരിക്കണം എന്നില്ല,.. അമ്മേ ഞാനീ വിവാഹബന്ധം ഒഴിയാൻ പോകുന്നു..

ഞാനത് പറഞ്ഞു അമ്മക്ക് നേരെ തിരിഞ്ഞതും അമ്മയുടെ വലതുകൈ എന്റെ കരണകുറ്റിയിൽ ആഞ്ഞു പതിച്ചതും ഒരുമിച്ചായിരുന്നു..

അപ്രതീക്ഷിതമായുള്ള അടിയുടെ ആഘാതത്തിൽ ഞാനൊന്നു തലകുടഞ്ഞു…

എന്തിനാണമ്മേ എന്നെ തല്ലുന്നത്.. . ?

നീയൊരക്ഷരം മിണ്ടരുത്, നാണമില്ലല്ലോടാ കല്യാണം കഴിഞ്ഞു പിറ്റേദിവസം ബെഡ്ഷീറ്റ് തപ്പിനോക്കി സ്വന്തം ഭാര്യയുടെ കന്യകാത്വത്തിൽ സംശയിക്കാൻ.. ?

അതെങ്ങനെയാ, ഇരുപത്തിനാല് മണിക്കൂറും മൊബൈലും നോക്കി കുത്തിയിരിക്കുവല്ലേ, അതിലെ കോപ്രായങ്ങൾ കണ്ട് നേരം വെളുപ്പിക്കുന്നത് ഞാൻ കാണുന്നില്ല എന്ന് കരുതണ്ട നീ.,

പോരാത്തതിന് ആ ജോണികുട്ടിയുടെ കൂട്ടും..
ആ എരണംകെട്ടവനെ ഈ പടിക്കകത്തു കണ്ടു പോയേക്കരുത് മേലാൽ…

ഇതുവരെ ജോണിക്കുട്ടി പഠിപ്പിച്ചു തന്നതും ഞാൻ മൊബൈലിൽ കണ്ടു സ്വയംപഠിച്ചതുമെല്ലാം തെറ്റായിരുന്നുവെന്നു അമ്മയുടെ ആ പൊന്നീച്ച പറക്കുന്ന കരണത്തടിയിൽ നിന്നും എനിക്ക് മനസ്സിലായി..

സങ്കടവും ദേഷ്യവും വിഷമവും ഒരുമിച്ചുവന്നപ്പോൾ ഒരുകൈകൊണ്ടു കരണം പൊത്തിപിടിച്ചു ഞാൻ ജാനകിയെ നോക്കി അലറി..

കേറെടി കാറിൽ…

എന്റെ അലർച്ചയിൽ ഭയന്നു ജാനകി കാറിൽ ഓടി കയറിയപ്പോൾ അമ്മയുടെ മുഖത്തേക്ക് ഞാനൊന്നു പാളി നോക്കി..

നിന്റെ വിരട്ടലൊന്നും എന്നോടുവേണ്ട എന്നൊരു ഭാവമായിരുന്നു ആ മുഖത്തു..

എല്ലാറ്റിനെയും ഞാൻ ശരിയാക്കിതരാം എന്ന് പിറുപിറുത്തുകൊണ്ട് കാർ സ്റ്റാർട്ട്‌ ചെയ്തു റോഡിലേക്ക് ഇറക്കുമ്പോൾ പിറകിൽ നിന്നും അമ്മ ജാനകിയെ കൈവീശി കാണിക്കുന്നത് കണ്ണാടിയിലൂടെ എനിക്ക് കാണാമായിരുന്നു..

പരിചിതമായ ഹൈവേയിലൂടെ കാർ പായുന്നത് കണ്ടപ്പോൾ ജാനകി അമ്പരപ്പോടെ എന്നെ നോക്കി..

ഉണ്ടക്കണ്ണുരുട്ടി നോക്കണ്ട ബാംഗ്ലൂർക്ക് തന്യാ പോണേ.. ഹണിമൂൺ ആഘോഷിക്കാൻ പറ്റിയ സ്ഥലം ബാംഗ്ലൂർ ആണെന്ന് ജോണിക്കുട്ടി പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്..

ഇല്ലാത്ത ഗൗരവം മുഖത്തു വരുത്തി ഞാനത് പറഞ്ഞപ്പോൾ ജാനകി പെട്ടെന്ന് മുന്നോട്ടാഞ്ഞു എന്റെ കവിളിൽ ആഞ്ഞൊന്നു കടിച്ചു..

അപ്രതീക്ഷിതമായ ആ ആക്രമണത്തിന്റെ നീറ്റലിൽ ഞാൻ കവിളിൽ വിരലോടിച്ചപ്പോൾ അവളെന്നെ നോക്കി പറഞ്ഞു..

ചോര പൊടിഞ്ഞത് കാണാഞ്ഞിട്ടല്ലേ ഈ കാട്ടിക്കൂട്ടിയത് മുഴുവനും, സ്വന്തം കവിളിലേക്കൊന്നു നോക്ക്, ആവശ്യത്തിന് ചോരപൊടിഞ്ഞിട്ടുണ്ട് ഇപ്പൊ..

ഇത്രേംനേരം എന്നെ വിഷമിപ്പിച്ചതിനുള്ള ശിക്ഷയായി കൂട്ടിക്കോ ഇത്..

ജാനകി അതുപറയുമ്പോൾ കവിളിലെ നീറ്റലിനിടയിലും എന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. ഒരുമാതിരി വളിച്ച ചിരി…

No comments:

Post a Comment