Friday, 3 November 2017

വര്‍ഷങ്ങളായി അറിയുന്നയാള്‍ രാത്രി ഓണ്‍ലൈന്‍ വന്നപ്പോള്‍ വളരെ മോശമായി എന്നോട് സംസാരിച്ചു...

സാധാരണ രാത്രി പത്തു മണി കഴിഞ്ഞാൽ ഓൺലൈനിൽ വരാറില്ല.
അത് ചിലപ്പോൾ ഞാൻ വളർന്ന് വന്ന അന്തരീക്ഷത്തിൽ പെണ്ണെന്ന വർഗ്ഗത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന നിയമത്തിന്റെ ഫലം കൊണ്ടായിരിക്കാം.പക്ഷേ പത്തു മണി കഴിഞ്ഞാലും ഉറക്കം വരാതെ ജനൽ തുറന്ന് പുറത്തേ നിലാവിൽ ആകാശവും പൂർണ്ണ ചന്ദ്രനെയും വിണ്ണിലെ താരകങ്ങൾ കൺചിമ്മുന്നതും നോക്കി ഉറക്കത്തിലേക്ക്‌ വഴുതി പോവാറാണ് പതിവ്.പക്ഷേ ഇന്നലെ അതിനു വിപരീതമായി ആകാശം നോക്കാൻ മനസനുവദിച്ചില്ല. എന്നു മാത്രമല്ല ഉള്ളിൽ നുരഞ്ഞു പൊന്തി വന്ന ഭയം അടക്കി വെച്ചുക്കൊണ്ടു മുഖപുസ്തകത്തിൽ മുഖവും പൂഴ്ത്തി ഇരിക്കാൻ തുടങ്ങി.


നർമ്മ സല്ലാപം നടത്താൻ ആ സമയത്ത് എന്റെ പ്രിയ കൂട്ടുകാരാരും ഇല്ലാത്തതുകൊണ്ട് ന്യൂസ്‌ ഫീഡിൽ വരുന്ന ഓരോ കഥകളും വായിച്ചു സമയം കളയുന്നതിനിടയിലാണ്‌ ഉറങ്ങാൻ സമയമായില്ലേ എന്ന് ചോദിച്ചു അവന്റെ മെസ്സേജ് കണ്ടത്.അവൻ എന്റെ പ്രിയകൂട്ടുക്കാരനാണ്.മുഖമില്ലാത്ത മുഖപുസ്തകത്തിൽ നിന്നു കിട്ടിയ ഒരു ആത്മാർത്ഥ സുഹൃത്ത്.പലപ്പോഴുംഅവൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായി എനിക്ക് തോന്നിയിരുന്നു.കാരണം ഇവിടെ പരിചയപ്പെട്ടതിൽ ഒരുവിധം എല്ലാവരും ഒന്നുകഴിഞ്ഞു രണ്ടാമത്തെ ചോദ്യം ഫോട്ടോ കാണിക്കാമോ, ശബ്ദം കേൾപ്പിക്കാമോ എന്നൊക്കെ ആയിരുന്നു.

പക്ഷേ ഇന്നേവരെ ഇതുപോലെ മോശമായോ ഒരു ചോദ്യംപോലും അവന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം.അതുക്കൊണ്ടുതന്നെ അവനുമായി മറ്റുള്ളവരെക്കാളും ബന്ധമുണ്ടായിരുന്നു.ഈ അസമയത്ത് അവനുമായി സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു. അവൻ വായിച്ചുതീർത്ത പുസ്തകങ്ങൾ. അവന്റെ കഥയിൽ അവൻ ജീവൻ കൊടുത്ത കഥാപാത്രങ്ങൾ അങ്ങനെ തുടങ്ങി ഞങ്ങൾ എഴുത്തിന്റെ മേഖലയിൽ സംസരിക്കാൻ ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്നു.

പക്ഷേ എപ്പോഴോ അവന്റെ സംസാരത്തിൽ അസ്വഭാവികത അനുഭവപ്പെടാൻ തുടങ്ങി. പിന്നെ എന്റെ തോന്നലാണന്നു കരുതി സമാധാനം കണ്ടെത്തി.
പക്ഷേ വീണ്ടും അവന്റെ സംസാരത്തിന്റെ ഗതി മാറി വരുന്നത് ഞാനറിഞ്ഞു.അതുക്കൊണ്ടുതന്നെ ഈ സംസാരം നിർത്താം, എനിക്ക് ഉറക്കം വന്നു എന്നു പറഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അവന്റെ മറുപടി കേട്ടു അന്താളിച്ചു പോയി. പേടിയുണ്ടെങ്കിൽ കൂട്ടിനു ഞാനും വരാം എന്നത് മാത്രം ആയിരുന്നെങ്കിൽ ഒരു തമാശ ആയി കരുതിയാൽ മതിയായിരുന്നു.
പക്ഷേ അതിനു കൂടെ കേട്ടാൽ അറക്കുന്ന തരത്തിൽ അശ്ലീലചുവയുള്ള വാക്കുകൾ കൂടി ചേർത്തപ്പോൾ മറുപടി കൊടുക്കാൻ വാക്കുകൾ കിട്ടാതെയായി.

എന്താഡാ ഇതൊക്കെ എന്ന ചോദ്യത്തിന് ഇതൊക്കെ അറിയാത്തവരുണ്ടോ എന്ന പരിഹാസച്ചിരി മറുപടി നൽകി അവൻ വീണ്ടും സംസാരം തുടർന്നു.എന്തങ്കിലും പറയണമെന്നുണ്ട്. പക്ഷേ ഒന്നിനും സാധിക്കുന്നില്ല. നല്ലരീതിയിൽ സംസാരിച്ചിരുന്ന അവന്റെ പെട്ടെന്നുള്ള മാറ്റം എന്നെ പിടിച്ചുകുലുക്കി. മാത്രമല്ല സുഹൃത്തു എന്നതിനപ്പുറം അവനൊരു സഹോദരന്റെ സ്ഥാനമായിരുന്നു എന്നും.
അതാണത്തിന്റെ സത്യം .ഒരുവാക്കെങ്കിലും പറഞ്ഞില്ലെങ്കിൽ അവൻ വീണ്ടും ഇതെ സംസാരം തുടരുമെന്നു മനസിലാക്കിയപ്പോൾ ഒന്നും പറയാൻ കഴിയാതെ ഞാൻ ബ്ലോക്ക് ചെയ്തു.

പക്ഷേ അങ്ങനെ അവനെ തള്ളിക്കളയാനും എനിക്കസാധ്യമായിരുന്നു.
അതുക്കൊണ്ടു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അൺബ്ലോക്ക് ചെയ്യുകയും ചെയ്തു.
ഈ സൗഹൃദം നശിപ്പിക്കരുതെന്നു അപേക്ഷിച്ചുകൊണ്ട് യാചനയോടെ അവനു മെസ്സേജ് അയച്ചപ്പോൾ ഇതൊക്കെ സാധാരണകാര്യമാണന്നും ആരും അറിയാൻ പോകില്ല എന്നും പറഞ്ഞുകൊണ്ട് അവന്റെ നഗ്ന്ന ചിത്രങ്ങൾ അയച്ചു തുടങ്ങി.

മാത്രവുമല്ല എന്നോടും സഹകരിക്കണം എന്നു പറഞ്ഞു. കൂടാതെ അവൻ എന്തൊക്കെ പറഞ്ഞാലും ഞാൻ അവനെ ഉപേക്ഷിച്ചു പോകില്ല എന്നവന് ഉറപ്പാണ് എന്നും കൂട്ടിച്ചേർത്തപ്പോൾ എന്റെ സകല നിയന്ത്രണവും വിട്ടു വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു. അവനെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യായിരുന്നു പക്ഷേ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ പൂർണ്ണമായും ഞാൻ അവന്റെ കൈപ്പടിയിൽ ആണെന്ന അവന്റെ വാദം സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

ഒരു നിഴലുപോലെ തളരുമ്പോൾ കൈത്താങ്ങായി കൂടെ നടന്നതിനും സന്തോഷം പങ്കിട്ടതിനും മുന്നോട്ടുള്ള വഴിയിൽ ഏതു തിരഞ്ഞെടുക്കണമെന്നു സംശയിച്ചപ്പോൾ നിർദേശങ്ങൾ നൽികിയതിനും എന്നും സ്നേഹവും കടപ്പാടും ഉണ്ടായിരിക്കും. എന്നു പറഞ്ഞു അവനെ ബ്ലോക്ക് ചെയ്യുമ്പോൾ നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടിരുന്നു. ഓൺലൈനിൽ വന്നാൽ കത്തിക്കാണുന്ന പച്ച വെളിച്ചം ഇല്ലായിരുന്നെങ്കിൽ എന്നു നൂറാവർത്തി ചിന്തിച്ച പോയ നിമിഷമായിരുന്നു.

ആ പച്ച വെളിച്ചം അസമയത്ത് കണ്ടാൽ പെണ്ണിന്റെ ഇൻബോക്സിൽ കടന്നുകയറാനുള്ള വെളിച്ചം ആണെന്നു അവന്റെ വാക്കുകളിൽ കൂടി എനിക്ക് പഠിപ്പിച്ചു തന്നു.ആരൊക്കെയോ ആയി കൂടെ ഉണ്ടായിരുന്നവർ ആരുമില്ലാതെ പടിയിറങ്ങുമ്പോൾ മനസ്സിൽ വരുന്നത് ശൂന്യത ആണെന്ന് തിരിച്ചറിയാൻ അധികസമയം വേണ്ടി വന്നില്ല...

No comments:

Post a Comment